കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ പി.ആര്‍ വര്‍ക്കായി സ്വകാര്യ ചാനലിന്റെ അഭിമുഖം. ശ്രീറാമിനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയെയാണ് ചാനല്‍ അഭിമുഖം നടത്തിയത്. ശ്രീറാമിനെയും വഫ ഫിറോസിനെയും പൂര്‍ണമായും സഹായിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്തതാണ് അഭിമുഖമെന്ന് അത് കാണുന്ന ആര്‍ക്കും പെട്ടന്ന് വ്യക്തമാവും. രാഷ്ട്രീയ നേതാക്കളേയും മന്ത്രിമാരേയും രൂക്ഷമായ ചോദ്യങ്ങള്‍ കൊണ്ട് ഉത്തരം മുട്ടിക്കാറുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് വഫയുമായി അഭിമുഖം നടത്തിയത്. എന്നാല്‍ അവരെ പ്രതിരോധത്തിലാക്കുന്ന ഒരു ചോദ്യവും ചോദിക്കാതെ വഫ പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേട്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനെയാണ് കഴിഞ്ഞ ദിവസം കണ്ടത്.
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ശ്രീറാം വെങ്കട്ടരാമനുമായി ഒരിക്കല്‍ മാത്രം നേരിട്ടുകണ്ട പരിചയമാണുള്ളതെന്നാണ് വഫ പറയുന്നത്. ഒരു ടി.വി പരിപാടി കണ്ടപ്പോള്‍ ശ്രീറാമിനെ അഭിനന്ദിച്ച് വാട്‌സ് ആപ്പ് സന്ദേശമയച്ചു. അപ്പോള്‍ നേരിട്ട് കാണാന്‍ ഓഫീസിലേക്ക് ക്ഷണിച്ചു. അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് അപകടമുണ്ടായ ദിവസം രാത്രിയാണ് ശ്രീറാം താനുമായി ബന്ധപ്പെടുന്നതെന്നാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ച് ഒരു വാട്‌സ് ആപ്പ് സന്ദേശം കിട്ടിയപ്പോള്‍ തന്നെ താന്‍ കാറെടുത്ത് പോയെന്നും വഫ പറയുന്നു. ഇത്തരത്തില്‍ സഹായം ചോദിക്കുന്ന സുഹൃത്തുക്കളെ ഇനിയും സഹായിക്കുമെന്നും വഫ പറയുന്നുണ്ട്.
അര്‍ദ്ധരാത്രി ഒരിക്കല്‍ മാത്രം കണ്ട് പരിചയമുള്ള ശ്രീറാം വിളിച്ചപ്പോള്‍ സഹായിക്കാന്‍ പോയതിനെ കുറിച്ചുള്ള ചോദ്യത്തിനും വഫ നല്‍കുന്ന മറുപടി തൃപ്തികരമല്ല. തന്റെ ഭര്‍ത്താവിനൊപ്പവും സഹോദരനൊപ്പവും അര്‍ദ്ധരാത്രി പുറത്ത് പോവാറുണ്ട്, പിതാവിനെയും ബന്ധുക്കളെയും കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോവാറുണ്ട് തുടങ്ങിയ മറുപടികളാണ് വഫ പറയുന്നത്. അടുത്ത ബന്ധുക്കളോടോപ്പം പോവുന്നത് പോലെയാണോ ഒരിക്കല്‍ മാത്രം കണ്ട് പരിചയമുള്ള ഒരാള്‍ വിളിക്കുമ്പോള്‍ അര്‍ദ്ധരാത്രി പോവുന്നതെന്ന് ചോദ്യം അവതാരകന്‍ ചോദിക്കുന്നുമില്ല.
അപകടമുണ്ടായ ശേഷം ശ്രീറാം ഊബര്‍ വിളിച്ചാണ് തന്നെ വീട്ടിലേക്ക് അയച്ചതെന്ന് വഫ തന്നെ പറയുന്നുണ്ട്. എന്നാല്‍ ശ്രീറാമിന് നേരത്തെ തന്നെ വീ്ട്ടിലേക്ക് പോവാന്‍ വഫയെ വിളിക്കുന്നതിന് പകരം ഊബര്‍ വിളിച്ചാല്‍ പോരായിരുന്നോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മരിച്ച മാധ്യമപ്രവര്‍ത്തകന്‍ ബൈക്ക് സൈഡില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നും അപ്പോള്‍ അമിത വേഗത്തില്‍ വന്ന ശ്രീറാമിന്റെ കാര്‍ പിറകില്‍ ഇടിക്കുകയായിരുന്നു എന്നുമാണ് ഇതുവരെ ദൃക്‌സാക്ഷികളെല്ലാം പറഞ്ഞത്. എന്നാല്‍ ബഷീറിന്റെ ബൈക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് തോന്നുന്നത് എന്നാണ് വഫ പറയുന്നത്. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടയില്‍ ശ്രീറാം വെങ്കട്ടരാമന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനും വഫ തയ്യാറാവുന്നുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മാന്യനായ വ്യക്തിയാണ് ശ്രീറാം എന്നാണ് വഫ പറയുന്നത്. ശ്രീറാമിനെ ഒരു മണമുണ്ടായിരുന്നു എന്നും എന്നാല്‍ അത് മദ്യത്തിന്റെ മണമാണോ എന്ന് തനിക്കറിയില്ലെന്നുമാണ് വഫ അഭിമുഖത്തില്‍ പറയുന്നത്. തന്റെ വീട്ടില്‍ ആരും മദ്യപിക്കാറില്ലെന്നും അതുകൊണ്ട് തനിക്ക് മദ്യത്തിന്റെ മണം അറിയില്ലെന്നുമാണ് വഫ പറയുന്നത്.
അമിത് വേഗതയിലാണോ ശ്രീറാം കാര്‍ ഓടിച്ചതെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ വഫ തയ്യാറാവുന്നില്ല. താന്‍ ഓടിച്ചതിനെക്കാള്‍ വേഗത്തിലാണ് ഓടിച്ചതെന്ന് മാത്രം മറുപടി പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ വഫയുടെ ഉടമസ്ഥതയിലുള്ള കാര്‍ മുമ്പും പല തവണ അമിത് വേഗതക്ക് പിഴ അടച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഇതിനെ കുറിച്ചൊന്നും ചോദിക്കാന്‍ തയ്യാറാവാത്ത അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ വഫ പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങുകയാണ് ചെയ്യുന്നത്.
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതില്‍ കുറേയൊക്കെ വിജയിക്കുകയും ചെയ്ത നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തെ വെള്ളപൂശുന്ന അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്നത്. അഭിമുഖത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും അഭിമുഖത്തിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ നിറയുകയാണ്.