അബുദാബി: എന്താണ് ഡേവിഡ് വാര്‍ണര്‍ക്ക് സംഭവിച്ചത്…? ആര്‍ക്കും ഒരു ഉത്തരവുമില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ വേദികളില്‍ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ വാര്‍ണര്‍ പുറത്തിരുന്ന കാഴ്ച്ച ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്നതായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കിടിലന്‍ ഓപ്പണറായിരുന്നു ഓസ്‌ട്രേലിയക്കാരന്‍. പക്ഷേ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരങ്ങളില്ലെല്ലാം അദ്ദേഹം കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു. ഇന്നിപ്പോള്‍ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാര്‍ ദക്ഷിണാഫ്രിക്കയെ എതിരിടുമ്പോള്‍ വാര്‍ണര്‍ ടീമില്‍ തന്നെയുണ്ടാവുമോ എന്ന ചോദ്യവും ഉയരുന്നു. ഐ.പി.എല്ലിന് ശേഷം നടന്ന സന്നാഹ മല്‍സരങ്ങളിലും വാര്‍ണര്‍ നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ ഓസീസ് ക്യാമ്പില്‍ ടെന്‍ഷനുണ്ട്. വാര്‍ണര്‍ നല്ല തുടക്കം നല്‍കിയാല്‍ വലിയ സ്‌ക്കോറിലെത്താന്‍ ടീമിന് പ്രയാസമില്ല. പക്ഷേ ഇന്നത്തെ മല്‍സരത്തിന്റെ ആകെ ചിത്രമെടുക്കുമ്പോള്‍ സമീപകാല ഫോമില്‍ ദക്ഷിണാഫ്രിക്കക്കാണ് മുന്‍ത്തൂക്കം. അവസാന പത്ത് മല്‍സരങ്ങളില്‍ ഒമ്പതിലും കരുത്തരായി നിന്നു ബവുമയുടെ ടീം. രസമുള്ള ഒരു സത്യം ഈ രണ്ട് പ്രബലര്‍ക്കുമിടയിലുണ്ട്. ഇത് വരെ ഒരു തവണ പോലും ടി-20 ലോകകപ്പില്‍ തൊടാന്‍ രണ്ട് പേര്‍ക്കുമായിട്ടില്ല.
ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും അവസാനമായി ടി-20 യില്‍ കളിച്ചത് 2020 ലാണ്. ആ പരമ്പര ഓസീസാണ് സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണറും നായകന്‍ ആരോണ്‍ ഫിഞ്ചും തമ്മിലുള്ള ഒന്നാ വിക്കറ്റ് സഖ്യം നല്‍കിയ തുടക്കമായിരുന്നു ആ പരമ്പരയില്‍ ഓസീസിന് കരുത്തായത്. ഇപ്പോള്‍ വാര്‍ണര്‍ മോശം ഫോമില്‍ നില്‍ക്കുമ്പോല്‍ ഓസീസ് കടന്നാക്രമണം തടയാന്‍ കഴിയുമെന്നാണ് ദക്ഷിണാഫ്രിക്ക കരുതുന്നത്. നിലവിലെ ടി-20 റാങ്കിംഗ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള ബൗളര്‍ ടബരസ് ഷംസിയാണ്. ഈ സ്പിന്നര്‍ തന്നെയായിരിക്കും ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ വജ്രായുധം. 2021 ല്‍ ഇതിനകം 28 വിക്കറ്റുകളാണ് ഷംസി സ്വന്തമാക്കിയിരിക്കുന്നത്. ഈ ലോകകപ്പില്‍ നാല് വിക്കറ്റുകള്‍ കൂടി സ്വന്തമാക്കാനയാല്‍ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കരസ്ഥമാക്കുന്ന ടി-20 ബൗളര്‍ എന്ന വലിയ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തും. ഓസീസ് ബാറ്റിംഗ് ലൈനപ്പില്‍ മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍ക്കസ് സ്റ്റോനിസ് എന്നിവരെല്ലാമുണ്ട്. അതിനാല്‍ വലിയ സ്‌ക്കോര്‍ എന്നത് വെല്ലുവിളിയൊന്നുമല്ല. പക്ഷേ നല്ല തുടക്കം കിട്ടണം. ബൗളിംഗില്‍ ഓസീസ് കരുത്ത് അനുഭവ സമ്പന്നരായ ജോഷ് ഹേസില്‍വുഡ്, ആദം സാംപ, ആഷ്ടണ്‍ ആഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയവരാണ്.
ദക്ഷിണാഫ്രിക്കന്‍ സംഘത്തിന്റെ ശക്തി ഓള്‍റൗണ്ട് മികവ് തന്നെ. നായകന്‍ ടോംപ ബവൂമയും അനുഭവ സമ്പന്നനായ ക്വിന്റണ്‍ ഡി കോക്കുമായിരിക്കും ഇന്നിംഗ്‌സ്് തുടങ്ങുക. ഡി കോക്ക് അപാര മികവുള്ള ഓപ്പണറാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനായി നന്നായി ഇന്നിംഗ്‌സ് തുടങ്ങുന്ന താരം. നേരത്തെ ടീമിന്റെ നായകനായിരുന്നതിനാല്‍ അനുഭവ സമ്പത്തും ധാരാളം. ഓസീസ് ബൗളര്‍മാരെ എതിരിടാന്‍ മധ്യനിരയില്‍ ഐദന്‍ മാര്‍ക്ക്‌റാം, റാസി വാന്‍ഡര്‍ഡൂസന്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവരെല്ലാമുണ്ട്. മില്ലര്‍ കൂറ്റനടിക്കാരനാണ്. ഫോമിലെത്തിയാല്‍ എളുപ്പത്തില്‍ റണ്‍സ് നേടാന്‍ കഴിയുന്ന താരം. കാഗിസോ റബാദയാണ് ബൗളിംഗിലെ കുന്തമുന. റബാദയിലെ അനുഭവസമ്പന്നന്‍ പുതിയ പന്തിലും പഴകിയ പന്തിലും ശക്തനാണ്. നാല് ഓവറുകളാണ് ഒരു ബൗളര്‍ക്കുള്ളത്. ഇതില്‍ തുടക്കത്തില്‍ രണ്ട് ഓവറുകളും അവസാനത്തില്‍ രണ്ട് ഓവറുകളും. ഈ നാല് ഓവറുകളും ഉപയോഗപ്പെടുത്തുന്ന താരമാണ് റബാദ. മുഖ്യ സ്പിന്നര്‍ ഷംസിയാണ്. പിന്നെ കേശവ് മഹാരാജും. ആന്റിച്ച് നോര്ത്‌ജെ, ലുന്‍ഗി എന്‍ഗിടി എന്നിവരുമുണ്ട്.
ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍ക്കസ് സ്റ്റോനിസ്, മാത്യു വെയിഡെ, ആഷ്ടണ്‍ ആഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസില്‍വുഡ്
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ടെംബ ബവുമ (ക്യാപ്റ്റന്‍) ഐദന്‍ മാര്‍ക്ക്‌റാം, റാസി വാന്‍ഡര്‍ ഡൂസന്‍, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍, വിലാന്‍ മുള്‍ദര്‍, കാഗിസോ റബാദ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ത്‌ജെ, ടബരസ് ഷംസി.
ഗെയില്‍ രാജാവ് ഇംഗ്ലീഷ് വീര്യത്തിനെതിരെ
കിരണ്‍ പൊലര്‍ഡ് എന്ന അടിപൊളി നായകന്‍. ഇയാന്‍ മോര്‍ഗന്‍ എന്ന അനുഭവ സമ്പന്നനായ നായകന്‍. ടി-20 ലോകകപ്പിലെ രണ്ടാം മല്‍സരം ഇന്ന് ദുബൈയില്‍ നടക്കുമ്പോല്‍ നായക തന്ത്രങ്ങള്‍ തന്നെ പ്രധാനം. രാത്രി പോരാട്ടത്തില്‍ പരസ്പരം വരുന്നവരുടെ പിന്നണി നോക്കിയാല്‍ എല്ലാവരും കിടിലന്‍ താരങ്ങള്‍. ഇംഗ്ലീഷ് സംഘത്തില്‍ തനിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ പ്രാപ്തരായ നിരവധി പേര്‍. ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ജോസ് ബട്‌ലര്‍ തുടങ്ങിയവര്‍. ഇതേ കരുത്തുളളവര്‍ കരിബീയന്‍ സംഘത്തിലും നിരവധി. നായകന്‍ പൊലാര്‍ഡിനെ കൂടാതെ വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍, ആന്ദ്രെ റസല്‍, ഓള്‍റൗണ്ടര്‍ ഡ്വിന്‍ ബ്രാവോ, ക്രിസ് ഗെയില്‍ തുടങ്ങിയവര്‍. വിന്‍ഡീസ് നിലവിലെ ചാമ്പ്യന്മാരാണ്. ടീമിന്റെ ആകര്‍ഷണം 42 കാരന്‍ സീനിയര്‍ തന്നെ. പ്രായം വക വെക്കാതെ, പതിവ് ശൈലിയില്‍ കരുത്തനായി കളിക്കുന്ന ഗെയിലിനിത് അവസാന ലോകകപ്പാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ മിന്നിയ പൊലാര്‍ഡിന് നായക ഭാരത്തിലും സ്വതസിദ്ധമായ ഫോമില്‍ കളിക്കാനാവും. നിക്കോളാസ് പുരാന്‍, ഹെത്തിമര്‍ എന്നിവരും വലിയ സ്‌ക്കോര്‍ നേടാന്‍ മിടുക്കരാണ്. ഇംഗ്ലീഷ് നിരയിലോ- ജോസ് ബട്‌ലര്‍, ജാസോണ്‍ റോയി, മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ എന്നിവരെല്ലാമുണ്ട്. രണ്ട് നിരയിലെ ഏതെങ്കിലുമൊരാള്‍ പൊട്ടിത്തെറിച്ചാല്‍ വലിയ സ്‌ക്കോര്‍ പിറക്കാന്‍ സാധ്യതയുണ്ട്. ബൗളിംഗ് നിരയും ശക്തമാണ്. വിന്‍ഡീസ് ബൗളിംഗ് നിരയില്‍ ഹെയ്ഡന്‍ വാല്‍ഷ്, ഒഷേന്‍ തോമസ്, രവി രാംപാല്‍, ആന്ദ്രെ റസല്‍ എന്നിവരുളളപ്പോള്‍ ആദില്‍ റഷീദിലെ സ്പിന്നറെ കൂടാതെ ഡേവിഡ് വില്ലി, ക്രിസ് വോഗ്‌സ്, മാര്‍ക് വുഡ്, മോയിന്‍ അലി എന്നിവരെല്ലാം കരുത്തരാണ്.
വിന്‍ഡീസ്: കിരണ്‍ പൊലാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍, ഡ്വിന്‍ ബ്രാവോ, റോസ്റ്റണ്‍ ചേസ്, ആന്ദ്രെ ഫ്‌ളെച്ചര്‍, ക്രിസ് ഗെയില്‍, ഷിംറോണ്‍ ഹെത്തിമര്‍, ആഖേല്‍ ഹുസൈന്‍, ഇവാന്‍ ലൂയിസ്, ഉബൈദ് മക്കോയി, രവി രാംപാല്‍, ആന്ദ്രെ റസല്‍, ലിന്‍ഡല്‍ സിമണ്‍സ്, ഒഷേന്‍ തോമസ്, ഹെയ്ഡന്‍ വാല്‍ഷ്.
ഇംഗ്ലണ്ട്: ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിംഗ്‌സ്, ജോസ് ബട്‌ലര്‍, ടോം കറന്‍, ക്രിസ് ജോര്‍ദ്ദാന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ഡേവിഡ് മലാന്‍, ടൈമല്‍ മില്‍സ്, ആദില്‍ റഷീദ്, ജാസോണ്‍ റോയ്, ഡേവിഡ് വില്ലി, ക്രിസ് വോഗ്‌സ്, മാര്‍ക്ക് വുഡ്.