വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്ണിനൊരുങ്ങുമ്പോള്‍ വിവാദങ്ങളും കൊഴുക്കുന്നു. പരിപാടിക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടികാണിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ രംഗത്തുവന്നു. സ്ഥലം എം.പി ശശി തരൂരിനെയും ക്ഷണിക്കേണ്ടതായിരുന്നെന്നും എന്നാല്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. പക്ഷെ ചടങ്ങിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുമെന്നും നാളെ യുഡിഎഫ് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെയും ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാണെന്നും പ്രതിപക്ഷത്തെ വിളിച്ചാല്‍ ക്രെഡിറ്റ് കൊടുക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും, യാഥാര്‍ഥ്യമായത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും വി.ഡി സതീശനും ആരോപിച്ചിരുന്നു.
വിഴിഞ്ഞം ട്രയല്‍ റണ്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. തുറമുഖ നിര്‍മാണം മൂലം ജീവിതവും ഉപജീവനവും ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും പുനരധിവാസത്തിന്റെ പുരോഗതി നിരാശാജനകമാണെന്നും അതിനാല്‍ പങ്കെടുക്കുന്നത് അനുചിതമായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.’ഈ പ്രശ്നങ്ങള്‍ തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് സര്‍ക്കാര്‍ പരിഹരിക്കണം, തീരദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം, തരൂര്‍ കൂട്ടിച്ചേര്‍ത്തു.