Connect with us

Sports

ഇതാണ് അർജന്റീന ഫാൻസ് കാത്തിരുന്ന കളി

Published

on

കെ.പി മുഹമ്മദ് ഷാഫി

അർജന്റീന ആരാധകർ ഏറെക്കാലമായി ആഗ്രഹിച്ച തരത്തിലുള്ള കളിയാണ് ടീം കോപ അമേരിക്ക ക്വാർട്ടറിൽ വെനിസ്വേലക്കെതിരെ പുറത്തെടുത്തത്. സൂപ്പർ താരം ലയണൽ മെസ്സി പ്രതീക്ഷിച്ച മികവിലേക്കുയർന്നില്ലെങ്കിലും ടീമെന്ന നിലയിൽ ഒത്തൊരുമയോടെയും വ്യക്തമായ ഗെയിം പ്ലാനോടെയുമാണ് അർജന്റീന കളിച്ചത്. കൃത്യസമയങ്ങളിൽ ഗോൾ നേടാൻ കഴിഞ്ഞതും പ്രതിരോധത്തിലെ പ്ലാൻ പിഴവുകളില്ലാതെ നടപ്പാക്കിയതും വിജയത്തിൽ നിർണായകമായി. കടലാസിലെ മികവിൽ ബ്രസീലിനൊപ്പമില്ലെങ്കിലും സെമിഫൈനലിന് ബൂട്ടുകെട്ടും മുമ്പ് ആത്മവിശ്വാസം സംഭരിക്കാൻ കഴിഞ്ഞ രണ്ട് കോപകളിലെയും ഫൈനലിസ്റ്റുകൾക്ക് കഴിഞ്ഞു.

ഖത്തറിനെതിരായ നിർണായക ഗ്രൂപ്പ്ഘട്ട മത്സരത്തിനിറങ്ങിയ ടീമിൽ രണ്ട് സുപ്രധാന മാറ്റങ്ങളോടെയാണ് ലയണൽ സ്‌കലോനി ടീമിനെ ഇറക്കിയത്. മധ്യനിരയിൽ ജിയോവന്നി ലോസെൽസോക്കു പകരം മാർകോസ് അക്യൂന വന്നു. പ്രതിരോധത്തിൽ റെൻസോ സറാവിയയെ മാറ്റി ജർമൻ പെസല്ലയെ കൊണ്ടുവന്നു. കഴിഞ്ഞ മത്സരത്തിൽ ഫുൾബാക്ക് ആയി കളിച്ച് ചില പിഴവുകൾ വരുത്തിയ 21-കാരൻ ഹുവാൻ ഫോയ്തിനെ വലതു വിങ്ബാക്കിൽ അവതരിപ്പിച്ചു.

സെർജിയോ അഗ്വേറോ – ലോതാറോ മാർട്ടിനസ് ആക്രമണ ദ്വയത്തിനു പിന്നിലായി ഏറെക്കുറെ ഒരു പ്ലേമേക്കറുടെ റോളിലായിരുന്നു ലയണൽ മെസ്സി. പ്രതീക്ഷിച്ചതു പോലെ സൂപ്പർ താരത്തിന് തുടക്കം മുതൽക്കേ കനത്ത മാർക്കിങ് നേരിടേണ്ടിവന്നു. 5-ാം നമ്പർ താരം ജൂനിയർ മൊറേനോക്കായിരുന്നു മെസ്സിക്കും മറ്റു കളിക്കാർക്കുമിടയിലെ ബന്ധം മുറിക്കാനുള്ള ചുമതല. എങ്കിലും തുടക്കം മുതൽക്കേ ആക്രമണം നടത്താനും തുടർച്ചയായി കോർണറുകൾ സമ്പാദിക്കാനും അർജന്റീനക്കു കഴിഞ്ഞു.

പത്താം മിനുട്ടിൽ, നിമിഷങ്ങൾക്കിടെ നേടിയ രണ്ടാമത്തെ കോർണർ കിക്കാണ് ആദ്യഗോളിലേക്ക് വഴിതുറന്നത്. ഇടതുഭാഗത്തുനിന്ന് മെസ്സിയെടുത്ത കിക്ക് ബോക്‌സിൽ കൂട്ടമായി നിന്ന കളിക്കാർക്കൊന്നും പിടിനൽകാതെ വലതുഭാഗത്ത് അഗ്വേറോയുടെ വഴിയിലേക്ക് തൂങ്ങിയിറങ്ങി. സമയം പാഴാക്കാതെ മാഞ്ചസ്റ്റർ സിറ്റി താരം ഗോൾ ലക്ഷ്യമാക്കി ഷോട്ടുതിർക്കുകയും ചെയ്തു.ഗോളിന്റെ സഞ്ചാരഗതിയിലുണ്ടായിരുന്ന ലോതാറോ മാർട്ടിനസ് മനോഹരമായൊരു പിൻകാൽ ഫഌക്കിലൂടെ പന്ത് വലയിലേക്ക് വഴി തിരിച്ചുവിട്ടു.

ഗോൾ വഴങ്ങിയതോടെ വെനിസ്വേല പന്തിന്മേൽ കൂടുതൽ ആധിപത്യം പുലർത്താൻ തുടങ്ങി. അർജന്റീനയാകട്ടെ കൂടുതൽ പരീക്ഷണങ്ങൾക്കു മുതിരാതെ ഡിഫൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫുൾബാക്കുകളായ ഒറ്റമെൻഡിയുടെയും പെസല്ലയുടെയും പ്രകടനം ഈ ഘട്ടത്തിൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ബോക്‌സിൽ ആധിപത്യം സ്ഥാപിക്കാൻ എതിരാളികളെ അനുവദിക്കാതെ അവർ പന്ത് അടിച്ചകറ്റി. ക്രോസുകൾ വന്നപ്പോഴൊക്കെ ഗോൾകീപ്പർ ഫ്രാങ്കോ അർമാനി പൊസിഷൻ പാലിച്ച് അപകടമൊഴിവാക്കുകയും ചെയ്തു. പന്ത് പിൻനിരയിൽ പാസ് ചെയ്ത് കളിക്കുന്നതിനു പകരം ഉയർത്തിയടിച്ച് എതിർ ഹാഫിലെത്തിക്കാനായിരുന്നു അർമാനിക്ക് കോച്ച് നൽകിയ നിർദേശം. ഡാർവിൻ മാക്കിസും റിങ്കൺ ഹെർണാണ്ടസും ഇടതുഭാഗത്തു കൂടി വെനസ്വേലയുടെ ആക്രമണം നയിച്ചെങ്കിലും ഫോയ്ത് ശക്തമായ ടാക്ലിങുകൾ നടത്തി വിഫലമാക്കി. ഒരു ഘട്ടത്തിൽ ബോക്‌സിനകത്തുവെച്ച് യുവതാരം പന്ത് എതിരാളിയിൽ നിന്ന് തട്ടിയെടുത്തത് മനോഹരമായ കാഴ്ചയായിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡറായി കളിച്ച പരദസിനും പിടിപ്പത് പണിയുണ്ടായിരുന്നു.

ആദ്യപകുതിയിൽ വെനിസ്വേല മധ്യനിര നിയന്ത്രിച്ചപ്പോൾ മെസ്സിയുടെയും അഗ്വേറോയുടെയും മറ്റും പ്രകടനങ്ങൾ ചില മിന്നായങ്ങളിലൊതുങ്ങി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചു. റോഡ്രിഗോ ഡിപോളിന്റെ മുന്നോട്ടുള്ള പാസ് പിടിച്ചെടുത്ത് മുന്നേറിയ ലോതാറോ തൊടുത്ത ഷോട്ട് ബാറിൽ തട്ടിമടങ്ങിയത് അവർക്ക് ക്ഷീണമായി. തൊട്ടുപിന്നാലെ മെസ്സിയും അഗ്വേറോയും ചേർന്നുനടത്തിയ നീക്കത്തിൽ നിന്ന് വെനസ്വേല രക്ഷപ്പെടുകയും ചെയ്തു.

56-ാം മിനുട്ടിൽ യുവതാരം യെഫേഴ്‌സൺ സോറ്റൽഡോ കളത്തിലെത്തിയത് വെനിസ്വേലക്ക് കരുത്തും അർജന്റീനക്ക് ആശങ്കയും പകർന്നു. ബോക്‌സിനു ചുറ്റും പന്തുമായി റോന്തുചുറ്റിയ 21-കാരനെ നിയന്ത്രിച്ചുനിർത്താൻ അർജന്റീന പ്രതിരോധം പാടുപെട്ടു. വെനിസ്വേല സമനില ഗോളിനായി ആഞ്ഞുപൊരുതുന്നതിനിടെയാണ് അർജന്റീന ലീഡ് വർധിപ്പിച്ച ഗോൾ നേടിയത്. എതിർതാരത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സിലേക്ക് കുതിച്ച ഡിപോൾ കുറ്റമറ്റൊരു പാസ് മധ്യത്തിലേക്കു നൽകി. പാസ് പിടിച്ചെടുത്ത അഗ്വേറോ വെട്ടിത്തിരിഞ്ഞ് ഷോട്ട് തൊടുത്തപ്പോൾ പന്ത് കൈപ്പിടിയിലൊതുക്കാൻ കീപ്പർ ഫാരിനസിനായില്ല. പന്ത് തുളുമ്പി വീണതും മുന്നോട്ട് ഓടിക്കയറിയ ലോ സെൽസോ ആളൊഴിഞ്ഞ വലയിൽ അനായാസം ഗോൾ നിക്ഷേപിച്ചു. ആറു മിനുട്ടു മാത്രം മുമ്പ് അക്യൂനക്ക് പകരക്കാരനായാണ് ലോ സെൽസോ ഇറങ്ങിയത്.

64-ാം മിനുട്ടിൽ ലോതാറോ മാർട്ടിനസിനു പകരം വന്ന എയ്ഞ്ചൽ ഡിമരിയ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മെസ്സിക്കും അഗ്വേറോക്കുമൊപ്പം ഭീഷണിയുയർത്തുന്ന വലിയ നീക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടു. അതേസമയം, 85-ാം മിനുട്ടിൽ അഗ്വേറോക്കു പകരം വന്ന പൗളോ ഡിബാല കിട്ടിയ അവസരത്തിൽ കാണികളെ കയ്യിലെടുത്തു.

പ്രതിരോധത്തിൽ അർജന്റീന പാലിച്ച അച്ചടക്കമാണ് ഈ വിജയത്തിലെ സുപ്രധാന രഹസ്യം. മുന്നേറ്റനിരയിൽ മെസ്സി കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കിൽ കൂടുതൽ ഗോൾ പിറന്നേനെ. കരുത്തരായ ബ്രസീലിനെ നേരിടുമ്പോൾ മധ്യനിരയിലെ കളിയായിരിക്കും നിർണായകമാവുക. വിങ് ബാക്കുകൾ കയറിക്കളിച്ചാൽ ഡിഫൻസ് പൊളിയുമെന്നതിനാൽ വെനിസ്വേലക്കെതിരെ പുലർത്തിയ അതേ ശൈലി തന്നെയാവും സ്‌കലോനി അവലംബിക്കുക. അതേസമയം, ഗോൾ കണ്ടെത്താൻ മെസ്സിയുടെയും അഗ്വേറോയുടെയും വ്യക്തിഗത മികവിനെയും നന്നായി ആശ്രയിക്കേണ്ടി വരും. ഡിബാലക്ക് കുറച്ചധികം സമയം അനുവദിച്ചാൽ ടിറ്റേയുടെ ടീമിനെതിരെ ശക്തമായൊരു മത്സരം കാഴ്ചവെക്കാൻ അർജന്റീനക്കു കഴിയും.

Sports

2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇസ്രാഈലിനോട് കളിക്കാനില്ല; ഗസ്സയിലെ ജനങ്ങളെ കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് നോര്‍വെ

ഗസയിലെ ജനങ്ങളോടുള്ള ഇസ്രാഈല്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഈ വിഷത്തില്‍ നിസംഗത പാലിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോര്‍വീജിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഇക്കാര്യം അറിയിച്ചിരിക്കുന്നത്

Published

on

ഓസ്ലോ: 2026ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളില്‍ ഇസ്രാഈല്‍ ടീമിനോട് മത്സരിക്കാനില്ലെന്ന് നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഗസയിലെ ജനങ്ങളോടുള്ള ഇസ്രാഈല്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഈ വിഷത്തില്‍ നിസംഗത പാലിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോര്‍വീജിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2026 ലോകകപ്പിലെ യോഗ്യത മത്സരങ്ങള്‍ക്ക് ഇരുരാജ്യങ്ങളും ഒരേ ഗ്രൂപ്പിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇസ്രാഈലിനെതിരായ യോഗ്യത മത്സരം കളിച്ചിരുനിനു. തുടര്‍ന്നാണ് നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലിസ് ക്ലേവ്‌നെസ് ഇക്കാര്യം അറിയിച്ചത്.

‘ഇസ്രാഈലിന് തക്കതായ ശിക്ഷകള്‍ നല്‍കാന്‍ നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ബോഡികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇസ്രാഈലിനെതിരെ മത്സരിക്കാതെ നോര്‍വീജിയന്‍ സര്‍ക്കാരിന്റെ നിലപാടിനെ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്തുണയ്ക്കുകയാണ്.

ഗസയിലെ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തലാക്കാനുള്ള നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ആഹ്വാനത്തെ ഫുട്‌ബോള്‍ ടീം പിന്തുണയ്ക്കുന്നതായും ക്ലേവ്‌നെസ് വ്യക്തമാക്കി. ‘ഗസയില്‍ എന്താണ് സംഭവിക്കുന്നത്? സാധാരണക്കാര്‍ക്ക് നേരെയുള്ള ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും നിസംഗത പാലിക്കാന്‍ കഴിയില്ല,’ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലിസ് ക്ലേവ്‌നെസ് പറഞ്ഞു.

അന്താരാഷ്ട്ര വേദികളില്‍ ഇസ്രാഈല്‍ ഭരണകൂടത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ആഹ്വാനങ്ങളില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സജീവമായി ഇടപെടല്‍ നടത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ ഇപ്പോഴും യുവേഫ മത്സരങ്ങളുടെ ഭാഗമാണ്. ഞങ്ങള്‍ ഈ വിഷയം പരിശോധിച്ച് വരികയാണെന്നും ക്ലേവ്‌നെസ് പറഞ്ഞു. 2026 മാര്‍ച്ച് 25നും ഒക്ടോബര്‍ 11നുമാണ് ഇസ്രാഈലും നോര്‍വെയും തമ്മിലുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.

അന്താരാഷ്ട്രസമൂഹത്തില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടാണ് പലപ്പോഴും നോര്‍വെ സ്വീകരിച്ചിരുന്നത്. നോര്‍വെ ഔപചാരികമായി ഫലസ്തീനിന്റെ രാഷ്ട്ര പദവി അംഗീകരിച്ചിരുന്നു. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് നോര്‍വെ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിരുന്നു. അതിനാല്‍ തന്നെ നോര്‍വെയും ഇസ്രാഈലും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്.

Continue Reading

Sports

സന്തോഷ് ട്രോഫി; ഒഡീഷയെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്

Published

on

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍. ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്. ഡെക്കന്‍ അരീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ പകുതിയിലും ഓരോ ഗോള്‍ വീതം കേരളം കരസ്ഥമാക്കി.

കേരളത്തിനായി നസീബ് റഹ്മാന്‍ (54), മുഹമ്മദ് അജ്‌സല്‍ (40) എന്നിവരാണ് ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്റില്‍ അജ്‌സലിന്റെ മൂന്നാം ഗോളും നസീബിന്റെ രണ്ടാം ഗോളുമാണ്. ഒഡീഷയുടെ ആക്രമണ കളിയില്‍ മുട്ടുമടക്കാതെ പടപൊരുതിയാണ് കേരളം ജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സഞ്ജു ഗണേഷാണ് കളിയിലെ താരം.

ഗോവ, മേഘാലയ ടീമുകളെ തകര്‍ത്ത കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ മൂന്നാം അങ്കമായിരുന്നു ഇന്ന്. ഗോവയ്‌ക്കെതിരേ പ്രതിരോധം മൂന്ന് ഗോള്‍ വഴങ്ങിയപ്പോള്‍ നാലുഗോള്‍ നേടി മുന്നേറ്റം സ്‌ട്രോങ്ങായതാണ് രക്ഷയായത്. മേഘാലയക്കെതിരേ ഒരു ഗോളിന്റെ ജയവും.

Continue Reading

Sports

‘റോയല്‍ മാഡ്രിഡ്’; പ്രഥമ ഇന്റര്‍ കോണ്ടിനെന്റല്‍ കിരീടത്തില്‍ മുത്തമിട്ട് റയല്‍

കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ റയലിനായി ഗോളകള്‍ അടിച്ചെടുത്തു

Published

on

ദോഹ: ഫിഫ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. ഫൈനലില്‍ മെക്‌സിക്കോ ക്ലബ് പച്ചുക്കയെ 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ റയലിനായി ഗോളകള്‍ അടിച്ചെടുത്തു.

മത്സരത്തിന്റെ സമ്പൂര്‍ണ ആധിപത്യം റയലിന്റെ കൈവശമായിരുന്നു. 37ാം മിനിറ്റില്‍ എംബാപ്പെയാണ് ഗോളടി ആരംഭിച്ചത്. വിനിഷ്യസിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. അവസാന രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു പിറവിയെടുത്തത്.

53ാം മിനിറ്റില്‍ ഫ്രഞ്ച് സൂപ്പര്‍ താരത്തിന്റെ പാസില്‍ നിന്നു റോഡ്രിഗോയാണ് ഗോള്‍ നേടിയത്. വാര്‍ പരിശോധനയിലാണ് ഗോള്‍ അനുവദിച്ചത്. ഒടുവില്‍ 83ാം മിനിറ്റില്‍ റയലിനു അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മൂന്നാം ഗോള്‍.

റയല്‍ താരം ലുക്കാസ് വാസ്‌ക്വസിനെ പച്ചുക്ക താരം ഇദ്രിസി ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഏറെ നേരത്തെ വാര്‍ പരിശോധനയ്‌ക്കൊടുവിലാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത വിനിഷ്യസിനു പിഴച്ചില്ല.

Continue Reading

Trending