X
    Categories: MoreViews

അര്‍ഹമായ വിഹിതം വേണം; കോലിയുമായി ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ തിരവായക്ക് മറുവാക്കില്ലെന്ന വാദം മാറുന്നു. ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്ന പണത്തില്‍ അര്‍ഹമായ വിഹിതം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാത് കോലി, സീനിയര്‍ താരം മഹേന്ദ്രസിംഗ് ധോണി, കോച്ച് രവിശാസ്ത്രി എന്നിവര്‍ ബോര്‍ഡ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി. താരങ്ങളുമായുളള കരാര്‍ കഴിഞ്ഞ സെപ്തംബറില്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ കരാറിന് മുന്നോടിയായി അര്‍ഹമായ പ്രതിഫലം തേടിയാണ് ഇവര്‍ ബോര്‍ഡ് അധികാരികളെ കണ്ടത്. കൂടിക്കാഴ്ച്ച ഫലപ്രദമായിരുന്നുവെന്നാണ് ബോര്‍ഡ് അധികാരികള്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ തീരുമാനം എന്താണെന്ന് വ്യക്തമാക്കാന്‍ ബോര്‍ഡ് തയ്യാറായില്ല. നിലവിലുള്ള പ്രതിഫല കാര്യത്തില്‍ താരങ്ങള്‍ സംതൃപ്തരല്ല. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ വിരാത് കോലി പരസ്യമായി തന്നെ ഈ കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. നിരന്തരമായി കളിക്കുന്നത് മൂലം ആരോഗ്യം തളരുകയാണെന്നും ഇത്തരത്തില്‍ കളിക്കുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താരങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ക്രിക്കറ്റ് ഭരണകാര്യ സമിതിയുടെ ചെയര്‍മാന്‍ വിനോദ് റായ് പറഞ്ഞു.

chandrika: