Connect with us

Sports

ഈ സ്വിസ് ബ്രാന്‍ഡ് വിജയത്തില്‍ ബ്രസീലിനാണ് നെഞ്ചിടിക്കുന്നത്‌

Published

on

മുഹമ്മദ് ഷാഫി

സെര്‍ബിയ 1 – സ്വിറ്റ്‌സര്‍ലാന്റ് 2

ഈ ലോകകപ്പ് ഏറെക്കുറെ എല്ലാം കണ്ടുകഴിഞ്ഞിരുന്നു – ടീം ഗോളുകള്‍, സോളോ ഗോളുകള്‍, ലോങ് റേഞ്ചറുകള്‍, പെനാല്‍ട്ടി ഗോള്‍, ഫ്രീകിക്ക് ഗോള്‍, പെനാല്‍ട്ടി സേവ്, പെനാല്‍ട്ടി മിസ്സ്, മഞ്ഞക്കാര്‍ഡ്, ചുവപ്പു കാര്‍ഡ്, വമ്പന്മാരുടെ വീഴ്ച, അട്ടിമറി, ബസ് പാര്‍ക്കിങ് പ്രതിരോധം, അതിനെ അതിജയിച്ചുകൊണ്ടുള്ള സ്‌കോറിങ്, ടാക്ടിക്കല്‍ അത്ഭുതങ്ങള്‍, ടാക്ടിക്കല്‍ അബദ്ധങ്ങള്‍… അങ്ങനെ ഏറെക്കുറെ എല്ലാം. ഇന്നലെ രാത്രി അതുംകൂടി സംഭവിച്ചു – ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം പൊരുതിക്കയറിയുള്ള ഒരു ടീമിന്റെ വിജയം. അഞ്ചാം മിനുട്ടില്‍ മിത്രോവിച്ചിലൂടെ സെര്‍ബിയ നേടിയ ഒരു സാധാരണ ഹെഡ്ഡര്‍ ഗോളിന് രണ്ടാംപകുതിയിലെ രണ്ട് കിടിലന്‍ ഗോളുകളുമായി സ്വിറ്റ്‌സര്‍ലാന്റ് മറുപടി നല്‍കിയതോടെ ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കിട്ടണമെങ്കില്‍ ബുധനാഴ്ച നട്ടപ്പാതിര വരെ കാത്തിരിക്കണമെന്ന സ്ഥിതിയായി.

ഡ്യൂട്ടിയും മൂസസാഹിത്യവും കഴിഞ്ഞ് ഞാന്‍ കളികാണാനിരിക്കുമ്പോഴേക്ക് സെര്‍ബിയക്കാര്‍ ഒരു ഗോളടിച്ചു കഴിഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റിന്റെ സ്വഭാവം വെച്ച് അതോടെ കളി തീരുമാനമാവേണ്ടതാണ്. പക്ഷേ, മറുവശത്ത് സ്വിറ്റ്‌സര്‍ലാന്റ് ആയതുകൊണ്ടും അവര്‍ അത്യാവശ്യം നന്നായി കളിക്കുന്നതു കൊണ്ടും പ്രതീക്ഷ കൈവിട്ടില്ല. ഉറക്കത്തിലേക്ക് വഴുതിയും ഞെട്ടിയുണര്‍ന്നുമൊക്കെയായി കണ്ട മത്സരത്തിനൊടുവില്‍ ആഗ്രഹിച്ച റിസള്‍ട്ട് തന്നെ ലഭിച്ചു.

4-2-3-1 ശൈലിയില്‍ കളിച്ച സ്വിറ്റ്‌സര്‍ലന്റിനായിരുന്നു മത്സരത്തില്‍ ആധിപത്യം. തുടക്കത്തില്‍ തന്നെ ഗോളടിച്ചതോടെ സെര്‍ബിയ തങ്ങള്‍ക്കറിയാവുന്ന പണി വൃത്തിക്ക് ചെയ്യാന്‍ തീരുമാനിച്ചതായി തോന്നി. നന്നായി പ്രതിരോധിക്കുക, എതിര്‍ഹാഫ് തുറന്നുകിട്ടുമ്പോള്‍ ആക്രമിക്കുക എന്നതായിരുന്നു സെര്‍ബ് രീതി. ടോസിച്ച്, മിലങ്കോവിച്ച്, മാറ്റിച്ച്, മിലിവോജെവിച്ച് ചത്വരം ഡിഫന്‍സ് നയിച്ചപ്പോള്‍ ഒരുവശത്ത് കോളറോവും മറുവശത്ത് ഇവാനോവിച്ചും പ്രതിരോധത്തിനൊപ്പം മധ്യ-മുന്‍ നിരകളെയും സഹായിച്ചു.

സ്വിസ് കോച്ച് പെറ്റ്‌കോവിച്ചിന്റെ വജ്രായുധം ഷെര്‍ദാന്‍ ഷഖീരി ആയിരുന്നു. അയാള്‍ കരുത്തരും പരിചയ സമ്പന്നരുമായ സ്വിസ് ഡിഫന്റര്‍മാരെ സമാധാനത്തോടെ നില്‍ക്കാന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഗ്രനിത് ഷാക്കയും ബെഹ്‌റാമിയും ഷഖീരിയുമെല്ലാം നിറഞ്ഞുനിന്നപ്പോള്‍ മധ്യനിരയിലെ ആധിപത്യം സ്വിസ്സുകാര്‍ക്കായി. സ്വന്തം പകുതി സംരക്ഷിക്കുക എന്നതിനാണ് സെര്‍ബിയക്കാര്‍ പ്രാധാന്യം നല്‍കിയത്.

വലതുവിങ്ങിലായിരുന്നു സ്ഥാനമെങ്കിലും ഇന്നലെ കളിക്കളത്തില്‍ എവിടെ നോക്കിയാലും ഷഖീരിയെ കാണാമായിരുന്നു. ഡീപ് മിഡ്ഫീല്‍ഡ് മുതല്‍ ബോക്‌സ് വരെ അയാളുടെ കുറിയ കാലുകള്‍ വല്ലാത്ത ശല്യമാണുണ്ടാക്കിയത്. ഒപ്പമുള്ളവരെ കളിപ്പിക്കാന്‍ മാത്രമല്ല, തഞ്ചംകിട്ടിയാല്‍ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യാനും അയാള്‍മടിച്ചില്ല. സ്വിറ്റ്‌സര്‍ലാന്റിന്റെ ആദ്യഗോളും വന്നതങ്ങനെയാണ്. ഇടതുവിങില്‍ നിന്ന് ഗോള്‍ഏരിയ മുറിച്ചുകടന്നുവന്ന ഷഖീരിയുടെ പ്ലേസിങ് ഡിഫന്റര്‍ തടഞ്ഞു. എന്നാല്‍ ഡീപ്പില്‍ നിന്ന് ഓടിക്കയറി വന്ന ഗ്രാനിത് ഷാക്ക തൊടുത്ത ഷോട്ട് വളഞ്ഞ് പോസ്റ്റില്‍ കയറി. വര്‍ഷങ്ങളുടെ പരിചയമുള്ള ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ നിലത്തുവീഴ്ത്തിയതില്‍ നിന്നുതന്നെ അറിയാം, ഷാക്കയുടെ അടിക്ക് എത്രമാത്രം ഭാരമുണ്ടായിരുന്നു എന്ന്. ഇവാനോവിച്ചിന്റെ മറ അവസാന നിമിഷമേ നീങ്ങിയുള്ളൂ എന്നതിനാല്‍ ഗോള്‍കീപ്പര്‍ക്ക് ഒന്ന് ഡൈവ് ചെയ്യാന്‍പോലും സമയം കിട്ടിയില്ല.

അവസാനഘട്ടത്തില്‍ എല്ലാംമറന്ന് ആക്രമിക്കാന്‍ തുനിഞ്ഞ സെര്‍ബിയ സ്വയം കുളംതോണ്ടുകയാണുണ്ടായത്. സ്വിസ് ബോക്‌സില്‍ സെര്‍ബിയക്ക് നഷ്ടമായ പന്ത് എതിര്‍ഹാഫില്‍ ഷഖീരിയുടെ കാലില്‍കിട്ടുമ്പോള്‍ ഒരു ഡിഫന്ററേ അയാള്‍ക്കൊപ്പമുണ്ടായിരുന്നുള്ളൂ. അയാള്‍തന്നെ ഷഖീരിയേക്കാള്‍ ഒരുമീറ്റര്‍ പിന്നിലായിരുന്നു. ചടുലമായ ഫുട്ട്‌വര്‍ക്ക് കൊണ്ട് അതുവരെ കളംനിറഞ്ഞ ഷഖീരിക്കാകട്ടെ അതില്‍പ്പരം സുവര്‍ണാവസരം കിട്ടാനുണ്ടായിരുന്നില്ല. പന്തിനെയും പിന്നാലെ തന്നെ മാര്‍ക്ക് ചെയ്ത ഡിഫന്ററെയും വഹിച്ച് ഇടതുബോക്‌സില്‍ കയറിയ ഷഖീരി, സെര്‍ബിയന്‍ കീപ്പറെ മുന്നോട്ടു വിളിച്ചുവരുത്തി. പ്രതിഭകൊണ്ടു മാത്രം കഴിയുന്ന വിധത്തില്‍ കീപ്പര്‍ക്കും ഡിഫന്റര്‍ക്കുമിടയിലൂടെ ശാന്തമായി പന്ത് വലയിലേക്ക് ഉരുട്ടിവിട്ടു. റഫറിയോടും മഞ്ഞക്കാര്‍ഡിനോടും കളിയുടെ മാന്യതയോടുമൊക്കെ പോകാന്‍ പറ; 90-ാം മിനുട്ടില്‍ അടിക്കുന്ന അത്തരമൊരു ഗോള്‍ കുപ്പായമൂരാതെ എങ്ങനെയാണ് ആഘോഷിക്കുക!

ജെമയ്‌ലി ക്ലോസ് റേഞ്ചില്‍ നിന്ന് തുലച്ച സുവര്‍ണാവസരവും ക്രോസ്ബാറില്‍ തട്ടി മടങ്ങിയ ഷഖീരിയുടെ കേര്‍ളിങ് ഷോട്ടും ബോക്‌സിലുണ്ടാക്കിയ അങ്കലാപ്പുമെല്ലാം മത്സരത്തിലെ സ്വിസ് മേധാവിത്വത്തിന്റെ തെളിവായിരുന്നു. പ്രതിരോധത്തില്‍ കരുത്തരായ എതിരാളികളെ സ്വന്തം ഹാഫിലേക്ക് വിളിച്ചുവരുത്തി ക്ഷണവേഗത്തില്‍ പ്രത്യാക്രമണം നടത്തുകയെന്ന തന്ത്രമാണ് സ്വിസ്സുകാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആ കെണിയില്‍ സെര്‍ബിയ വീണതാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത്.

ഈ ഗ്രൂപ്പില്‍ ഇനിയാണ് ആവേശം പതിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്റ്, സെര്‍ബിയ ടീമുകള്‍ക്കു മു്ന്നില്‍ രണ്ടാം റൗണ്ടില്‍ കയറാനുള്ള സാധ്യതയുണ്ട്. നാല് പോയിന്റോടെ ഗോള്‍വ്യത്യാസത്തില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്താണെങ്കിലും അടുത്ത കളി അവര്‍ക്ക് സെര്‍ബിയയുമായാണ്. ജയത്തില്‍കുറഞ്ഞ ഒന്നും സെര്‍ബിയക്ക് ഗുണകരമാവില്ല എന്നതിനാല്‍ ബ്രസീല്‍ യഥാര്‍ത്ഥ പരീക്ഷണം നേരിടാന്‍ പോവുകയാണ്. അതേസമയം, ബ്രസീലിനും സ്വിസ്സുകാര്‍ക്കും സമനില മതി. സമനിലക്കു വേണ്ടി കളിക്കുക എന്നത് ടിറ്റേയുടെ ആവനാഴിയിലുള്ള അമ്പല്ലാത്തതിനാല്‍ നല്ലൊരു ആക്രമണ – പ്രത്യാക്രമണ മത്സരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

Cricket

മഴ കാരണം ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കി; ആദ്യ ടി-20യില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

Published

on

കനത്ത മഴയും ഇടിമിന്നലും മൂലം ഒരു പകലിന്റെ മുഴുവൻ നഷ്ടപ്പെട്ടതോടെ ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ ആദ്യ ട്വന്റി 20യിൽ ആസ്ട്രേലിയക്ക് ജയം. പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത ഏഴ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 64 റൺസിലവസാനിച്ചു. 20 റൺസെടുത്ത അബ്ബാസ് അഫ്രീദിയാണ് പാക് നിരയിലെ ടോപ് സ്കോറർ.

ഹസീബുള്ള ഖാൻ (12), ഷഹീൻ ഷാ അഫ്രീദി (11) തുടങ്ങിയവർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപണർ സാഹിബ്സാദാ ഫർഹാൻ എട്ടു റൺസിന് പുറത്തായപ്പോൾ നായകൻ മുഹമ്മദ് റിസ്വാൻ പൂജ്യത്തിന് മടങ്ങി. സൂപ്പർ ബാറ്റർ ബാബർ അസം 3ഉം ഉസ്മാൻ ഖാൻ, സൽമാൻ ആഗ എന്നിവർ നാല് വീതം റൺസെടുത്ത് പുറത്തായി. സേവിയർ ബർത്തലെറ്റ്, നതാൻ ഇല്ലിസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഗ്ലെൻ മാക്സ്വവെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഒസീസിനെ മികച്ച സ്കോറിലെത്തിച്ചത്. 19 പന്തിൽ 43 റൺസെടുത്ത മാക്സ്വെല്ലാണ് ടോപ് സ്കോറർ. 21 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും പത്ത് റൺസെടുത്ത ടിം ഡേവിഡുമാണ് രണ്ടക്കം പിന്നിട്ട മറ്റു ബാറ്റർമാർ.

സ്വന്തം തട്ടകത്തിൽ പാകിസ്താനോട് എകദിന പരമ്പര 2-1 ന് നഷ്ടമായ ശേഷമാണ് ആസ്ട്രേലിയ ട്വന്റി 20 പരമ്പരക്ക് ഇറങ്ങിയത്.

Continue Reading

Badminton

ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി

ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. 

Published

on

ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ കിട്ടാതെ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.

പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ്എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

എന്നാല്‍ യാത്രയെ സംബന്ധിച്ച് താരങ്ങളും രക്ഷിതാക്കളുമടക്കം കായിക വിഭാഗത്തേയും വിദ്യാഭ്യാസ വകുപ്പിനേയും ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറാകുന്നില്ലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരങ്ങള്‍ ഇപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ തുടരുകയാണ്.

Continue Reading

Cricket

തിലക് വര്‍മയ്ക്ക് സെഞ്ച്വറി നേട്ടം

51 പന്തില്‍ നിന്നുമാണ് തിലക് സെഞ്ച്വറി സ്വന്തമാക്കിയത്.

Published

on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ശക്തമായ നിലയില്‍. നിശ്ചിത 20 ഓവറില്‍ ഇന്ത്യ 219 റണ്‍സ് എടുത്ത് കൂട്ടി. തിലക് വര്‍മയ്ക്ക് സെഞ്ച്വറി നേട്ടം കൈവരിക്കാനായി. 51 പന്തില്‍ നിന്നുമാണ് തിലക് സെഞ്ച്വറി സ്വന്തമാക്കിയത്. 107 റണ്‍സുമായി പുറത്താവത്തെ നിന്ന തിലാണ് ഇന്ത്യയെ 200 കടത്തി മികച്ച ടോട്ടലിലേക്ക് എത്തിച്ചത്.

ഓപ്പണര്‍ അഭിഷേക് ശര്‍മ 25 പന്തില്‍ 50 റണ്‍സ് സ്വന്തമാക്കി. അതേസമയം സഞ്ജു സാംസണ്‍ വീണ്ടും ഡക്ക്. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിന് വിനയായത്. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായത് അരാധകരെ അമ്പരപ്പെടുത്തി. ടി20 ക്രിക്കറ്റിലെ ആദ്യ പത്ത് ടീമുകളിലെ താരങ്ങളില്‍ 2024ല്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തവുന്ന ആദ്യ ബാറ്ററാണ് സഞ്ജു.

മൂന്നാം ടി20യിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അടച്ചു. പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ന് നടക്കുന്ന മൂന്നാം പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.

Continue Reading

Trending