Connect with us

india

മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പുരോഹിതന്റെ വീഡിയോ പങ്കുവെച്ചു; മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി പൊലീസ്

സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്, 7 വര്‍ഷം തടവോ ജീവപര്യന്തമോ കുറ്റം തെളിയിക്കപ്പെട്ടാല്‍ ലഭിച്ചേക്കാം.

Published

on

2022ല്‍ സുപ്രിം കോടതി ജാമ്യം അനുവദിക്കുകയും ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തതിന് പിന്നാലെ വീണ്ടും കോടതിയിലെത്തിയിരിക്കുകയാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും ഫാക്ട് ചെക്കറും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്നെന്നാരോപിച്ച് യുപി പൊലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്യാന്‍ നടപടിയെടുത്തതിന് പിന്നാലെയാണ് വീണ്ടും സുബൈര്‍ കോടതിയെ സമീപിച്ചത്.

പുതിയ കേസില്‍ അലഹബാദ് കോടതി സുബൈറിന്റെ ഹരജി പരിഗണിക്കും. സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്, 7 വര്‍ഷം തടവോ ജീവപര്യന്തമോ കുറ്റം തെളിയിക്കപ്പെട്ടാല്‍ ലഭിച്ചേക്കാം. തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു, താന്‍ ചെയ്യുന്ന ജോലി കാരണം തന്നെ ലക്ഷ്യം വെക്കുകയാണ് എന്നാണ് മുഹമ്മദ് സുബൈര്‍ പുതിയ കേസില്‍ പ്രതികരിച്ചത്.

വിദ്വേഷ പരാമര്‍ശം നടത്തിയ ഹിന്ദു പുരോഹിതന്റെ വീഡിയോ സുബൈര്‍ ഈയടുത്ത് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് പങ്കുവെച്ച വീഡിയോയില്‍ യതി നരസിംഹാനന്ദ് എന്ന പുരോഹിതന്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. യുപിയിലെ ദസ്ന ദേവി ക്ഷേത്രത്തിലെ പുരോഹിതന്‍ തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയും മുസ്ലിംകള്‍ക്കെതിരെ ആക്രമണ ആഹ്വാനങ്ങള്‍ നടത്തിയും കുപ്രസിദ്ധിയാര്‍ജിച്ച ആളാണ്. 2022ല്‍ പുരോഹിതനെ ഇസ്ലാമിനെതിരെ ഭയം പ്രചരിപ്പിച്ചതിനും സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയതിനും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

‘ബിജെപി സര്‍ക്കാരിനായി ഒറ്റയ്ക്ക് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയാണ്’ എന്ന അടിക്കുറിപ്പോടെ പുരോഹിതന്റെ പ്രവാചകനെതിരായ വീഡിയോ സുബൈര്‍ പങ്കുവെച്ചത്. സുബൈര്‍ വീഡിയോ പങ്കുവെച്ചതിന് ഒരു ദിവസത്തിന് ശേഷം ദസ്ന ദേവി ക്ഷേത്രത്തിന് പുറത്ത് ഇസ്ലാം വിശ്വാസികളുടെ പ്രതിഷേധം ആരങ്ങേറിയിരുന്നു. ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞു എന്ന പേരില്‍ പത്ത് പേരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മുസ്ലിം സംഘടനകള്‍ പുരോഹിതനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇതിനിടെ ഒളിവിലുള്ള പുരോഹിതനെ അറസ്റ്റ് ചെയ്തെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു.

ഇതിന് പിന്നാലെ സുബൈറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുരോഹിതന്റെ നിരവധി അനുയായികള്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ വളയുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ പുരോഹിതന് പിന്തുണയുമായി ബിജെപി നേതാവായ ഉദിത്യ ത്യാഗിയും രംഗത്തുവന്നു. ഇതോടെ സുബൈറിനെതിരെ കേസെടുക്കുകയായിരുന്നു.

തുടക്കത്തില്‍ സുബൈറിനെതിരെ ഗുരുതരമല്ലാത്ത വകുപ്പുകളാണ് ചുമത്തിയിരുന്നത്. രണ്ട് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, തെറ്റായ തെളിവ് പ്രചരിപ്പിച്ചു എന്നിവയായിരുന്നു ആദ്യത്തെ വകുപ്പുകള്‍. എന്നാല്‍ കഴിഞ്ഞയാഴ്ച ഭാരതീയ ന്യായ സംഹിതയുടെ 152ാം സെക്ഷന്‍ ഇതിലേക്ക് ചേര്‍ക്കുകയായിരുന്നു. ഇത് പ്രകാരം രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്നെന്ന് കേസാണ് സുബൈറിനെതിരെയുള്ളത്.

കേസ് പ്രകാരം സുബൈറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട് എന്നാല്‍ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈറിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചുകഴിഞ്ഞു. താന്‍ മാത്രമല്ല പുരോഹിതന്റെ വീഡിയോ പങ്കുവെച്ചത്. മറ്റ് ചാനലുകളും മാധ്യമപ്രവര്‍ത്തകരും ഇത് പങ്കുവെച്ചിട്ടുണ്ടെന്നും സുബൈര്‍ സംഭവത്തില്‍ പ്രതികരിച്ചു. തുടര്‍ച്ചയായി വിദ്വേഷ പ്രസംഗം നടത്തുന്ന ഒരാളുടെ അനുയായി നല്‍കിയ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെയല്ല അത് വാര്‍ത്തയാക്കുന്നവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ സ്വതന്ത്രമായി നടക്കുകയാണെന്നും സുബൈര്‍ കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റിനെതിരെ സംസാരിക്കുന്നവരുടെ കഴുത്തിന് പിടിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സുബൈറിന്റെ വാര്‍ത്തകള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ളതിനാലാണ് സുബൈറിനെതിരെ നടപടി സ്വീകരിക്കുന്നതെന്നാണ് ആള്‍ട്ട് ന്വൂസിന്റെ സഹ സ്ഥാപകനായ പ്രാഥിക് സിന്‍ഹ പറഞ്ഞത്. വാര്‍ത്തയ്ക്ക് പകരം ദൂതനെ വെടിവെക്കുന്ന ഏര്‍പ്പാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് ആദ്യ കേസ് ചുമത്തിയതിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇത്തരമൊരു ഗുരുതരമായ വകുപ്പ് ചുമത്തുന്നതെന്നും, നരസിംഹാനന്ദിന്റെ അനുയായികള്‍ മാത്രമല്ല ബിജെപി സര്‍ക്കാരും സുബൈറിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും സിന്‍ഹ പറഞ്ഞു.

1983 ല്‍ റിലീസായി ഹിന്ദി സിനിമയിലെ സ്‌ക്രീന്‍ഷോട്ട് 2018ല്‍ ഷെയര്‍ ചെയ്തതിന് ‘മതവികാരം വ്രണപ്പെടുത്തുന്നു’ എന്ന അവകാശപ്പെട്ട് 2022 ല്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത് വരെ തടവിലായിരുന്ന കാലയളവില്‍ ആറ് കേസുകളാണ് അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയത്.

കൊളോണില്‍ കാലത്തെ രാജ്യദ്രോഹ നിയമത്തിന്റെ പുതിയ പതിപ്പാണ് സെക്ഷന്‍ 152 എന്ന് സംഭവത്തില്‍ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക സംഘടനകളും വിഷയത്തില്‍ വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും, ആക്ടിവിസ്റ്റുകളുടെയും, മാധ്യമപ്രവര്‍ത്തകരുടെയും സമൂഹത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുന്നവരുടെയും ആവിഷ്‌ക്കാര സ്വാതന്ത്രത്തെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഭരണകൂടം നിയമം ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ആംനെസ്റ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രതികരിച്ചു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, ഡിജിറ്റല്‍ മീഡിയ ഓര്‍ഗനൈസേഷന്‍ സംഘടനയായ ഡിജിപബ്ബ് എന്നിവരും കേസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.

india

യുപിയില്‍ ഹോളി ദിനത്തില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഖാലിദ് പ്രധാന്‍ എന്ന വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്. സ്വകാര്യ സര്‍വകലാശാലയായ ഐഐഎംടിയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ വിദ്യാര്‍ഥി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെയും മൂന്ന് സുരക്ഷാ ജീവനക്കാരെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കാര്‍ത്തിക് ഹിന്ദു എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗംഗാ നഗര്‍ എസ്എച്ച്ഒ പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 299 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുസ്ഥലത്ത് നിസ്‌കരിക്കുകയും അതിന്റെ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായി സര്‍വകലാശാല വക്താവ് പറഞ്ഞു.

Continue Reading

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Continue Reading

india

ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവം: മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി.

അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

Trending