Connect with us

Video Stories

വിമാനയാത്ര പ്രയാസപ്പെടുത്തുന്നോ; സുഖകരമാക്കാന്‍ ഇതാ ചില അറിവുകള്‍

Published

on

ടി.പി.എം ആഷിറലി

നമ്മുടെ രാജ്യം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമ ഗതാഗത മാര്‍ക്കറ്റാണ്. നാലു വര്‍ഷം മുമ്പ് 11 കോടി ആളുകള്‍ വിമാന യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 2017ല്‍ 20 കോടി ജനങ്ങള്‍ വിമാനയാത്ര നടത്തി. 20 കോടിയില്‍ നിന്ന് 100 കോടി ആയി യാത്രക്കാരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ക്ക് ശേഷം വലിയ കുതിച്ചു ചാട്ടം തന്നെയാണ് വേ്യാമ ഗതാഗത മേഖല കാഴ്ചവെച്ചത്. തൊണ്ണൂറുകളില്‍ വരെ വിമാനയാത്ര നടത്തുന്നവരെ പണക്കാരുടെ ഗണത്തിലാണ് സര്‍ക്കാര്‍ പോലും പരിഗണിച്ചിരുന്നത്. തൊഴിലിനും തീര്‍ത്ഥയാത്രക്കുമല്ലാതെ വിദേശത്തേക്ക് വിമാന യാത്ര ചെയ്തിരുന്നവര്‍ തീര്‍ച്ചയായും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന നിയമം ഉണ്ടായിരുന്നു. അതേസമയം ഇന്ന് സ്ലിപ്പര്‍ ചെരുപ്പ് ധരിച്ചും വിമാന യാത്ര ലഭ്യമാക്കുകയെന്നത് സര്‍ക്കാര്‍ നയമായി മാറി. ഈ രംഗത്ത് യാത്രക്കാര്‍ക്ക് വളരെ അനുകൂലവും അല്‍പം പ്രയാസമുള്ളവയുമായ നിയമങ്ങള്‍ നിലവില്‍ വരികയും നടപ്പാക്കാന്‍ പോകുകയും ചെയ്യുന്നു. അവ യാത്ര സുഖകരമാക്കുന്നതും അവകാശ സംരക്ഷണത്തിനു ഉതകുന്നതും ഒപ്പം ഉത്തരവാദിത്തം ഓര്‍മ്മപെടുത്തുന്നവയുമാണ്.

നഷ്ടപരിഹാര നിയമങ്ങള്‍
1. ഓവര്‍ ബുക്കിങ് മൂലം സീറ്റ് നിഷേധം: വിമാനത്തിലെ സീറ്റുകളിലേക്കാളേറെ ബുക്കിങ് സ്വീകരിച്ചതു കാരണം സീറ്റ് ലഭിക്കാത്ത യാത്രക്കാരന് ഒരു മണിക്കൂറിനകം മറ്റൊരു വിമാനത്തില്‍ സീറ്റ് തരപ്പെടുത്തി നല്‍കണം. അല്ലാത്ത പക്ഷം താഴെ കാണും വിധം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
* യാത്ര മുടങ്ങിയ യാത്രക്കാരന് പകരം വിമാനം ഏര്‍പ്പെടുത്തുന്നത് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണെങ്കില്‍ വണ്‍വെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റയും ഇന്ധന ചാര്‍ജ്ജിന്റെയും 200 ശതമാനമോ പതിനായിരം രൂപയോ (ഇതില്‍ ഏതാണോ കുറവ്) യാത്രക്കാരന് നഷ്ടപരിഹാര തുകയായി ലഭിക്കും.
*പകരം വിമാനത്തില്‍ സീറ്റ് തരപ്പെടുത്തുന്നത് 24 മണിക്കൂറിലധികം സമയമെടുത്താല്‍ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെയും ഇന്ധന ചാര്‍ജ്ജിന്റെയും 400 ശതമാനമോ 20,000 രൂപയോ (ഇതില്‍ ഏതാണോ കുറവ് അതും) നഷ്ടപരിഹാരമായി ലഭിക്കും.
* യാത്രക്കാരന്‍ പകരം ഏര്‍പ്പാട് ചെയ്യുന്ന വിമാനം ഓപ്റ്റ് ചെയ്യുന്നില്ലെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ മുഴുവന്‍ തുകയും കൂടാതെ അടിസ്ഥാന നിരക്കിനും ഇന്ധന ചാര്‍ജിന്റെയും 400 ശതമാനമോ പരമാവധി 20,000 രൂപയോ ഏതാണോ കുറവ് അതും നഷ്ടപരിഹാരമായി ലഭിക്കും.

2) വിമാനം റദ്ദാക്കല്‍: വിമാനം റദ്ദാക്കുകയാണെങ്കില്‍ ആ വിവരം യാത്രക്കാരനെ രണ്ടാഴ്ച മുമ്പ് തന്നെ അറിയിക്കുകയും പകരം വിമാനം ഏര്‍പ്പെടുത്തി നല്‍കുകയും വേണം. യാത്രക്കാരന് പകരം വിമാനം സ്വീകാര്യമല്ലെങ്കില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണം. വിമാനം റദ്ദാക്കുന്ന വിവരം രണ്ടാഴ്ചയില്‍ കുറവും ഇരുപത്തിനാല് മണിക്കൂര്‍ വരെയുള്ള സമയവുമാണെങ്കില്‍, വിമാനം പുറപ്പെടാന്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത സമയം കഴിഞ്ഞ് രണ്ട് മണിക്കൂറിനകം മറ്റൊരു വിമാനം തരപ്പെടുത്തി നല്‍കണം. അല്ലെങ്കില്‍ താഴെ വിവരിക്കും പ്രകാരം നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
* മേല്‍ വിവരിച്ച സമയത്തിന് ശേഷമുള്ള ഒരു മണിക്കൂറിനുള്ളില്‍ വിമാനം ഏര്‍പ്പെടുത്തുന്നതെങ്കില്‍, 5,000 രൂപയോ വണ്‍വെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കും ഇന്ധന നിരക്കും ചേര്‍ന്ന തുകയോ ഏതാണോ കുറവ് അത് നഷ്ടപരിഹാരമായി ലഭിക്കും. * ഒരു മണിക്കൂറിന് ശേഷവും രണ്ടു മണിക്കൂറിനുള്ളിലുമാണെങ്കില്‍ നഷ്ട പരിഹാര തുക 7,500 വരെയാവും. * രണ്ടു മണിക്കൂറില്‍ കൂടിയാല്‍ പരമാവധി നഷ്ട പരിഹാര തുക പതിനായിരം രൂപ വരെയായിരിക്കും.
2017 ല്‍ ഇന്ത്യയില്‍ ഓവര്‍ ബുക്കിങ് മൂലം സീറ്റ് നിഷേധ കേസുകള്‍ 2,539 ഉം 13, 117 കേന്‍സലേഷന്‍ മൂലവും ഒരു ലക്ഷത്തിലധികം ആളുകള്‍ രണ്ടു മണിക്കൂറിലധികം താമസം നേരിട്ടതിനാലും പ്രയാസമനുഭവിച്ചരായും കണക്കാക്കുന്നു. എന്നാല്‍ മേല്‍ വിവരിച്ച പ്രകാരമുള്ള നഷ്ട പരിഹാരമായി മൂന്നു കോടിയിലധികം തുക നഷ്ടപരിഹാരമായി ലഭിക്കുകയുമുണ്ടായി. എയര്‍ ലൈന്‍ കമ്പനിയുടെ കഴിവിനതീതമായ രാഷ്ട്രീയ അസ്ഥിരത, ആഭ്യന്തര യുദ്ധം, പ്രളയം, സമരങ്ങള്‍, സുരക്ഷാ ഭീഷണി, കാലാവസ്ഥ വ്യതിയാനം, എയര്‍ ട്രാഫിക് നിയന്ത്രണം എന്നിവ കാരണം വിമാന കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെന്ന് തെളിയിക്കേണ്ട ബാധ്യത കമ്പനികള്‍ക്കുണ്ട്. യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ നിര്‍ദ്ദേശിക്കുന്ന സമയ പരിധിക്കുള്ളില്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടപരിഹാര സാധ്യത ഇല്ലാതായേക്കാം. മേല്‍ വിവരിച്ച വ്യവസ്ഥകള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കായി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപ്പാക്കുന്നവയാണ്. വിദേശ എയര്‍ലൈനുകള്‍ക്ക് അവരുടെ രാജ്യ നിയമങ്ങളോ ഇന്ത്യന്‍ നിയമമോ അവരുടെ ഇഷ്ടാനുസരണം തെരെഞ്ഞെടുക്കാം.

3) ബാഗേജ് നഷ്ടപ്പെടല്‍, നേരം വൈകല്‍, കേടുപാടുകള്‍ സംഭവിക്കല്‍: ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ യാത്ര ചെയ്ത എയര്‍ലൈന്‍സില്‍ നിന്ന് എയര്‍പോര്‍ട്ട് വിടുംമുമ്പ് പ്രോപ്പര്‍ട്ടി ഇറെഗുലാറിറ്റി റിപ്പോര്‍ട്ട് (ജഹഞ) ഫോറം വാങ്ങി തങ്ങളുടെ ക്ലെമുകള്‍ തയ്യാറാക്കി നല്‍കണം. 21 ദിവസത്തിനകം കാണാതായ ബാഗേജ് കണ്ടെത്തിയില്ലെങ്കില്‍ നഷ്ടപ്പെട്ടതായി കണക്കാക്കി ബാഗേജ് തൂക്കത്തിനനുസരിച്ച് നഷ്ട പരിഹാരം നല്‍കേണ്ടതാണ്. ഇന്ത്യയിലെ എയര്‍പോര്‍ട്ട് ചുമതലയുള്ള സി.ഐ.എസ്.എഫ് സൈറ്റില്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് എന്ന സെക്ഷനില്‍ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടിലെയും തിരിച്ചുകിട്ടിയ സാധനങ്ങളുടെ പൂര്‍ണ്ണ വിവരം ലഭ്യമാണ്. ഇതില്‍ പരാതി നല്‍കിയതും ഇല്ലാത്തതും ലഭ്യമാണ്. ഓരോ എയര്‍പോര്‍ട്ടിലും ഇങ്ങിനെ ലഭിച്ചതും എന്നാല്‍ ഉടമസ്ഥര്‍ വരാത്തതുമായ വിലപിടിപ്പുള്ള ധാരാളം സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് നിത്യ കാഴ്ചയാണ്. വളരെ നിസ്സാരമായ ഈ മാര്‍ഗം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.

4) അക്കമഡേഷനും ഭക്ഷണവും
വിമാനം പുറപ്പെടുന്നതിന് താമസം നേരിടുന്ന പക്ഷം യാത്രക്കാരന് ഭക്ഷണത്തിനും താമസത്തിനും അര്‍ഹതയുണ്ടാവും. രണ്ടര മണിക്കൂര്‍ സമയ യാത്രാ ദൈര്‍ഘ്യമാണെങ്കില്‍ രണ്ടു മണിക്കൂറിലധികം നേരം വൈകുകയാണെങ്കിലും, രണ്ടര മുതല്‍ അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യ യാത്രക്ക് മൂന്ന് മണിക്കൂര്‍ നേരം വൈകുകയാണെങ്കിലും അഞ്ചു മണിക്കൂറിലധികം യാത്ര ഉണ്ടെങ്കില്‍ നാല് മണിക്കൂര്‍ നേരം വൈകുമെങ്കിലും ഭക്ഷണം ലഭ്യമാക്കണം. ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ വിമാനം പുറപ്പെടുന്നതിന് നേരം വൈകിയാല്‍ ഹോട്ടല്‍ അക്കമഡേഷനും ലഭ്യമാക്കണം. എന്നാല്‍ എയര്‍ലൈന്‍ കമ്പനിയുടെ നിയന്ത്രണത്തിനതീതമായ മേല്‍ വിവരിച്ച കാരണങ്ങളാല്‍ നേരം വൈകിയാല്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ എയര്‍ലൈന്‍ ബാധ്യസ്ഥരല്ല.
2016 നവമ്പറില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ കീഴില്‍ തുടക്കം കുറിച്ച എയര്‍ സേവാ ആപ്പ്, യാത്രക്കാരുടെ പരാതി പരിഹാരത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എയര്‍ ലൈന്‍, എയര്‍ പോര്‍ട്ട്, സെക്യൂരിറ്റി, ഇമിേേഗ്രഷന്‍, കസ്റ്റംസ്, ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ എന്നിവയെല്ലാം ഈ നെറ്റ്‌വര്‍ക്കില്‍ വരും. ഇതു പ്രകാരം ടിക്കറ്റിങ്, ടിക്കറ്റ് ഫെയര്‍ / റീഫണ്ടിങ്, ഭക്ഷണം, മെയ്ന്റനന്‍സ്, ചെക്ക് ഇന്‍ ബോര്‍ഡിങ് വൃത്തി, സ്റ്റാഫ് പെരുമാറ്റം, വിമാനം വൈകല്‍, ബാഗേജ് നഷ്ടം തുടങ്ങിയ എല്ലാ പരാതികളും സമര്‍പ്പിക്കാം. ഈ സൈറ്റിലൂടെ ലഭിച്ച പരാതികള്‍ മുകളില്‍ വിവരിച്ച ഏത് വകുപ്പില്‍ പെട്ടതാണോ അതാതിടത്തേക്ക് പരിഹാരത്തിനായി അയക്കുകയും പരിഹാരം കാണുകയും ചെയ്യും. ഇതെല്ലാം മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുമാണ് നടക്കുന്നതാണ് ഏറെ ശ്രദ്ധേയം. ഒരു പരാതി രജിസ്റ്റര്‍ ചെയ്താല്‍ പരാതിക്കാരന് തന്റെ പരാതിയുടെ നിജസ്ഥതി അറിയാനായി ഒരു നമ്പറും നല്‍കും. ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പരാതികള്‍ ഈ നോഡല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സമയ പരിധിക്കുള്ളില്‍, സമയപരിധി കഴിഞ്ഞിട്ടും തീര്‍പ്പാക്കാത്തത്, തീര്‍പ്പായത് എങ്ങിങ്ങനെ തരം തിരിച്ച് നടപടികള്‍ കൈകൊള്ളും. തീര്‍പ്പാക്കിയ പരാതിയിലും എയര്‍ സേവയുടെ സേവനത്തിനും ഫീഡ്ബാക്കിനുള്ള അവസരവും നല്‍കി സുതാര്യതയും ഉറപ്പ്‌വരുത്തുന്നുവെന്ന പ്രത്യേകതയും എടുത്തുപറയേണ്ട സവിശേഷതയാണ്. ഈ അവസരത്തെക്കുറിച്ച് ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ടതും പ്രയോഗത്തില്‍ വരുത്തേണ്ടതുമാണ്.
യാത്ര സുഖകരമാക്കാന്‍ നമ്മുടെ അവകാശ സംരക്ഷണത്തോടൊപ്പം മറ്റു യാത്രക്കാര്‍, എയര്‍ ലൈന്‍ ജീവനക്കാര്‍, എയര്‍പോര്‍ട്ട് സുരക്ഷ എന്നിവ സംരക്ഷിക്കാനാവശ്യമായ നിയമങ്ങളും രാജ്യം മുന്നോട്ടു വച്ചിട്ടുണ്ട്. മോശം പെരുമാറ്റം യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടായാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് വരെ ശിക്ഷ ഉറപ്പാക്കി േവ്യാമയാന വകുപ്പ് മുന്നോട്ടുനീങ്ങുന്നു. ഈ നടപടികള്‍ മൂന്ന് തരത്തിലുള്ള പ്രശനക്കാരെയാണ് ഉന്നംവെക്കുന്നത്. 1. വാക്കാലുള്ള അക്രമണം: മാന്യതക്ക് നിരക്കാത്ത വാക്കുകള്‍പ്രയോഗിക്കുക, മോശം ആംഗ്യം കാണിക്കല്‍, മദ്യപിച്ച് ലക്കുകെട്ടു സംസാരിക്കുക മുതലായവ ഈ ഗണത്തില്‍പെടുന്നു. ഇങ്ങിനെയുള്ള യാത്രക്കാര്‍ക്ക് മൂന്ന് മാസം വരെ യാത്രാവിലക്ക് ലഭിക്കും. 2. ശാരീരിക ആക്രമണം: ഉന്തുക,തള്ളുക ചവിട്ടുക തുടങ്ങി അനാവശ്യ തൊടലുകള്‍, ലൈംഗിക ആക്രമണം തുടങ്ങിയവയില്‍ ഏര്‍പ്പെട്ട യാത്രക്കാരന് ആറു മാസം വരെ യാത്രാവിലക്ക്. 3. ജീവന് ഭീഷണിയാവുന്ന പെരുമാറ്റങ്ങള്‍: ജീവന് ഭീഷിണിയുള്ളതോ എയര്‍ ക്രാഫ്റ്റിന് കേടുപാടു വരുത്തുന്ന പ്രവര്‍ത്തികളിലോ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം മുതല്‍ ആജീവനാന്ത വിലക്ക് വരെ ലഭിക്കും. മറ്റു നിയമ പ്രകാരമുള്ള ശിക്ഷക്ക് പുറമെയാണിത്.

(കാലിക്കറ്റ് എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് മെമ്പറാണ് ലേഖകന്‍)

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending