Connect with us

india

വിനേഷ് ഫോഗട്ടിന് വൻ വരവേൽപ്പ്, സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവെന്ന് മാതാവ്

സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നീ സഹതാരങ്ങളടക്കം നിരവധി പേരാണ് വിനേഷിനെ സ്വീകരിക്കാനെത്തിയത്.

Published

on

പാരിസ് ഒളിംപിക്‌സിന് ശേഷം ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയില്‍ മടങ്ങിയെത്തി. ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട് രാജ്യത്തിന്റെ നോവായി മാറിയ താരത്തിന് വൈകാരികമായ സ്വീകരണമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ലഭിച്ചത്. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നീ സഹതാരങ്ങളടക്കം നിരവധി പേരാണ് വിനേഷിനെ സ്വീകരിക്കാനെത്തിയത്. സ്വീകരണത്തില്‍ വികാരാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറയുകയും ചെയ്തു.

ഇന്ന് രാവിലെ 11 മണിയോടെയാണ് വിനേഷ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. വിനേഷിനെ സ്വീകരിക്കാന്‍ ഹരിയാനയില്‍ നിന്നുള്ള ആരാധകരും ഗ്രാമവാസികളുമടക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്നിതിനിടെ വിനേഷ് കണ്ണീരണിയുകയുമുണ്ടായി.

തനിക്ക് വെള്ളി മെഡൽ നൽകണമെന്ന വിനേഷിൻ്റെ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയിരുന്നു. അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെതിരെ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ പോരാട്ടത്തിന് മണിക്കൂറുകൾ ശേഷിക്കെയായിരുന്നു ശരീരഭാരത്തിൽ 100 ഗ്രാം കൂടുതൽ കാണിച്ചതിനെ തുടർന്ന് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയത്.

ശേഷം വിനേഷ് ഫോഗട്ട് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചിരുന്നു. ‘നിങ്ങളുടെ സ്വപ്നങ്ങളും എൻ്റെ ധൈര്യവും എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി എനിക്കില്ലെ’ന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സിൽ കുറിച്ചു.

india

സെക്കന്ദ്രാബാദില്‍ ട്രെയിന്‍ യാത്രക്കിടെ പീഡന ശ്രമം; ട്രെയിനില്‍ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ പീഡന ശ്രമം. രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദില്‍ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് യുവാവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ യാത്രക്കാര്‍ കുറഞ്ഞ സമയത്തായിരുന്നു ഇയാള്‍ യുവതിയെ സമീപിച്ചത്. ലൈംഗിക തൊഴിലാളിയാണോ എന്ന് യുവാവ് യുവതിയോട് ചോദിക്കുകയായിരുന്നു. അല്ലെന്നു മറുപടി നല്‍കി യുവതി ഒഴിഞ്ഞു മാറിയതോടെ പ്രതി ബലം പ്രയോഗിച്ചു യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

പരിഭ്രമിച്ച യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. തലപൊട്ടി രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസും റയില്‍വേ പോലീസുമെത്തി യുവതിയുടെ മൊഴി രേപ്പെടുത്തി. യുവതി നല്‍കിയ തിരിച്ചറിയല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

 

Continue Reading

india

നീതിയുടെ മേല്‍ പതിഞ്ഞ കരിനിഴല്‍

EDITORIAL

Published

on

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതയില്‍ നിന്ന് 15 കോടിയോളം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഞെട്ടിച്ചിരിക്കുകയാണ്. ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജഡ്ജി വിട്ടിലില്ലാതിരുന്ന സമയത്ത് നടന്ന സംഭവത്തില്‍ തീയണച്ചതിന് ശേഷം ഫയര്‍ഫോഴ്‌സസ് സംഘം നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പണം കണ്ടെത്തിയ വിവരം ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ് തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും പിന്നിട് മലക്കം മറിയുകയാണുണ്ടായത്. തീ കെടുത്തിയ ശേഷം സ്ഥലം പൊലീസ് ഏറ്റെടുത്തെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹം പറഞ്ഞതെങ്കിലും പിന്നീട് അത് തിരുത്തുകയാ യിരുന്നു. കണ്ടെത്തിയ തുക എത്രയെന്നതിന് ഔദ്യോകിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ജസ്റ്റിസിനെ അലഹബാദിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് അവിടുത്തെ ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ 15 കോടിയോളം രൂപ കണ്ടെത്തിയെന്ന് ക്യത്യമായി പറയുന്നുണ്ട്. ഡല്‍ഹി ഹൈക്കോടതി ജിഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിനിടെ തന്നെ സുപ്രീം കോടതി കൊളിജിയം അസാധാരണ യോഗം ചേര്‍ന്നത് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. വിവാദത്തെ തുടര്‍ന്ന് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശ്രമം കൊളീജിയത്തിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അതിരൂക്ഷമായ വിമര്‍ശനമായിരുന്നു ബാര്‍ അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അവര്‍ അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്നും അങ്ങോട് സ്ഥലം മാറ്റിയാല്‍ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലും നോട്ട് വിഷയം ഉന്നയിക്കപ്പെടുകയുണ്ടായി. സംഭവം നമ്മെയൊന്നാകെ പിടിച്ചുകുലുക്കുന്നതും മനോവീര്യം തകര്‍ത്തു കളയുന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഭരണപരമായ ഇടപെടല്‍ വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച നിരവധി കേസുകള്‍ പരിഗണിച്ച ജഡ്ജിയാണ് യശ്വന്ത് വര്‍മയെന്നതാണ് ഏറ്റവും ഗൗരവതരമായ വിഷയം. ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി സമ്മാനിച്ച ആദായ നികുതി കേസ് ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വിധി പ്രസ്താവങ്ങള്‍ വഴിവെച്ചത്. രാജ്യത്തെ പിടിച്ചുലച്ച ഉന്നാവ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിന് ജാമ്യം അനുവദിച്ചതും അദ്ദേഹമായിരുന്നു. 22 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ള അദ്ദേഹം വര്‍ഷങ്ങളോളം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അഭിഭാഷകനായിരുന്നു. 2014ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ശേഷം 2021ലാണ് ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നത്. ജി.എസ്.ടി ഉള്‍പ്പെടെ നികുതി കേസുകളും കമ്പനികളുടെ അപ്പിലുകളും പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന്റെ അധ്യക്ഷ പദവിയിലാണ് നിലവില്‍ അദ്ദേഹമുള്ളത്.

ജനാധിപത്യത്തിന്റെ മൂന്നാം തൂണായി നിലകൊള്ളുന്നതോടൊപ്പം നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷയുടെ ഭാരവും നീതിന്യായ വ്യവസ്ഥയില്‍ അര്‍പ്പിതമായി നില്‍ക്കുകയാണ്. എന്നാല്‍ ഈ സംവിധാനത്തില്‍ നിന്നും കൊല്ലന്റെ ആലയിലെ പൂച്ചയെപ്പോലെ രാജ്യത്തെ ജനങ്ങള്‍ നിരന്തരമായി ഞെട്ടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സംഭവ വികാസങ്ങളില്‍ പരാമര്‍ശ വിധേയമായിട്ടുള്ള അലഹബാദ് ഹൈക്കോടതി ജഡ്ജ് നടത്തിയ വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗം ഇതിന്റെ മറ്റൊരുദാഹരണമാണ്. ന്യായാധിപന്‍മാരുടെ തിരഞ്ഞെടുപ്പ് നീതിയുക്തവും ഭരണഘടനാദത്തവുമാക്കി മാറ്റുക എന്നതാണ് ഈ ദാരുണമായ അവസ്ഥാ വിശേഷത്തിനുള്ള ഏക പരിഹാരം, ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കുള്ള കൊളിജിയം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസുമാരും സര്‍ക്കാറുകളും തമ്മില്‍ നിരന്തരമായി എഴുത്തുകുത്തുകള്‍ നടക്കുന്നുവെങ്കിലും ഒരു ധാരണയിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ഒളിച്ചു കടത്തുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും നിയമ നിര്‍മാണങ്ങളുമാണ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിലുണ്ടാവുന്നത് എന്നതാണ് വസ്തുത. നീതിന്യായ വ്യവസ്ഥയുടെ അടിക്കല്ലിളക്കുന്ന പ്രവണതകള്‍ ഒന്നൊന്നായി ഉയര്‍ന്നു വരുമ്പോള്‍ ഭരണകുടവും പരമോന്നത നിതിപീഠവും ഇക്കാര്യത്തില്‍ ഇനിയും അമാന്തിച്ചു നിന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുക. അതാകട്ടെ ഭരണഘടനയുടെ അന്തസത്തക്കുനേരെയുള്ള വെല്ലുവിളിയായിരിക്കും.

 

Continue Reading

india

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ

ആയുധങ്ങള്‍ താഴെവെയ്ക്കണമെന്നും എല്ലാ ബന്ദികളെ മോചിപ്പിക്കാനും കൃത്യമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാനും കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

Published

on

ഗസ്സ മുനമ്പിലെ ഇസ്രാഈല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ”നിശ്ചിത വെടിനിര്‍ത്തല്‍” വേണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച ആഹ്വാനം ചെയ്തു.

‘നിരവധി മരണങ്ങളും പരിക്കുകളുമുള്ള ഗാസ മുനമ്പിലെ തീവ്രമായ ഇസ്രാഈല്‍ ബോംബാക്രമണം പുനരാരംഭിച്ചതില്‍ എനിക്ക് സങ്കടമുണ്ട്’, മാര്‍പാപ്പ അറിയിച്ചു.

”ആയുധങ്ങള്‍ ഉടനടി താഴെവെയ്ക്കണമെന്നും എല്ലാ ബന്ദികളെ മോചിപ്പിക്കാനും കൃത്യമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാനും കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ധൈര്യം കണ്ടെത്തണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു,” ഞായറാഴ്ച വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

‘ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം വീണ്ടും വളരെ ഗൗരവമുള്ളതാണ്, ഇതിന് വൈരുദ്ധ്യമുള്ള കക്ഷികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അടിയന്തിര പ്രതിബദ്ധത ആവശ്യമാണ്’, അദ്ദേഹം പറഞ്ഞു.

ശ്വാസതടസ്സം മൂലം അഞ്ചാഴ്ചയിലേറെ ചികിത്സയില്‍ കഴിയുകയായിരുന്ന മാര്‍പാപ്പ ഞായറാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വത്തിക്കാനിലേക്ക് മടങ്ങിയത്.

ആശുപത്രി ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തെ കാണാന്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകള്‍ക്ക് മാര്‍പാപ്പ മൃദുവായി കൈവീശി.

ഫെബ്രുവരി 14 ന് ശ്വാസതടസ്സവും ശ്വാസകോശ സംബന്ധമായ അസുഖവും മൂലം ന്യുമോണിയയായി വികസിച്ചതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസിന്റെ ആദ്യ പൊതുദര്‍ശനമായിരുന്നു.

 

Continue Reading

Trending