വീണ വിജയന്റെ എക്‌സാലോജിക് കമ്പനി സി.എം.ആര്‍.എല്ലില്‍ നിന്നും കൂടുതല്‍ പണം വാങ്ങിയെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍. 2017,2018,2019 വര്‍ഷങ്ങളില്‍ 42,48,000 രൂപ വീണയുടെ കമ്പനി വാങ്ങിയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നേരത്തെ വാങ്ങിയ 1.72 കോടിക്ക് പുറമേയാണിതെന്നും അദ്ദേഹം ആരോപിച്ചു.
സി.എം.ആര്‍.എല്ലില്‍ നിന്നും വാങ്ങിയ 42 ലക്ഷം രൂപക്ക് നികുതിയായി ആറ് ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. എന്നാല്‍, സി.എം.ആര്‍.എല്ലില്‍ നിന്നും വാങ്ങിയ 1.72 ലക്ഷം രൂപക്ക് വീണ വിജയന്‍ നികുതിയടച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നികുതി അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ പുറത്ത് വിടണം. ഇടപാടിന് നല്‍കേണ്ട 30 ലക്ഷത്തോളം രൂപ ഐ.ജി.എസ്.ടി വീണ വിജയന്‍ വെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുകില്‍ രാഷ്ട്രീയഫണ്ടായാണ് 1.72 കോടി രൂപ വീണ വിജയന്‍ വാങ്ങിയതെന്ന് സമ്മതിക്കണം. അല്ലെങ്കില്‍ വാങ്ങിയ പണത്തിന് നികുതിയടച്ചിട്ടില്ലെന്ന് സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.