സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. അഴിമതിയിൽ ഡോക്ടറേറ്റ് കിട്ടിയവർ ഉദ്യോഗസ്ഥർക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നതും ശരിയാണ്. പക്ഷേ അഴിമതിക്കാർക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒരു ഓഫീസിൽ ഒരാൾ കൈക്കൂലി വാങ്ങിക്കൂട്ടുമ്പോൾ മറ്റുള്ളവർ അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. അത് തന്നെയാണ് കേരളത്തിലെ ജനങ്ങൾക്കും മുഖ്യമന്ത്രിയോട് പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണ കള്ളക്കടത്ത് കേസിൽ 100 ദിവസം ജയിലിൽ കിടന്നു. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? അദ്ദേഹം ചോദിച്ചു.
ഇപ്പോൾ ലൈഫ് മിഷൻ കേസിലും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാണ്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്റെ ചെയർമാൻ. എന്നിട്ടും ലൈഫ് മിഷനിലെ അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു അഴിമതിയുടെ കേന്ദ്രം. എ.ഐ ക്യാമറയിലും കെ. ഫോണിലും അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. വില്ലേജ് ഓഫീസിലെ അഴിമതി മറ്റുള്ളവർ അറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയോട് ഞങ്ങൾ ചോദിക്കുന്നു, കോവിഡ് കലത്തെ കൊളള അടക്കമുള്ള 5 അഴിമതികൾ ഇപ്പോൾ അന്തരീക്ഷത്തിൽ നിൽക്കുന്നുണ്ട്. സ്വന്തം ഓഫീസിൽ നടന്ന ഈ അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞില്ലേ?
അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ ഗിരി പ്രഭാഷണം കേൾക്കുമ്പോൾ ചിരി വരുന്നു. ആരോപണങ്ങൾക്ക് മറുപടി പറയാതെ മൗനത്തിൽ ഒളിക്കുന്ന മുഖ്യമന്ത്രി, വില്ലേജ് ഓഫിസിലെ കൈക്കൂലിയെ കുറിച്ച് പറയുന്നത് വിചിത്രമാണ്. അഴിമതി ക്യാമറയ്ക്കും, കെ. ഫോൺ അഴിമതിക്കും കൃത്യമായ തെളിവുകൾ കൊണ്ട് വന്നിട്ടും ഇത് വരെ മറുപടി പറയാതെ ഓടി ഒളിക്കുകയാണ് ഭീരുവായ മുഖ്യമന്ത്രി. മറുപടി പറഞ്ഞാൽ പിന്നെ അതിൽ നിന്ന് ഊരി പോകാൻ കഴിയാത്ത തരത്തിലുള്ള തെളിവുകൾ പ്രതിപക്ഷം ഹാജരാക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അഴിമതി ക്യാമറ ജനങ്ങളെ കൊള്ളയടിക്കാൻ തുടങ്ങുന്ന ജൂൺ 5 ന് കോൺഗ്രസ് സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.