Connect with us

More

കശ്മീര്‍ ആഭ്യന്തരകാര്യം; പാകിസ്ഥാനുമായി ചര്‍ച്ചക്ക് തയാറെന്നും ഇന്ത്യ

Published

on

വാഷിങ്ടണ്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ഭരണഘടയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. കശ്മീര്‍ സംബന്ധിച്ച് യു.എന്‍ രക്ഷാസമിതിയുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടച്ചിട്ട മുറിയില്‍ നടന്ന രക്ഷാസമിതി യോഗത്തിന് ശേഷം പാകിസ്താനും ചൈനയും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യപ്രകാരമാണ് യോഗം നടന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി കണ്ടു. എന്നാല്‍ പ്രത്യേക രീതിയിലും പരിഗണനയോടെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് രക്ഷാസമിതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഭീകരവാദം അമര്‍ച്ച ചെയ്യുന്നതില്‍ അവര്‍ ഇരട്ടത്താപ്പ് കാണിക്കുന്നു. കശ്മീരില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തിയതില്‍ സത്യങ്ങള്‍ മറച്ചുവെച്ച് ചിലര്‍ പ്രകടിപ്പിക്കുന്ന പരിഭ്രമം അനാവശ്യമാണ്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഏറെ അകലെയാണ് അവരുടെ ഈ പരിഭ്രമം.
പാകിസ്താന്‍ ഭരണകൂടം ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുകയാണെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചക്ക് ഇന്ത്യ ഒരുക്കമാണ്. കശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം ഇന്ത്യ പടിപടിയായി നീക്കും. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ ഒപ്പുവെച്ചിട്ടുള്ള കരാറുകളെല്ലാം അംഗീകരിക്കാന്‍ തയാറാണെന്നും അക്ബറുദ്ദീന്‍ വ്യക്തമാക്കി. ഒരു രാജ്യം ഇന്ത്യയില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണച്ചത് ചൈന മാത്രമാണ്. കശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ രക്ഷാസമിതി അഭിനന്ദിച്ചതാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതും മറ്റേതെങ്കിലും രാജ്യവുമായുള്ള പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതാണ്. കശ്മീര്‍ വിഷയത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

india

പശ്ചിമബംഗാളിലെ ഈ നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം; എതിര്‍പ്പുമായി ബിജെപി

പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്

Published

on

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്‍ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.

സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.

’’ ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.

Continue Reading

crime

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു

Published

on

തൃശൂർ: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണം, പിന്തുണ’; തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍

Published

on

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.

അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു.

തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വാകുപ്പായതിനാലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്‍വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending