കല്‍പ്പറ്റ: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ വിതരണം ചെയ്ത് നടപ്പിലാക്കിത്തുടങ്ങിയ വനാതിര്‍ത്തി ഗ്രാമങ്ങളിലെ പുരധിവാസപദ്ധതി ഇടതുസര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ വയനാട്ടില്‍ ആദിവാസികള്‍ വീണ്ടും വനംകയ്യേറി കുടില്‍ കെട്ടല്‍ സമരത്തിലേക്ക് നീങ്ങുന്നു. സമരത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലെ നൂല്‍പ്പുഴ പഞ്ചായത്തില്‍പെട്ട കാക്കത്തോട്, ചാടകപ്പുര പണിയ കോളനിവാസികളിലെ 54 കുടുംബങ്ങള്‍ സമീപത്തെ വനത്തില്‍ കയറി കുടില്‍കെട്ടി. സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെ കാക്കത്തോടിലെ 32 കുടുംബങ്ങളും ചാടകപ്പുരയിലെ 22 കുടുംബങ്ങളുമാണ് വനഭൂമിയില്‍ കുടില്‍കെട്ടിയത്. ഇതോടെ ജില്ലയില്‍ വീണ്ടുമൊരു മുത്തങ്ങ മോഡല്‍ സമരമെന്ന ആശങ്ക വര്‍ധിച്ചിരിക്കയാണ്. 2003 ജനുവരി മൂന്നിന് ആരംഭിച്ച ഒന്നാം മുത്തങ്ങ സമരത്തില്‍ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പൊലീസ് വെടിവെപ്പിലും സംഘര്‍ഷത്തിലും ജോഗി എന്ന ആദിവാസിയുവാവും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അതിനിടെ വനഭൂമി കയ്യേറിയെന്ന് കാണിച്ച് 80 പേര്‍ക്കെതിരെ കേസെടുത്ത വനംവകുപ്പ് നടപടി വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണെന്ന ആരോപണവുമുയര്‍ന്നു കഴിഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് 300 ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള പദ്ധതിയും പാതിയില്‍ വെച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെയാണ് മറ്റുമാര്‍ഗമില്ലാതെ വനഭൂമി കയ്യേറിയതെന്നാണ് ആദിവാസികളുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ഈ കോളനികളിലെ കുടുംബങ്ങള്‍ വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ് കുടില്‍കെട്ടിയത്. പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് രേഖമൂലം ഉറപ്പുലഭിക്കാതെ വനത്തില്‍ നിന്നും ഇറങ്ങില്ലന്നാണ് കോളനിക്കാരുടെ നിലപാട്. പുരധിവാസം സംബന്ധിച്ച് തുടര്‍നടപടികളുണ്ടാവാത്തതോടെയാണ് കനത്ത മഴയിലും വന്യജീവികളുടെ ഭീഷണിക്കിടിയിലും ആദിവാസികള്‍ വനത്തില്‍ കുടില്‍കെട്ടാന്‍ തീരുമാനിച്ചത്. നിലവില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് കാക്കത്തോട് കോളനിക്കാര്‍.
കാലപ്പഴക്കത്താല്‍ എപ്പോള്‍വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഇവരുടെ വീടുകളും. കടുവ, കാട്ടാന തുടങ്ങിയവയുടെ ആക്രമണങ്ങളും പ്രദേശത്ത് പതിവാണ്. സമരം ശക്തമായതോടെ സ്ഥലം സന്ദര്‍ശിച്ച സി.കെ ശശീന്ദ്രന്‍ എം.എല്‍.എ 22ന് വിഷയം കലക്ടറുമായി ചര്‍ച്ച നടത്തുമെന്നറിയിച്ചിട്ടുണ്ടെങ്കിലും പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുറപ്പും നല്‍കാന്‍ തയ്യാറായില്ല. വയനാട് ജില്ലയിലെ വികസനപദ്ധതികളിലെന്ന പോലെ ആദിവാസി പുനരധിവാസ പദ്ധതിയിലും സര്‍ക്കാര്‍ തുടര്‍ന്ന നിസംഗതയാണ് പുതിയസമരത്തിലേക്ക് ആദിവാസികളെ തള്ളിവിട്ടതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 17.8 കോടി രൂപ കൈമാറുകയും 7.4 കോടി രൂപകൂടി അനുവദിക്കുകയും ചെയ്തിരുന്നു. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരഹിതരെന്ന് കണ്ടെത്തിയിട്ടുള്ള 447 ആദിവാസികളില്‍ 300 പേര്‍ക്ക്് ഒരേക്കര്‍ ഭൂമി വീതം നല്‍കാനും ഇവര്‍ക്ക് വീട് വെക്കാന്‍ 2.5 ലക്ഷം രൂപ വീതമുള്ള ധനസഹായം അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറായി. വിവിധ പദ്ധതികളിലൂടെ അന്നത്തെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന ആദ്യ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്തെ 9989 ഭൂരഹിത ആദിവാസികള്‍ക്ക് 13,662.377 ഏക്കര്‍ ഭൂമിയാണ് ലഭ്യമാക്കിയത്. വയനാട് ജില്ലയില്‍ 282 കുടുംബങ്ങള്‍ക്കായി 216.88 ഏക്കര്‍ ഭൂമി ഇങ്ങനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വന്ന ഇടതുസര്‍ക്കാര്‍ ആദിവാസി പുനരധിവാസ പദ്ധതികളോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ അംഗീകാരവും ഫണ്ടുമുണ്ടായിട്ടും പല പദ്ധതികളും ഫയലില്‍ തന്നെ കിടന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ആദിവാസികള്‍ വീണ്ടും കുടില്‍കെട്ടിസമരത്തിനിറങ്ങിയത് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.