X

തെളിവ് നശിപ്പിക്കാന്‍ വിദ്യയ്ക്ക് സമയം നല്‍കി; ടിപി വധക്കേസ് പ്രതികളെ പിടിക്കാന്‍ ഇത്രയും ബുദ്ധിമുട്ടിയില്ലെന്നു കെ സുധാകരന്‍

യുഡിഎഫ് ഭരണകാലത്ത് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയശേഷം സിപിഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയില്‍ ഒളിച്ചു താമസിച്ച പ്രധാന പ്രതികളെ സാഹസികമായി പിടികൂടാന്‍ എടുത്തതിനോളം ദിവസമെടുത്താണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒളിവില്‍പ്പോയ എസ്എഫ്ഐ വനിതാ നേതാവിനെ പൊലീസ് പിടികൂടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ടിപി വധക്കേസ് പ്രതികളെ പിടിക്കാന്‍ പോലീസിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും ഇതാണ് ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ ചിറകിലൊളിപ്പിച്ച എസ്എഫ്ഐ നേതാവിനെ പിടികൂടാന്‍ പോലീസിന് 16 ദിവസം വേണ്ടി വന്നു. പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ കഴിയാനും ഒത്താശ ചെയ്ത പോലീസ് കോടതില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിനും ഒത്താശ ചെയ്തു. ഗത്യന്തരമില്ലാതെയാണ് ഒടുക്കം പാര്‍ട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ പൊലീസിന് കീഴടങ്ങിയത്. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനും മൂന്നു കോളജുകളില്‍ അധ്യാപികയായി ജോലി നേടാനും വിദ്യയ്ക്ക് സഹായം നല്കിയവരെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

കായംകുളം എംഎസ്എം കോളജില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയ നിഖില്‍ തോമസ് പോലിസിന്റെ കാണാമറയത്ത് തുടരുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കലിംഗ സര്‍വകലാശാല അറിയിച്ചെങ്കിലും നിഖിലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിനു ധൈര്യമില്ല. തെളിവുകള്‍ നശിപ്പിക്കാനും നിയമപഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാനും പോലീസ് സാവകാശം നല്കിയിരിക്കുകയാണ്. അറസ്റ്റിനു പാകമാകുമ്പോള്‍ സിപിഎം വീശുന്ന പച്ചക്കൊടിക്കായി കാത്തിരിക്കുന്ന പോലീസ് അധഃപതനത്തിന്റെ അടിത്തട്ടിലെത്തി.

എസ്എഫ്ഐക്കാരുടെ വ്യാജനിര്‍മിതികള്‍ കൊടുമ്പിരികൊണ്ടപ്പോള്‍ നിരപരാധിയായ കെഎസ്യു നേതാവ് അന്‍സില്‍ ജലീലിനെ കുടുക്കാന്‍ സിപിഎം നടത്തിയ നെറികെട്ട കരുനീക്കം കണ്ട് തലമരവിച്ചുപോയി. മലയാള മനോരമയ്ക്കെതിരേ വ്യാജകത്ത് നിര്‍മിക്കുകയും തനിക്കെതിരേ പോക്സോ കേസുണ്ടെന്ന് വെണ്ടയ്ക്കാ നിരത്തുകയും ചെയ്ത ദേശാഭിമാനിയാണ് അന്‍സില്‍ ജലീലിനെതിരേ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ഉന്നതമായ പത്രസംസ്‌കാരത്തിനു കളങ്കമാണ് ഈ അശ്ലീല പ്രസിദ്ധീകരണം. വ്യാജസര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചതിനെതിരേ അന്‍സില്‍ നല്കിയ പരാതിയില്‍ പോലീസ് അടയിരിക്കുമ്പോള്‍ ദേശാഭിമാനിയില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകാലാശാല നല്കിയ പരാതിയില്‍ ഇദ്ദേഹത്തിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

ജീവിതപ്രാരാബ്ദം മുഴുവന്‍ തോളിലേറ്റി, ഉന്നതവിദ്യാഭ്യാസത്തിനു ത്രാണിയില്ലാതെ കാപ്പിക്കട നടത്തി രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന ഈ യുവാവിനോട് സിപിഎം നടത്തുന്ന ക്രൂരത കണ്ണൂരിലെ വെട്ടുസംസ്‌കാരത്തിനു സമാനമാണ്. നിരപരാധിയായ അന്‍സലിന് പാര്‍ട്ടിയുടെ പൂര്‍ണ സംരക്ഷണമുണ്ടാകും. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം കൊലയും കൊള്ളയും വെട്ടും കുത്തും വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണവും നടത്തുന്ന സിപിഎം എല്ലാ വൃത്തികേടുകളുടെയും കൂടാരമാണെന്നും സുധാകരന്‍ പറഞ്ഞു.

 

webdesk11: