Connect with us

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് വെഞ്ഞാറമൂട് പൊലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങുക. ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റന്നാള്‍ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, ആശുപത്രി വിട്ട അഫാന്റെ മാതാവ് ഷെമി അഗതിമന്ദിരത്തിലാണ്. കുടുബത്തിന്റെ കടബാധ്യത മകനെ ഏല്‍പ്പിച്ചിരുന്നില്ലെന്ന് അഫാന്റെ പിതാവ് റഹീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നെന്നും വീട് വിറ്റതും അവന്‍ മുന്‍കൈയെടുത്താണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നും റഹീം പറഞ്ഞിരുന്നു.

ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു മൂന്നിടങ്ങളിലായി അഞ്ച് കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. ഉമ്മയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിച്ച് പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

 

kerala

ലഹരിക്കെതിരെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രി വ്യക്തമാക്കണം എസ്എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടിയതെങ്ങനെയെന്ന്; രാഹുല്‍ മാങ്കൂട്ടത്തില്‍

എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു

Published

on

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടി എന്നത് രാഹുല്‍ ചോദിച്ചു. എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോളേജ് ഹോസ്റ്റലുകളില്‍ എസ്.എഫ്.ഐ പരിപാലിച്ചു പോരുന്ന ഇടിമുറികള്‍ക്കൊപ്പം ലഹരി മുറികളും നാടിന് ആപത്താവുകയാണ്. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാക്കന്മാര്‍ തന്നെയാണ് ഉള്ളതെന്ന് രാഹുല്‍ വിമര്‍ശിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചെറിയ പാക്കറ്റില്‍ ആക്കി വില്ക്കാന്‍ വേണ്ടിയുള്ള പദ്ധതി ആയിരുന്നു. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാക്കന്മാര്‍ തന്നെയാണ് ഉള്ളത്.

രണ്ടു കിലോ കഞ്ചാവ് പിടി കൂടിയിട്ടും, അത് വാണിജ്യ ആവശ്യത്തിന് ആയിട്ടും SFI നേതാവും യൂണിയന്‍ ഭാരവാഹി ആയിട്ടും രണ്ടു പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ അപ്പോള്‍ തന്നെ വിട്ടു. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ SFI നേതാക്കള്‍ക്ക് ജാമ്യം കിട്ടിയെന്ന്.

SFI എന്ന അധോലോക സംഘം ക്യാമ്പസുകളില്‍ അക്രമവും അരാജകത്വവും കാട്ടുന്നതിന് ഒപ്പം തന്നെ ലഹരി വ്യാപാരം കൂടി നടത്തുകയാണ്. കോളേജ് ഹോസ്റ്റലുകളില്‍ SFI പരിപാലിച്ചു പോരുന്ന ഇടി മുറികള്‍ക്കൊപ്പം ഈ ലഹരി മുറികളും നാടിനു ആപത്താവുകയാണ്. SFI അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന കോളേജ് ഹോസ്റ്റലുകള്‍ ഉടന്‍ തന്നെ റെയ്ഡ് ചെയ്താല്‍ കേരളത്തിലെ ലഹരി ഒഴുക്കിനെ തടയാനാകും.

Continue Reading

kerala

ഇടുക്കിയില്‍ രാത്രി വീട്ടിലേക്കു മടങ്ങവെ കാല്‍വഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

വീഴ്ചയില്‍ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

Published

on

ഇടുക്കി ചെമ്മണ്ണാറിന് സമീപം കാല്‍വഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. പള്ളിക്കുന്ന് സ്വദേശി ബിനു എന്ന് വിളിക്കുന്ന ജോണ്‍സണ്‍ ആണ് മരിച്ചത്. ചെമ്മണ്ണാറിന് സമീപത്തെ ഏലത്തോട്ടത്തിലെ ഇടവഴിയിലൂടെ രാത്രി വീട്ടിലേക്കു വരുന്നതിനിടെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

വീഴ്ചയില്‍ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ രാവിലെ ഏലത്തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്; പ്രതി ആകാശ് റിമാന്‍ഡില്‍

ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്‌ക്കെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Published

on

കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതി ആകാശ് റിമാന്‍ഡില്‍. ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്‌ക്കെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആകാശ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന ആളാണെന്നും കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആകാശിന്റെ മുറിയില്‍ നിന്ന് ഒരു കിലോ 900 ഗ്രാം കഞ്ചാവും ഇത് തൂക്കി നല്‍കാന്‍ ഉപയോഗിച്ച ത്രാസും പൊലീസ് പിടികൂടിയിരുന്നു

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. സംഭവത്തില്‍ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എഫ്‌ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവും പിടിച്ചെടുത്തത്.

Continue Reading

Trending