ന്യൂഡല്‍ഹി: കേരളത്തിലെ വാട്‌സ്ആപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. വി.മുരളീധരന്‍ എം.പി വിഷയം രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിന് പുറമെ കേംബ്രിഡ്ജ് അനലറ്റിക്ക ഡേറ്റ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിഷയവും സി.ബി.ഐ അന്വേഷിക്കുമെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു.
അതേസമയം ദളിതുകളുടെ അക്രമം തടയുന്ന നിയമം ദുര്‍ബലപ്പെടുത്തിയ ജസ്റ്റിസ് ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി സഭയില്‍ ആവശ്യപ്പെട്ടു. ഗോയലിന്റെ നിയമനത്തിനെതിരെ ദളിത് സംഘടനകള്‍ ഓഗസ്റ്റ് ഒമ്പതിന് ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.