X
    Categories: keralaNews

വയനാട്ടില്‍ ഇടതുകോട്ടകള്‍ തകര്‍ന്നടിഞ്ഞു

കല്‍പറ്റ: വയനാട്ടിലെ ഇടതു സ്വാധീനമേഖലകള്‍ കടപുഴക്കി യുഡിഎഫിന് തകര്‍പ്പന്‍ ജയം. കാലങ്ങളായി എല്‍ഡിഎഫ് ഭരിക്കുന്ന നിരവധി പഞ്ചായത്തുകളാണ് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്. ആകെയുള്ള 23 ഗ്രാമപഞ്ചായത്തുകളില്‍ 16ലും യുഡിഎഫ് മികച്ച വിജയം നേടി. ഇടതുഭരണം നിലനിന്നിരുന്ന മാനന്തവാടി മുന്‍സിപ്പാലിറ്റിക്കൊപ്പം നിലവില്‍ ഭരിച്ചിരുന്ന കല്‍പ്പറ്റയും എല്‍ഡിഎഫിന് നഷ്ടമായി. പുതുതായി 10 പഞ്ചായത്തുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഏത് തരംഗത്തിലും ഇളകാത്ത കോട്ടകളെന്ന് എല്‍ഡിഎഫ് വിശേഷിപ്പിക്കുന്ന മീനങ്ങാടി, നെന്‍മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളെല്ലാം ഇത്തവണ അവരെ കൈവിട്ടു.

ഇത് കൂടാതെ കോട്ടത്തറ, മേപ്പാടി, പുല്‍പ്പള്ളി, മുട്ടില്‍, പനമരം, പൂതാടി, തവിഞ്ഞാല്‍, തരിയോട് തുടങ്ങിയ പഞ്ചായത്തുകളെല്ലാം ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തവയാണ്. കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ ഇത്തവണ യുഡിഎഫിന് സാധിച്ചു. ഇടതു മേല്‍ക്കൈ നിലനിന്നിരുന്ന പല ഗ്രാമപഞ്ചായത്തുകളും ഇത്തവണ ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്നു.

എല്‍ഡിഎഫ് ഭരിച്ചിരുന്ന മേപ്പാടിയില്‍ ഭൂരിഭാഗം സീറ്റുകളും പിടിച്ചെടുത്തുകൊണ്ട് വന്‍ വിജയമാണ് യുഡിഎഫ് നേടിയത്. പൂതാടി ഗ്രാമപഞ്ചായത്തില്‍ 11 സീറ്റുകള്‍ നേടിയപ്പോള്‍ അവിടെ ബിജെപിയുടെ ഒരു സിറ്റിങ് സീറ്റും യുഡിഎഫ് പിടിച്ചെടുത്തു. 2015-ലെ തെരഞ്ഞെടുപ്പിനെക്കാള്‍ നിരവധി സീറ്റുകള്‍ പിടിച്ചെടുത്തുകൊണ്ടാണ് ഇത്തവണ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിലവില്‍ എല്‍ഡിഎഫ് ഭരിച്ചിരുന്ന മൂന്ന് മുന്‍സിപ്പാലിറ്റികളില്‍ കല്‍പ്പറ്റയും മാനന്തവാടിയും യുഡിഎഫ് പിടിച്ചെടുത്തു. എല്‍ജെഡി എല്‍ഡിഎഫിനൊപ്പം പോയപ്പോള്‍ ഭരണം നഷ്ടപ്പെട്ട കല്‍പറ്റ മുന്‍സിപ്പാലിറ്റി 15 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ മാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്.

ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടിടത്താണ് യുഡിഎഫ് ഉജ്ജ്വല വിജയം നേടിയത്. പനമരം, കല്‍പ്പറ്റ ബ്ലോക്കുകളിലാണ് യുഡിഎഫ് വന്‍മുന്നേറ്റം നടത്തിയത്. ജില്ലാപഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. തവിഞ്ഞാല്‍, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, കണിയാമ്പറ്റ, ചീരാല്‍, തോമാട്ടുചാല്‍, മുട്ടില്‍, പടിഞ്ഞാറത്തറ എന്നീ എട്ട് ഡിവിഷനുകളിലാണ് യുഡിഎഫ് വിജയിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: