Connect with us

kerala

ഉള്ളിവില ധനമന്ത്രിയുടെ തട്ടിപ്പ് തെളിവുസഹിതം പൊളിച്ച് വി.ടി ബല്‍റാം

ടോക്കണിസം കൊണ്ട് പ്രശ്ന പരിഹാരമുണ്ടാവില്ല

Published

on

സവാള വിലക്കയറ്റത്തിൽ സർക്കാർ നടത്തുന്ന മാർക്കറ്റ് ഇൻറർവെൻഷനേക്കുറിച്ച് ധനമന്ത്രിയുടെ വിശദീകരണം കണ്ടു. പതിവുപോലെ അദ്ദേഹം എല്ലാമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ, ബാക്കി എല്ലാവരും വിഡ്ഢിത്തം പറയുന്നവർ എന്ന പരപുച്ഛം തന്നെയാണ് വിശദീകരണത്തിൻ്റെ ആകത്തുക. ഏതായാലും പോളിടെക്നിക്കിൽ പോയി സാമ്പത്തിക ശാസ്ത്രം പഠിക്കാത്തവരും ഇന്നാട്ടിലെ പൗരന്മാരാണല്ലോ. അവർക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുക എന്നത് കൂടി ജനാധിപത്യത്തിൽ ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്.
വിലക്കയറ്റം പിടിച്ചു നിർത്താൻ 75 ടൺ ഇറക്കുമതി ചെയ്യും, അതിൻ്റെ ഭാഗമായുള്ള 25 ടൺ എത്തി, ബാക്കി 50 ടൺ കൂടി എത്തും എന്ന കൃഷി വകുപ്പ് മന്ത്രിയുടെ വാചകം ഉദ്ധരിച്ചു കൊണ്ടുള്ള പത്രവാർത്തയാണ് എൻ്റെ ആദ്യ പോസ്റ്റിന് ആധാരം. ധനമന്ത്രി ഈ ഇറക്കുമതിക്കണക്കിനെ തിരുത്തുന്നില്ല. “ഇതുകൊണ്ട് നിർത്തുമെന്ന് ആര് പറഞ്ഞു” എന്നാണദ്ദേഹത്തിൻ്റെ ലൈൻ. എന്നാലും എത്ര ടണ്ണാണ് സർക്കാർ കുറഞ്ഞ വിലക്ക് മാർക്കറ്റിൽ ഇറക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിനും വ്യക്തമാക്കാൻ കഴിയുന്നില്ല. വിലയുടെ കാര്യത്തിൽ എന്തെങ്കിലുമൊരു ചലനമുണ്ടാക്കാൻ എങ്ങനെയാണ് ഈ നാമമാത്രമായ ഇടപെടൽ കൊണ്ട് കഴിയുക എന്നത് വിശദീകരിക്കാനും സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം തയ്യാറാവുന്നില്ല. അതൊക്കെ കാത്തിരുന്ന് കണ്ടോളൂ എന്നാണദ്ദേഹത്തിൻ്റെ അവകാശവാദം.
ആഴ്ചയിൽ ഏതാണ്ട് 25000 ടൺ ആണ് കേരളത്തിൻ്റെ ഡിമാൻഡ് എന്ന് ഞാൻ പറഞ്ഞതിനെ ധനമന്ത്രിയേതായാലും ഖണ്ഡിക്കുന്നില്ല. അതിലേക്ക് ഒരു 75 ടൺ സർക്കാരിൻ്റെ വകയായി സപ്ലൈ വർദ്ധിപ്പിച്ചാൽ അത് സപ്ലൈ കർവിനെ എത്രകണ്ട് വലത്തേക്ക് നീക്കാൻ ഉതകും എന്ന് ഒരു ഗ്രാഫ് വച്ച് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിയുമോ?
75 ടൺ എന്നത് കേവലം നാല് ലോറി ലോഡ് സവാള മാത്രമാണെന്നും മൂന്നര കോടി ജനങ്ങൾ ഏതാണ്ട് നിത്യേനയെന്നോണം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവിൻ്റെ കാര്യത്തിൽ ഈ നാല് ലോഡ് എന്നത് കടലിൽ കായം കലക്കുന്നത്ര ഇമ്പാക്റ്റ് മാത്രമേ ഉണ്ടാക്കൂ എന്നുമാണ് ഞാൻ പറഞ്ഞത്. 75 എന്നത് 250 ടൺ ആയാലും അത് കാര്യമായ വ്യത്യാസമുണ്ടാക്കാൻ പോകുന്നില്ല. കേരളത്തിനാവശ്യമായ മൊത്തം സവാളയും (എൻ്റെ കണക്കിൽ ആഴ്ചയിൽ 25000 ടൺ) സർക്കാർ വിലകുറച്ച് വിറ്റാൽ മാത്രമേ വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയൂ എന്നൊന്നും ഇവിടെ ഞാനടക്കം ആരും വാദിച്ചിട്ടില്ല. ഇല്ലാത്ത അത്തരമൊരു വാദം എൻ്റെ വായിൽ തിരുകുന്നത് ഒരു ധനമന്ത്രിക്ക് ചേർന്ന പണിയല്ല. എന്നാൽ മൊത്തത്തിൽ കേരളത്തിന് ആവശ്യമായതിൻ്റെ ഒരു ശതമാനം പോലും സർക്കാരാഭിമുഖ്യത്തിൽ വിലകുറച്ച് ലഭ്യമാക്കിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അതിനെ ഒരു “ഇടപെടൽ” എന്ന് വിശേഷിപ്പിക്കാൻ സാധിക്കുക എന്നതാണ് മനസ്സിലാവാത്തത്. എൻ്റെ പോസ്റ്റിൽ പഞ്ചായത്തും വാർഡുമൊക്കെത്തിരിച്ച് കണക്ക് പറഞ്ഞത് 75 ടൺ എന്നത് കേരളമെന്ന സംസ്ഥാനത്തെ സംബന്ധിച്ച് എത്ര ചെറിയ ഒരു ക്വാണ്ടിറ്റി ആണെന്ന് വിശദീകരിക്കാനാണെന്ന കാര്യം തോമസ് ഐസക്കിന് മനസ്സിലാകാത്തതാവില്ല. ഏതായാലും ഉള്ളിയുടെ കാര്യത്തിൽ നാളിതുവരെയുള്ള മാർക്കറ്റ് ഇൻ്റർവെൻഷൻ്റെ അനുഭവത്തിൽ മാർജിനൽ ഡിമാൻഡ് ആയി ധനവകുപ്പും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുമൊക്കെ കണക്കാക്കുന്നത് എത്ര ടണ്ണാണ് എന്നതെങ്കിലും ധനമന്ത്രി വിശദീകരിക്കേണ്ടിയിരുന്നു. അതനുസരിച്ചുള്ള ഇറക്കുമതി ഉണ്ടെങ്കിൽ പിന്നെ ആർക്കും തർക്കമില്ല.
കമ്പോളത്തിലേക്ക് പുതുതായി എത്തുന്ന ചരക്കിൻ്റെ അളവ്, കമ്പോളത്തിലെ അതിൻ്റെ ലേല വില, കഴിഞ്ഞ കുറച്ച് കാലത്തെ ശരാശരി വില എന്നിവയൊക്കെ കണക്കിലെടുത്തു കൊണ്ടുള്ള ഒരു വെയ്റ്റഡ് ആവറേജ് കോസ്റ്റ് മോഡൽ വച്ചുകൊണ്ട് മാത്രമേ വിലനിയന്ത്രണത്തേക്കുറിച്ചുള്ള ഏത് ചർച്ചയും യുക്തിസഹമാകൂ എന്നത് ധനകാര്യ വിദഗ്ദനായ തോമസ് ഐസക്കിന് അറിയാത്തതാവില്ല. ഇതിൽ ഫ്രഷ് അറൈവൽ വോള്യം ഡിമാൻഡിനേക്കാൾ കൂടുതലും ലേലവില ശരാശരിയേക്കാൾ താഴേക്ക് പോകുകയും ചെയ്യുന്ന തരത്തിലുള്ള ട്രെൻഡ് കുറച്ച് ദിവസമെങ്കിലും തുടർന്നാൽ മാത്രമേ റീറ്റെയിൽ വില കുറയുന്ന പ്രവണത സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ഫ്രഷ് അറൈവൽ വോള്യം എത്രയാണെന്നത് വിലയുടെ കാര്യത്തിൽ നിർണ്ണായകമാണെന്ന് പറയുന്നത്.
87 രൂപക്ക് കേരളത്തിലെമ്പാടും കേരള ചിക്കൻ ലഭ്യമാക്കും എന്ന ധനമന്ത്രിയുടെ മുൻ പ്രഖ്യാപനം എന്തുകൊണ്ടാണ് യാഥാർത്ഥ്യമാവാത്തതെന്ന് അദ്ദേഹത്തിന് ഈ മാർജിനൽ ഡിമാൻഡ്, മാർജിനൽ സപ്ലൈ, പ്രൈസ് ഇലാസ്റ്റിസിറ്റി സിദ്ധാന്തങ്ങൾ വച്ച് വിശദീകരിക്കാൻ കഴിയുമോ? 87 രൂപക്ക് ചിക്കൻ വിൽക്കുന്ന കോഴിക്കടകൾ ചിലത് അദ്ദേഹം സർക്കാർ ഏജൻസികൾ വഴി തുടങ്ങുകയും ചെയ്തല്ലോ. എന്നിട്ടും ഇപ്പോഴും പൊതുമാർക്കറ്റിൽ ചിക്കൻ ലഭിച്ചിരുന്നത് 120-140 രൂപ നിരക്കിലാണ്. (ഇപ്പോൾ കോവിഡ് ലോക്ക്ഡൗൺ ഒക്കെ കാരണം കോഴിവില വലിയ തോതിൽ കുറഞ്ഞിട്ടുണ്ട് എന്നത് വേറെ വിഷയം, അതിൽ സർക്കാരിന് കാര്യമൊന്നുമില്ല).
സർക്കാർ ഇടപെടൽ കോഴിവിലക്കാര്യത്തിൽ ഫലപ്രദമാകാതെ പോയതിന് എന്താണ് കാരണം? ഒരു സാധാരണക്കാരൻ്റെ എളിയ ബുദ്ധിയിൽ മനസ്സിലായത് ഞാനങ്ങോട്ട് പറയാം. തോമസ് ഐസക്ക് കുറഞ്ഞ വിലക്ക് ചിക്കൻ കിട്ടുന്ന കടകൾ തുടങ്ങിയത് സംസ്ഥാനത്ത് അഞ്ചോ പത്തോ എണ്ണം മാത്രമാണ്. മൂന്നര കോടി ജനങ്ങളുള്ള ഒരു സംസ്ഥാനത്ത് ഇത് തീർത്തും അപര്യാപ്തമാണ്. എന്നാൽ ഇക്കാര്യത്തിൽ നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ ഒരു രണ്ടായിരമോ മൂവായിരമോ കോഴിക്കടകൾ സർക്കാർ ആഭിമുഖ്യത്തിൽ തുടങ്ങിയിരുന്നുവെങ്കിൽ അത് കോഴിവിലയെ 80- 90 രൂപ നിലവാരത്തിൽ നിയന്ത്രിച്ചു നിർത്തുമായിരുന്നു.
അതായത് പ്രശ്നത്തിൻ്റെ വ്യാപ്തിയനുസരിച്ച് ഇടപെടലിൻ്റെ സ്കെയിലും വർദ്ധിക്കണം. അല്ലാത്തതൊക്കെ മേനി നടിക്കാനുള്ള ടോക്കണിസം മാത്രമാണ്. മാർക്കറ്റ് മെക്കാനിസത്തിൻ്റെ സ്വാഭാവികമായ പ്രവർത്തനം കൊണ്ടുതന്നെ ഒരുപക്ഷേ കുറച്ച് ദിവസം കഴിഞ്ഞാൽ സവാള വില കുറഞ്ഞേക്കാം. കാരണം പെരിഷബിൾ ഗുഡ് ആയ സവാള ഒരു പരിധിക്കപ്പുറം പൂഴ്ത്തിവക്കാനുള്ള സ്റ്റോറേജ് സംവിധാനങ്ങളൊന്നും വൻകിടക്കാർക്ക് പോലും ഇല്ല. അവർക്കത് ഇന്നല്ലെങ്കിൽ നാളെ വിറ്റഴിച്ചേ പറ്റൂ. വില സ്വാഭാവികമായും ഇടിയും. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ അതിൻ്റെ ക്രഡിറ്റ് അടിച്ചെടുക്കാനുള്ള ഒരു മുൻകൂർ പിആർ നീക്കം എന്നതിൽക്കവിഞ്ഞ് സർക്കാറിൻ്റെ ഈ നാല് ലോറി ഉള്ളി കൊണ്ടുവരൽ ഇടപെടലിന് മറ്റെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നതാണ് ധനമന്ത്രിയുടെ നീട്ടിപ്പരത്തിയുള്ള വിശദീകരണത്തിന് ശേഷവും ജനങ്ങളുടെ മനസ്സിൽ അവശേഷിക്കുന്ന ചോദ്യം.
സർക്കാർ യഥാർത്ഥത്തിൽ ചെയ്യേണ്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരേണ്ട ഉള്ളി പോലുള്ള ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപകമായി ഒരുക്കുക എന്നതാണ്. കോൾഡ് സ്റ്റോറേജ് സംവിധാനങ്ങളും റഫ്രിജറേറ്റഡ് ഡിസ്ട്രിബ്യൂഷൻ ഹബ്സുമൊക്കെയാണ് ഇക്കാര്യത്തിൽ വിദഗ്ദർ മുന്നോട്ടുവക്കുന്ന നിർദ്ദേശങ്ങൾ. അവ ഒരുക്കുകയാണെങ്കിൽ ഹോർട്ടി കോർപ്, നാഫെഡ് പോലുള്ള സർക്കാർ ഏജൻസികൾക്ക് തന്നെ ഉത്തരേന്ത്യയിൽ നിന്ന് നേരിട്ട് വിലക്കുറവിൽ സാധനങ്ങൾ സംഭരിക്കാനും അത് സൂക്ഷിച്ച് വച്ച് വിലക്കയറ്റ സമയത്ത് മാർക്കറ്റിൽ ഫലപ്രദമായി ഇടപെടാനും സാധിക്കും. ഈ സർക്കാർ കാലാവധി പൂർത്തിയാക്കാൻ പോകുന്ന സമയത്ത് ആ നിലക്കുള്ള എന്തെന്ത് സൗകര്യങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി സൃഷ്ടിച്ചത് എന്നതിൻ്റെ വിശദാംശങ്ങളാണ് ധനമന്ത്രിയേപ്പോലൊരാൾ പറയേണ്ടിയിരുന്നത്. ദൗർഭാഗ്യവശാൽ വിഷയത്തെ അങ്ങനെ നേരിട്ട് അഡ്രസ് ചെയ്യാത്ത പതിവ് ഇവേസീവ് ടാക്റ്റിക്സ് മാത്രമാണ് തോമസ് ഐസക്കിൻ്റെ വിശദീകരണക്കുറിപ്പിൽ കാണാൻ കഴിയുന്നത്.

kerala

ആത്മകഥ വിവാദം; ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം

എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കിയത്.

Published

on

ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. ആദ്യഘട്ടത്തില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചു.

ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്ന ഇ പി ജയരാജന്റെ പരാതിയില്‍ ഡി സി ബുക്‌സിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഗൂഢാലോചന പരാതിയാണ് ഇ പി ജയരാജന്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ജയരാജന്‍ പരാതിയില്‍ പറയുന്നത്.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണ്, പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി.സരിന്‍ വയ്യാവേലിയാകുമെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളും ജയാരാജന്റേതെന്ന തരത്തില്‍ പുറത്തു വന്ന ആത്മകഥയിലുണ്ടായിരുന്നു.

Continue Reading

kerala

ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണി: യുവാവ് ജീവനൊടുക്കി

സുഹൃത്തുക്കളോട് അനന്തു ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്ന് പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു.  

Published

on

ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലെ ലോട്ടറിക്കട ജീവനക്കാരനായ അനന്തു കൃഷ്ണനാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്.

അനന്തുവിന് എഴുത്ത് ലോട്ടറി ചൂതാട്ട മാഫിയയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് സംശയം. പണം കൊടുക്കാനുണ്ടെന്ന പേരിൽ അനന്തു നിരന്തരം ഭീഷണി നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. സുഹൃത്തുക്കളോട് അനന്തു ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്ന് പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു.
അനന്തുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ‘അമ്മ എന്നോട് ക്ഷമിക്കണം. അച്ഛാ എല്ലാവരെയും നോക്കണെ. ഇവിടെ ജീവിക്കാർ ആവുന്നില്ല. മറ്റൊരു ജന്മത്തിൽ നമുക്ക് എല്ലാവർക്കും ജീവിക്കാം’ എന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Continue Reading

kerala

‘പിന്നിൽ നിന്ന് കുത്തിയത് പാർട്ടി നേതാക്കൾ, ഇ.പി ശക്തി വീണ്ടെടുക്കുമെന്ന് അവർ ഭയന്നു’; കൊലച്ചതി ചെയ്യാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂവെന്ന് കെ. സുധാകരൻ

കേരളത്തില്‍ വിശ്വാസ്യതയും മാന്യതയും പുലര്‍ത്തുന്ന പ്രസിദ്ധീകരണ സ്ഥാപനമാണ് ഡി.സി ബുക്സെന്നും അദ്ദേഹം പറഞ്ഞു.

Published

on

പാര്‍ട്ടിയുമായി യോജിച്ചു പോകാന്‍ തീരുമാനിച്ച സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവര്‍ പിന്നില്‍നിന്നു കുത്തിയാണ് ആത്മകഥ നാടകീയമായി പുറത്തുവിട്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

ഇതു സംബന്ധിച്ച് പൊലിസിനു നൽകിയ പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ചുരുള്‍ നിവരുമെന്നും സമുന്നതനായ ഒരു നേതാവിനെ കുരുതികൊടുക്കാന്‍ പാര്‍ട്ടി നടത്തിയ വൃത്തികെട്ട കളികളുടെ ഞെട്ടിപ്പിക്കുന്ന ഏടുകളാണ് പുറത്തുവരാനിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഇതു തുറന്നു പറയാന്‍ ഭയക്കുന്നതുകൊണ്ടാണ് അദ്ദേഹം ആത്മകഥ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒട്ടും വിശ്വസനീയമല്ലാത്ത കഥകള്‍ പറയുന്നത്. ഇതില്‍ കോണ്‍ഗ്രസിനെപ്പോലും അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. സി.പി.എമ്മിലെ ചേരിതിരിഞ്ഞുള്ള പോരാട്ടത്തിലേക്ക് കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കുന്നത് മലര്‍ന്നുകിടന്നു തുപ്പുന്നതിനു തുല്യമാണ്. ഡി.സി ബുക്സിനെയും അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. കേരളത്തില്‍ വിശ്വാസ്യതയും മാന്യതയും പുലര്‍ത്തുന്ന പ്രസിദ്ധീകരണ സ്ഥാപനമാണ് ഡി.സി ബുക്സെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്തി ജയരാജന്‍ അനുരഞ്ജനത്തിന്റെ പാതയിലായിരുന്നു. അദ്ദേഹം പാര്‍ട്ടിയില്‍ ശക്തി വീണ്ടെടുത്താല്‍ അതു ഭീഷണിയായി കരുതുന്നര്‍ തന്നെയാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തത്.

ജയരാജനെ ഒതുക്കാന്‍ ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഉപയോഗപ്പെടുത്തിയ ഈ നേതാക്കളുടെ പാര്‍ട്ടിക്കൂറാണ് ചോദ്യം ചെയ്യപ്പെടുന്നത്. അനേകായിരം പാര്‍ട്ടി പ്രവര്‍ത്തകര്‍ രാപകല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഇത്തരം കൊലച്ചതി ചെയ്യാന്‍ സി.പി.എം നേതാക്കള്‍ക്കു മാത്രമേ കഴിയൂവെന്നും സുധാകരൻ പറഞ്ഞു.

എം.വി രാഘവന്‍, കെ.ആര്‍ ഗൗരിയമ്മ, കെ.പി.ആര്‍ ഗോപാലന്‍, വി.ബി ചെറിയാന്‍, ചാത്തുണ്ണി മാസ്റ്റര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ പുറത്താക്കിയ ചരിത്രമാണ് സി.പി.എമ്മിനുള്ളത്. മുന്‍ മന്ത്രിയും മുന്‍ എല്‍ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജനെയും പുറത്താക്കാന്‍ പാര്‍ട്ടിയില്‍ നടക്കുന്ന കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് സുധാകരന്‍ കൂട്ടിച്ചേർത്തു.

Continue Reading

Trending