ന്യൂഡല്‍ഹി: ബലാക്കോട്ടില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഊഹക്കണക്കെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി.കെ സിംങ്. സ്ഥിരീകരിച്ച കണക്കായിരുന്നില്ല ഇത്. കെട്ടിടത്തിനകത്ത് ഉണ്ടായേക്കാവുന്ന ആളുകളുടെ എണ്ണം വെച്ചാണ് അമിത് ഷാ പറഞ്ഞത്.
പുല്‍വാമ ആക്രമണത്തെ അപകടം എന്ന് പരാമര്‍ശിച്ച ദിഗ്‌വിജയ് സിംങിന്റെ പ്രസ്താവനയെയും വി.കെ സിംങ് വിമര്‍ശിച്ചു. ഭീകരാക്രമണത്തെ അപകടം എന്ന് വിളിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല. രാജീവ് ഗാന്ധിയുടെ കൊലപാതകത്തെയും അപകടമെന്ന് വിളിക്കുമോ എന്നും വി.കെ സിംങ് ചോദിച്ചു.
കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തിലൂടെ വ്യോമസേന ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്നായിരുന്നു ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ വ്യക്തമാക്കിയത്. അതേസമയം, എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് വ്യോമസേനയുടെ ചുമതലയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയവും ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.