Connect with us

More

ചന്ദ്രബാബു നായിഡു-രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച; പ്രതിപക്ഷ വിശാല സഖ്യം യാഥാര്‍ത്ഥ്യത്തിലേക്ക്

Published

on

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചതിരിഞ്ഞ് രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

കൂടിക്കാഴ്ച വളരെ നല്ലതായിരുന്നെന്നും, രാജ്യത്തെ ജനാധിപത്യവും, ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും കൂടികാഴ്ചക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട രാഹുല്‍ കോണ്‍ഗ്രസും, ടി.ഡി.പിയും തമ്മിലുള്ള ശത്രുത ഭൂതകാലത്തെ സംഭവമായി മാറിയതായും പറഞ്ഞു. ഇപ്പോഴത്തെ ആവശ്യം വര്‍ത്തമാനകാലത്തേയും ഭാവിയേയും സംരക്ഷിക്കലാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിക്കേണ്ടതാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ വാക്കുകളെ ശരിവെച്ച നായിഡു ഇരുപാര്‍ട്ടികളും കഴിഞ്ഞകാലം മറക്കുകയാണെന്നും ഇരു പാര്‍ട്ടികളും യോജിക്കേണ്ടത് ജനാധിപത്യ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരുമിക്കുകയാണെന്നും ഇപ്പോള്‍ ഐക്യപ്പെടുത്തുന്നത് ജനാധിപത്യപരമായ നിര്‍ബന്ധമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ നാം കഴിഞ്ഞകാലത്തെ മറക്കണമെന്നും പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നായിരിക്കണമെന്നും നായിഡു പറഞ്ഞു.


ബി.ജെ.പി സഖ്യത്തിനെതിരെ പ്രതിപക്ഷ ഐക്യ നിരയെ അണിനിരത്തുന്ന ഇടനിലക്കാരനായി നായിഡു പ്രവര്‍ത്തിക്കുമെന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് രാഹുലുമായി കൂടിക്കാഴ്ച നടത്തും മുമ്പ് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിക്കേണ്ടത് ആവശ്യമാണെന്നും കൂടിക്കാഴ്ചക്കു ശേഷം നേതാക്കള്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവി ഭാസുരമാക്കുന്നതിനു വേണ്ടി പദ്ധതി തയാറാക്കുന്നതിനായാണ് ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നായിഡു പറഞ്ഞു.

ദീര്‍ഘകാലം ശത്രുക്കളായിരുന്ന കോണ്‍ഗ്രസും ടി.ഡി.പിയും തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായാണ് മത്സരിക്കുന്നത്. തെലങ്കാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ഇരു പാര്‍ട്ടികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ വരുന്നുവെന്നതിന്റെ സൂചന കഴിഞ്ഞ ദിവസം ടി.ഡി.പി നല്‍കിയിരുന്നു. ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് നായിഡു ഡല്‍ഹിയിലെത്തുന്നത്. പ്രതിപക്ഷ മഹാസഖ്യം രൂപപ്പെടുത്തുന്നതിനായി അടുത്ത ഏതാനും മാസം ആഴ്ചയില്‍ ഒരു തവണയെങ്കിലും നായിഡു ഡല്‍ഹിയിലെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ശനിയാഴ്ച നായിഡു മായാവതി, അരവിന്ദ് കെജ് രിവാള്‍, ശരത് യാദവ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 1995ലും 98ലും കോണ്‍ഗ്രസ് ഇതര വിശാല പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനറായിരുന്നു നായിഡു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യം വിട്ട നായിഡു പിന്നീട് പ്രധാനമന്ത്രി മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങണമെന്നാണ് നായിഡുവിന്റെ നിര്‍ദേശം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിനോടും അദ്ദേഹത്തിന് എതിര്‍പ്പില്ല. അതേസമയം കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന മായാവതി അടക്കമുള്ളവരെ എങ്ങനെ സഖ്യത്തിനൊപ്പം നിര്‍ത്തുമെന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.

kerala

മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പോലെ ഇത്രയും ജോലി ഭാരമില്ല: വി.ഡി സതീശന്‍

Published

on

തിരുവനനന്തപുരം: മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താരതമ്യപ്പെടുത്തരുത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് ഇത്രയും ജോലി ഭാരമില്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ന്യായമല്ലെന്ന നിലപാട് ശരിയല്ല. ന്യായമായ ആവശ്യം ഉന്നയിച്ചുള്ള സമരത്തിനൊപ്പമാണ് പ്രതിപക്ഷം.

ആശ പ്രവര്‍ത്തകരുടെ സമരം പരിഹരിക്കണമെന്ന പോസിറ്റീവായ അഭ്യര്‍ത്ഥനയാണ് മുന്നോട്ടു വച്ചത്. എന്നാല്‍ സമരത്തെ മന്ത്രി പൂര്‍ണമായും തള്ളിപ്പറയുകയാണ് ചെയ്തതെത്. മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താതമ്യപ്പെടുത്തരുത്. ട്രേഡ് യൂനിയനുകള്‍ സമരത്തിനൊപ്പം ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്.

ഈ സമരം നടത്തുന്നത് മറ്റൊരു ട്രേഡ് യൂനിയനാണ്. ഐ.എന്‍.ടി.യു.സി ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്ലാ ജില്ലകളിലും സമരം നടത്തിയിട്ടുണ്ട്. ഇതേ ട്രേഡ് യൂനിയന്‍ നേതാവ് തന്നെയാണ് 11 വര്‍ഷം മുന്‍പ് ഇതേ സഭയില്‍ വന്ന് സംസ്ഥാനത്തിന്റെ ഓണറേറിയം പതിനായിരം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടത്.

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തുന്നതിന് സ്പീക്കര്‍ കൂട്ടു നില്‍ക്കുകയാണ്. രണ്ടു മിനിട്ട് ഈ വിഷയം നിയമസഭയില്‍ മെന്‍ഷന്‍ ചെയ്യാന്‍ പോലും അവസരമില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. 99 പേര്‍ ബഹളമുണ്ടാക്കി ഞങ്ങളുടെ ശബ്ദം നിലപ്പിക്കാമെന്നാണോ? 15 മിനിട്ട് മന്ത്രി പറഞ്ഞത് ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നില്ലേ?

സമരം തുടങ്ങിയപ്പോള്‍ മുതല്‍ അതിനെ പരിഹസിക്കുകയും അവരെ പുച്ഛത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന സമീപനവുമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ പാര്‍ലമെന്ററി കാര്യ മന്ത്രിയും ഇന്ന് അതേ സമീപനമാണ് തുടര്‍ന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന് സര്‍ക്കാര്‍ ന്യായമായ പരിഹാരം ഉണ്ടാക്കണം. എന്നാല്‍ വീണ്ടും സമരത്തെ പരിഹസിക്കാനും സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനും സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെടുന്നതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

Continue Reading

crime

യുപിയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കോളേജ് പ്രൊഫസര്‍ പിടിയില്‍

രീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജനീഷ് കൈക്കൂലി വാങ്ങിയിരുന്നു

Published

on

ലഖ്‌നൗ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത ഉത്തര്‍പ്രദേശിലെ കോളേജ് പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന 59 വീഡിയോകളാണ് ഇയാളുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയത്. ഈ വീഡിയോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചത്.

ഹാത്രാസിലെ സേത്ത് ഫൂല്‍ ചന്ദ് ബഗ്ല പിജി കോളേജിലെ ജോഗ്രഫി പ്രൊഫസറായ രജനീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനാരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. എത്ര വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന് തനിക്ക് അറിയില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രമാണ് പീഡനം വീഡിയോയിലാക്കി സൂക്ഷിക്കാന്‍ തുടങ്ങിയതെന്നും അതിനുമുമ്പും വിദ്യാര്‍ത്ഥിനികളെ താന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

കൂടാതെ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജനീഷ് കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിദ്യാര്‍ത്ഥികളെ ഇയാള്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Continue Reading

india

വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്രം

വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല

Published

on

കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേന്ദ്രം അനുവദിച്ച പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന വ്യവസ്ഥ.

ഫണ്ട് വിനിയോഗിക്കാന്‍ മാര്‍ച്ച് 31 എന്ന തീയതി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് സമയം നീട്ടിയതായി കേന്ദ്രം അറിയിച്ചത്.

പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴാണ് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്നു ചോദിച്ച കോടതി, നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോയെന്നും കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്ന് കോടതി ചോദിച്ചു. കൃത്യമായ ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുത്. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച പരി​ഗണിക്കാനായി മാറ്റുകയും ചെയ്തു.

Continue Reading

Trending