Connect with us

kerala

പിണറായിക്കാലത്ത് വയനാടിന് നഷ്ടമായത് ആറ് സ്വപ്‌നപദ്ധതികൾ

അഞ്ച് വർഷത്തിനിടെ ഏഴ് തവണ മാത്രം ജില്ലയിലെത്തിയ മുഖ്യമന്ത്രിയുടെ നിസംഗത, സർക്കാരും തുടർന്നു

Published

on

അഞ്ച് വർഷത്തോടടുക്കുന്ന പിണറായി സർക്കാർ ഭരണകാലത്ത് പിന്നാക്ക ജില്ലയായ വയനാടിന് നഷ്ടമായത് പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ആറ് സ്വപ്‌നപദ്ധതികൾ. ആരോഗ്യരംഗത്ത് പരിമതികളുടെ ഒത്ത നടുക്ക് കഴിയുന്ന വയനാടിന് വലിയ ആശ്വാസമാവുമായിരുന്ന സർക്കാർ മെഡിക്കൽ കോളജ്, യു.ഡി.എഫ് സർക്കാർ 68 കോടി അനുവദിച്ച വയനാട് സർക്കാർ മെഡിക്കൽ കോളജ്, വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആർ) അനുമതി ലഭിച്ചിട്ടും അനുവദിച്ച തുകപോലും നൽകാതെ ഉപേക്ഷിച്ച നഞ്ചൻകോഡ് വയനാട് നിലമ്പൂർ റെയിൽപാത, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗ്ലെൻലെവൽ എസ്‌റ്റേറ്റിലെ 75 ഏക്കർ സ്ഥലത്ത് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉപകേന്ദ്രം, യു.ഡി.എഫ് സർക്കാർ ജില്ലക്ക് അനുവദിച്ച മക്കിമല മുനീശ്വരൻ കുന്നിലെ എൻ.സി.സി അക്കാദമി, റെയിൽ, വ്യോമ, ജല ഗതാഗതസംവിധാനങ്ങളില്ലാത്ത വയനാടിന് ഏറെ സഹായകരമാവുമായിരുന്ന ചുരം ബദൽ റോഡുകൾ എന്നിവയെല്ലാം പൂർണ്ണമായോ, പാതിയിലോ ഉപേക്ഷിക്കുകയായിരുന്നു ഇടതുസർക്കാർ.
അധികാരമേറ്റെടുത്തതിന് ശേഷം ഏഴ് തവണ മാത്രം(അതിലൊന്ന് എൽ.ഡി.എഫ് തെരഞ്ഞെടെപ്പ് പ്രചാരണത്തിനും) ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തിയ അവഗണന അതേപോലെ തുടരുകയായിരുന്നു ഇടതുസർക്കാരിലെ മറ്റ് മന്ത്രിമാരും. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വയനാടിന് ലഭിക്കാതെ പോയ സ്വപ്‌നപദ്ധതികൾ ഇവയാണ്.

സർക്കാർ മെഡിക്കൽ കോളജ്
അഞ്ചുവർഷം അധികാരത്തിലിരുന്നിട്ടും പതിറ്റാണ്ടുകളായുള്ള വയനാട് സർക്കാർ മെഡിക്കൽ കോളജെന്ന സ്വപ്‌നത്തിനായി പ്രഖ്യാപനങ്ങൾ മാത്രം ബാക്കിയാക്കിയാണ് ഇടതു സർക്കാർ അധികാരമൊഴിയാൻ പോവുന്നത്. ശിലയിട്ട്, നിർമ്മാണം തുടങ്ങിയ മടക്കിമലയിലെ മെഡിക്കൽ കോളജ് ഉപേക്ഷിച്ചും, ചുണ്ടേലിൽ സ്ഥലമേറ്റെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ കബളപ്പിച്ചും ഏറ്റവുമൊടുവിൽ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നുവെന്നും പറഞ്ഞും വയനാടൻ ജനതയെ ചതിക്കുകയായിരുന്നു ഇടതു സർക്കാർ. ഏറ്റവുമൊടുവിൽ എവിടെ തുടങ്ങുമെന്നോ എന്ന് പ്രവൃത്തി ആരംഭിക്കുമെന്നോ പറയാത്ത മെഡിക്കൽ കോളജിനായി 300 കോടിയും കൂടുതൽ സ്‌പെഷ്യൽ സർവ്വീസുകളും ബജറ്റിൽ പ്രഖ്യാപിച്ച് തടിതപ്പുകയും ചെയ്തു. കൽപ്പറ്റ എം എൽ എയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മെഡിക്കൽ കോളജിന്റെ പൂർത്തീകരണം. എന്നാൽ ഒന്നും യാഥാർത്ഥ്യമായില്ല. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മാത്രം ഒരു ജില്ലയുടെ ചിരകാല സ്വപ്‌നമായിരുന്ന വയനാട് സർക്കാർ മെഡിക്കൽ കോളജിനെ എൽ.ഡി.എഫ് അവഗണിക്കുമ്പോൾ പിടഞ്ഞു തീരുന്നത് നൂറുകണക്കിന് നിസ്സഹായരായ മനുഷ്യജീവനുകളാണ്.

ശ്രീചിത്തിര ഉപകേന്ദ്രം
ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉപകേന്ദ്രം വയനാട്ടിൽ തുടങ്ങാൻ താൽപര്യമില്ലെന്ന് ഇടതുസർക്കാർ ഇതിനകം അറിയിച്ചുകഴിഞ്ഞു. ഇതോടെ ഇൻസ്റ്റിറ്റ്യൂട്ടിനായി കണ്ടെത്തിയ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗ്ലെൻലെവൽ എസ്‌റ്റേറ്റിലെ 75 ഏക്കർ സ്ഥലം തരിശിടാൻ സാധ്യതയേറി. 2010ലാണ് വയനാടിന് ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സെന്റർ അനുവദിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 19 കോടിയുടെ ഹെഡ്ഓഫ് അക്കൗണ്ടും അനുവദിച്ചു. തുടർന്ന് 2016 ഫെബ്രുവരി 18ന് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് ഉത്തരവിറക്കുകയും ചെയ്തിരുന്നു. തുടർന്ന് എൽ.ഡി.എഫ് അധികാരത്തിൽവന്നതോടെ തുടർനടപടികൾ നിലക്കുകയായിരുന്നു.

നഞ്ചൻകോഡ് വയനാട് നിലമ്പൂർ റെയിൽപാത
വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആർ) അനുമതി ലഭിച്ച പാതയായിട്ടും അനുവദിച്ച തുകപോലും നൽകാതെ പിണറായി സർക്കാർ നടത്തിയ വഞ്ചനയിൽ ജില്ലയുടെ സ്വപ്‌നപദ്ധതിയായ നഞ്ചൻകോഡ് വയനാട് നിലമ്പൂർ റെയിൽപാതയുടെ പ്രതീക്ഷകൾ അസ്തമിച്ചുകഴിഞ്ഞു. തുരങ്കപാത നിർമ്മിച്ച് വനനശീകരണം ഇല്ലാതെ പാത നിർമ്മിക്കാമെന്ന് ഡി എം ആർ സി റിപ്പോർട്ട് നൽകിയിട്ടും കേരളത്തിൽ വാളയാർ വനത്തിലൂടെയും, ഇന്ത്യയിലെ തന്നെ ഗീർ, കാസീരംഗ വന്യമൃഗ സങ്കേതങ്ങളിൽ കൂടിയും റെയിൽവെ ലൈൻ കടന്നു പോകുന്നുണ്ടായിട്ടും ഇവയെല്ലാം വിസ്മരിച്ചാണ് സംസ്ഥാന സർക്കാർ വയനാടിന്റെ സ്വപ്‌നപദ്ധതി അട്ടിമറിക്കുന്നത്. 100 വർഷത്തിലധികം നീണ്ടുനിന്ന നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളേയും സമരങ്ങളേയും തുടർന്നാണ് 2016 ഫെബ്രുവരി 25 ലെ റെയിൽവേ ബഡ്ജറ്റിൽ നഞ്ചൻഗോഡ്-സുൽത്താൻ ബത്തേരി-നിലമ്പൂർ റയിൽപാതക്ക് അനുമതി ലഭിക്കുന്നതും നിർമ്മാണം തുടങ്ങാനായി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുന്നതും. ഈ പാത നിർമ്മിക്കാൻ കേന്ദ്രവും കേരളവും തമ്മിൽ സംയുക്ത കരാർ ഒപ്പിട്ടതിനെത്തുടർന്ന് 6-5-2016 ന് കേന്ദ്ര സർക്കാർ 30 സംയുക്ത സംരഭ പദ്ധതികളിൽ ഉൾപ്പെടുത്തി 3000 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിച്ചു. 24-6-2016 ന് പാതയുടെ ഡി.പി.ആറും അന്തിമ സ്ഥലനിർണ്ണയ സർവ്വേയും നടത്താനായി കേരള സർക്കാർ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. 10-8-2016 ന് റയിൽവേ ബോർഡ് ഈ നടപടികൾക്ക് അംഗീകാരം നൽകി. 9-1-2017 ന് ഇ.ശ്രീധരൻ കൽപ്പറ്റയിൽ എത്തി ജനപ്രതിനിധികളുടെ കൺവൻഷൻ വിളിച്ചുചേർത്ത് പാതയുടെ നിർമ്മാണം സംബന്ധിച്ച വിശദീകരണം നൽകി. 5 വർഷം കൊണ്ട് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാത പൂർത്തിയാക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. കൊച്ചി മെട്രോ മാതൃകയിൽ പാതക്ക് ഫണ്ട് കണ്ടെത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വയനാട് എം.പിയും എം.എൽ.എമാരുമടങ്ങിയ കോർഡിനേഷൻ കമ്മറ്റിയും രൂപീകരിച്ചു. തുടർന്ന് 6-2-2017ന് മന്ത്രി ജി.സുധാകരൻ കൽപ്പറ്റ ടൗൺഹാളിൽ ജനകീയ കൺവൻഷൻ വിളിച്ചുചേർത്ത് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു.
ടി.പി.ആർ തയ്യാറാക്കാൻ ഡി.എം.ആർ.സിക്ക് നൽകേണ്ട 8 കോടി രൂപയിൽ 2 കോടി രൂപ ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുകൊണ്ട് 11-2-2017 ന് കേരള സർക്കാർ ഉത്തരവുമിറക്കി. എന്നാൽ അന്ന് രാവിലെ 11 മണിക്കിറങ്ങിയ ഉത്തരവ് ഉന്നതങ്ങളിലെ നിർദ്ദേശത്തെത്തുടർന്ന് 3 മണിയോടെ മരവിപ്പിച്ചു നിർത്തി. ഇതോടെ റെയിൽപാതയെന്ന സ്വപ്‌നം അട്ടിമറിക്കുകയായിരുന്നു പിണറായി സർക്കാർ.

മക്കിമല എൻ.സി.സി അക്കാദമി
യു.ഡി.എഫ് സർക്കാർ ജില്ലക്ക് അനുവദിച്ച മക്കിമലയിലെ എൻ.സി.സി അക്കാദമിയും ഇടതു സർക്കാർ അട്ടിമറിച്ചതും ജില്ലാ പിറവി ദിനത്തിൽ വയനാടിന് നഷ്ടമാണ്. അക്കാദമിക്കെതിരെ വൻകിട റിസോർട്ട് ലോബി നടത്തുന്ന നീക്കത്തിനെതിരെ അനങ്ങാപ്പാറ നയം തുടരുകയാണ് സർക്കാർ. അക്കാദമിക്കെതിരെ ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന നീക്കങ്ങളിൽ ഇടതുഘടകക്ഷികൾ പോലും അതൃപ്തി അറിയിച്ചിട്ടും ഇടപെടാൻ സർക്കാർ തയ്യാറായില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മക്കിമല മുനീശ്വരൻ കുന്നിൽ അക്കാദമി സ്ഥാപിക്കാൻ തീരുമാനിച്ചത്. 3000 ഓളം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പരിശീലനം നൽകാൻ സൗകര്യമുണ്ടാകുമായിരുന്ന അക്കാദമി റിസോർട്ട് മാഫിയക്ക് തീറെഴുതാനായിരുന്നു ഇടതുസർക്കാർ നീക്കം.

ദേശീയപാത 766ലെ യാത്രാവിലക്ക്
ദേശീയ പാതയിലെ പൂർണ്ണയാത്രാനിരോധനം എന്ന അപകടത്തിലേക്ക് കാര്യങ്ങളെത്തിച്ചതിൽ ഇടതു സർക്കാർ നിലപാടുകൾ വലിയ പങ്കുവഹിച്ചെന്നതാണ് യാഥാർത്ഥ്യം. 2009ൽ യാത്രാനിരോധനവുമായി കർണാടക ഹൈക്കോടതിയിൽ കേസെത്തിയത് മുതൽ ഇടതുസർക്കാർ സ്വീകരിച്ചത് വയനാടിനെ അപമാനിക്കുന്ന നിലപാടുകളായിരുന്നു. വി.എസ് അച്യുതാന്ദൻ മുഖ്യമന്ത്രിയായിരുന്ന അന്നത്തെ ഇടതുസർക്കാർ ബദൽറോഡെന്ന വാദം കോടതിയിൽ അംഗീകരിക്കുകയായിരുന്നു. ബദൽറോഡിലെ അറ്റകുറ്റപ്പണികൾ തീർക്കണമെന്ന് മാത്രമായിരുന്നു അന്ന് കോടതിയിൽ ഹാജരായ സർക്കാർ അഭിഭാഷകന്റെ നിലപാട്. 2018 ജനുവരിയിൽ കേസ് സുപ്രീംകോടതിയിലെത്തി. ദേശീയ പാത 766 അടച്ചുപൂട്ടണമെന്നുള്ള നിഗമനങ്ങൾക്ക് സുപ്രീംകോടതി എത്താൻ സഹായകമാവും വിധം കോടതി നിയോഗിച്ച വിദഗ്ധസമിതിക്ക് മുമ്പാകെ കുട്ട-ഗോണിക്കുപ്പ റോഡ് ബദൽറോഡായി അംഗീകരിച്ച റിപ്പോർട്ട് നൽകിയതും പിണറായി വിജയൻ മുഖ്യമന്ത്രിയായ ഇടതുസർക്കാരായിരുന്നു. യാത്രാനിരോധനത്തിന് പകരമായി ബദൽറോഡ് നാലുവരിപ്പാതയാക്കണമെന്നും തലശ്ശേരി മൈസുരു റെയിൽപാതക്ക് അനുമതി നൽകണമെന്നുമായിരുന്നു സംസ്ഥാന ട്രാൻസ്‌പോർട്ട് സെക്രട്ടറി ജ്യോതിലാൽ റിപ്പോർട്ട് നൽകിയത്. യാത്രാനിരോധനം 6 മണി മുതൽ 6 വരെയാക്കണമെന്നായിരുന്ന പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുടെ നിലപാട്. ഈ നിലപാടുകളാണ് ഫലത്തിൽ യാത്രാവിലക്ക് കേസിൽ വയനാടിന് ഏറെ പ്രതീകൂലമായത്. വിമർശനങ്ങളെത്തുടർന്ന് തിരുത്തൽ കത്ത് നൽകിയെങ്കിലും മുൻനിലപാട് തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറായതുമില്ല. ഇതോടെ നേരത്തേയുള്ള നിലപാട് കർണാടക സർക്കാർ കടുപ്പിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾക്കൊടുവിൽ ജില്ലക്കനുകൂലമായി സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയെങ്കിലും വൈകിപ്പോയിരുന്നു.

ചുരംബദൽ പാതകൾ
വയനാട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കുന്നതിലും സർക്കാർ നിസ്സംഗത തുടരുകയാണ്. ഇതിനകം ബദൽ റോഡ് സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാഴ്‌വാക്കുകളായിക്കഴിഞ്ഞു. ചുരത്തിനു ബദലായി അഞ്ചുപാതകളുടെ നിർദേശമാണ് നേരത്തേ ഉയർന്നിരുത്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരൽമല-പോത്തുകല്ല്-നിലമ്പൂർ എന്നിങ്ങനെയായിരുന്നു നിർദേശങ്ങൾ. 2011ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ രണ്ട് ബദൽപ്പാതകളാണ് പ്രഖ്യാപിച്ചത്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ പാതയാണ് ഇതിലൊന്ന്. മറ്റൊന്ന് ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി റോഡും. നിർമാണത്തിന് രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തുകകൂടി ചെയ്തതോടെ പാതകളിൽ ഒന്നെങ്കിലും യാഥാർഥ്യമാകുമെന്ന് ജനം കരുതിയിരുന്നു. ഇതിനു പിന്നാലെ ജില്ലയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡിനു അനുമതിയായെന്നും പ്രവൃത്തി വൈകാതെ തുടങ്ങുമെന്നും പറഞ്ഞിരുന്നു. പക്ഷേ, വനഭൂമിയിലൂടെ റോഡ് നിർമിക്കുന്നതിനു ആവശ്യമായ അനുമതി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിൽ നിന്നു നേടിയെടുക്കാൻ കഴിഞ്ഞില്ല. ആനക്കാംപൊയിൽ-കള്ളാടി റോഡിന്റെ കാര്യത്തിലെന്നപോലെ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് പ്രവൃത്തി സാധ്യമാക്കാൻ വനത്തിലൂടെയുള്ള നിർമാണത്തിനു കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭ്യമാക്കാൻ ഒരിടപെടലും സർക്കാർ നടത്തുന്നുമില്ല.
വയനാടിനെ കോഴിക്കോട് ജില്ലയുമായി എളുപ്പം ബന്ധിപ്പിക്കുന്നതാണ് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്. 23 കിലോമീറ്റർ വരുന്ന ഈ റോഡിൽ 8.94 കിലോമീറ്റർ വനമാണ്. 51.31 കോടി രൂപയാണ് കണക്കാക്കിയിരുന്ന നിർമാണച്ചെലവ്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് കാൽ നൂറ്റാണ്ടായി ചർച്ചാവിഷയമാണ്. 16.79 കിലോമീറ്റർ വനത്തിലൂടെ കടന്നുപോകേണ്ട ഈ പാതയുടെ പ്രവൃത്തി ഉദ്ഘാടനവും വർഷങ്ങൾ മുമ്പ് നടത്തിയിരുന്നു. മേപ്പാടി-മുണ്ടക്കൈ-നിലമ്പൂർ റോഡും പ്രഖ്യാപനം മാത്രമായി അവശേഷിക്കുകയാണ്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതക്ക് 2016-17ലെ സംസ്ഥാന ബജറ്റിൽ 20 കോടി രൂപ അനുവദിച്ചിരുന്നു. ആനക്കാംപൊയിലിൽ നിന്നു കള്ളാടി വഴി 16 കിലോമീറ്ററാണ് മേപ്പാടിയിലേക്ക് ദൂരം. ഇതിൽ അഞ്ചര കിലോമീറ്ററിൽ തുരങ്കം നിർമിച്ചാൽ ബദൽ റോഡ് യാഥാർഥ്യമാകും. എന്നാൽ ജില്ലയുടെ ബദൽ പാത സ്വപ്‌നങ്ങൾ സാധ്യമാക്കാൻ ആവശ്യമായ നടപടികൾ ഇതുവരെ കാര്യക്ഷമമായിട്ടില്ല. തുരങ്ക പാതയെന്ന പ്രഖ്യാപനം കേന്ദ്രത്തിൽ നിന്നുള്ള പാരിസ്ഥിതിക അനുമതിക്ക് അപേക്ഷ പോലും നൽകാതെയായിരുന്നു പിണറായി സർക്കാർ നടത്തിയതും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

kerala

സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു

Published

on

പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.

Continue Reading

crime

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്

Published

on

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Continue Reading

Trending