Connect with us

Sports

ഉറുഗ്വേയുടേത് ഉരുക്കുകോട്ടയാണ്; അതാര്‍ക്ക് ഭേദിക്കാന്‍ കഴിയും?

Published

on

ഉറുഗ്വേ 3 റഷ്യ 0

 

കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. ഫുട്‌ബോളില്‍ അത് ഡയറക്ട് ഫ്രീകിക്ക് എടുക്കാന്‍ നില്‍ക്കുന്ന കളിക്കാരന് ഗോള്‍പോസ്റ്റ് കാണിക്കരുത് എന്നു മാറ്റിപ്പറയാം. ഫ്രീകിക്ക് നേരിടാനുള്ള സന്നാഹമൊരുക്കുമ്പോള്‍ ഗോള്‍കീപ്പര്‍മാര്‍ അലറിവിളിക്കുന്നതും വിരലുകള്‍ കൊണ്ട് എണ്ണം നല്‍കി കളിക്കാരെ സജ്ജീകരിക്കുന്നതും ശ്രദ്ധിച്ചിട്ടില്ലേ? കിക്കെടുക്കുന്ന കളിക്കാരന് പോസ്റ്റിലെ ഏറ്റവും എളുപ്പമുള്ള ഭാഗം ലക്ഷ്യംവെക്കാനുള്ള വഴി അടക്കുകയാനാണവര്‍ ചെയ്യുന്നത്. ഇന്ന് പത്താം മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിനു പുറത്തുള്ള അര്‍ധവൃത്തത്തില്‍ വെച്ച് ലൂയിസ് സുവാരസ് ഫ്രീകിക്കെടുക്കാന്‍ ഓടിവരുമ്പോള്‍, പന്ത് പോകാനുള്ള വഴിയില്‍ നിന്നും ഉറുഗ്വേ കളിക്കാരനെ ഒരു റഷ്യന്‍ കളിക്കാരന്‍ തള്ളിനീക്കുന്നതു കണ്ടു. പന്തില്‍ സ്പര്‍ശിക്കുന്നതിന്റെ തൊട്ടുമുന്നത്തെ നിമിഷം സുവാരസും വലയ്ക്കു മുന്നില്‍ ജാഗരൂകനായി നില്‍ക്കുന്ന റഷ്യന്‍ കീപ്പര്‍ അകിന്‍ഫീവും മുഖാമുഖം വന്നു. പെനാല്‍ട്ടി കിക്കെടുക്കുന്ന ലാഘവത്തില്‍ പന്തിന് ഉയരംനല്‍കാതെ ക്ഷണവേഗത്തില്‍ സുവാരസ് ലക്ഷ്യം കാണുകയും, റഷ്യന്‍ കളിക്കാരന്‍ തുറന്നിട്ട ആ ഇടനാഴി തങ്ങളുടെ ചരിത്ര വിജയത്തിന്റേതാക്കി മാറ്റുകയും ചെയ്തു. ഡിഫന്‍സ് സജ്ജീകരിച്ച അകിന്‍ഫീവ് ആണ് ഈ സംഭവത്തില്‍ പ്രതിയെന്ന് ഞാന്‍ പറയും. അടിച്ചുകയറ്റാന്‍ നോക്കുന്നതിനു പകരം സുവാരസ് പ്ലേസിങ് പരീക്ഷിക്കുമെന്ന് അയാള്‍ മുന്‍കൂട്ടിക്കണ്ടില്ല.

സൗദിയെയും ഈജിപ്തിനെയും തകര്‍ത്തു തരിപ്പണമാക്കി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുകയായിരുന്ന റഷ്യ, രണ്ടു മത്സരങ്ങളില്‍ സമഗ്രതയോടെയും ആധിപത്യത്തോടെയും വിജയിച്ച ഉറുഗ്വേയെ എങ്ങനെ നേരിടുമെന്നത് സൂപ്പര്‍ മത്സരങ്ങളെന്ന പോലെ എന്റെ വലിയ ആകാംക്ഷയായിരുന്നു. രണ്ട് കളിയില്‍ എട്ടുഗോളടിച്ച റഷ്യ പൊടുന്നനെ പലരുടെയും ഫേവറിറ്റ് ടീമായി മാറിയിരുന്നെങ്കിലും ഉറുഗ്വേക്കെതിരായ മത്സരം കഴിയുന്നതുവരെ അവരുടെ കരുത്തിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് മനസ്സ് പറഞ്ഞിരുന്നു. കൃത്യമായ ആസൂത്രണത്തോടെ, അതിന് അനുയോജ്യമായ കളിക്കാരോടെ വന്ന ഉറുഗ്വേ ഇന്ന് റഷ്യന്‍ ഫുട്‌ബോളിന്റെ പോരായ്മകള്‍ എന്തൊക്കെയെന്ന് ശരിക്കും വെളിവാക്കിയ മത്സരമായിരുന്നു ഇത്. ശക്തികൊണ്ട് കളിക്കുന്ന ടീമുകളെ തന്ത്രം കൊണ്ടു കളിക്കുന്ന ടീമുകള്‍ എങ്ങനെ തോല്‍പ്പിക്കുമെന്നതിന് ഇത് ഉദാഹരണവുമായി.

ഓസ്‌കര്‍ തബരസിന് വയസ്സ് എഴുപത്തി ഒന്നായി. ഗില്ലന്‍ മാര്‍ സിന്‍ഡ്രോം എന്ന പേശീരോഗത്താല്‍ വിഷമിക്കുന്ന അദ്ദേഹം വാക്കിങ് സ്റ്റിക്കിലൂന്നിയാണ് പരിശീലന സെഷനുകളിലും മത്സരങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളത്. സ്വന്തം നിലയ്ക്ക് എണീച്ചുനില്‍ക്കാന്‍ പോലും കഴിയാത്ത ഈ വയസ്സനെ ഉറുഗ്വേ എന്തുകൊണ്ടാണ് പരിശീലകസ്ഥാനത്തു നിന്ന് മാറ്റാത്തത് എന്നു സംശയമുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഉറുഗ്വേയുടെ മൂന്ന് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ഉത്തരം ലഭിക്കും. ചരിത്രത്തിലാദ്യമായാണ് അവര്‍ പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത്. ഹോസെ പെക്കര്‍മാനെപ്പോലെ സൗന്ദര്യോപാസകനായ ശൈലീകാരനല്ല അദ്ദേഹം. അതേസമയം, അടിതിരിച്ചടി ലൈനിലുള്ള പ്രായോഗികവാദിയുമല്ല. തന്റെ കൈവശമുള്ള വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നറിയുന്ന, ഏറ്റവും ചെറിയ മാര്‍ജിനില്‍ ജയിക്കുന്ന മത്സരങ്ങളില്‍ പോലും എങ്ങനെ ആധിപത്യത്തോടെ കളിക്കാന്‍ കഴിയുമെന്ന് കളിക്കാരെ പഠിപ്പിക്കുന്ന അധ്യാപകനാണദ്ദേഹം. കോച്ചിങിലേക്ക് തിരിയുന്നതിനു മുമ്പ് തബരസ് ഒരു സ്‌കൂള്‍ മാഷായിരുന്നു എന്നത് തികച്ചും യാദൃശ്ചികമാണോ?

സൗദിയെയും ഈജിപ്തിനെയും നേരിട്ട 442 ശൈലിയില്‍ ചെറിയ മാറ്റംവരുത്തി 4312 എന്ന ഫോര്‍മേഷനിലാണ് അദ്ദേഹമിന്ന് ടീമിനെ ഒരുക്കിയത്. ബെന്റങ്കൂര്‍ എന്ന 21കാരന് സുവാരസിനെയും കവാനിയെയും സഹായിക്കുക എന്ന പ്രത്യേക ചുമതല നല്‍കിയപ്പോള്‍ തന്നെ പവര്‍ ഫുട്‌ബോള്‍ കളിക്കുന്ന റഷ്യയെ രണ്ടുനിലയില്‍ പ്രതിരോധത്തിലാക്കാന്‍ തബരസിനായി. ഒന്ന് ആക്രമണത്തിന് മൂര്‍ച്ച കൂടി. രണ്ട് പ്രതിരോധത്തിനും ആക്രമണത്തിനുമിടയില്‍ മൂന്നംഗങ്ങളെ നിര്‍ത്താനും അതുവഴി മധ്യനിര ഭദ്രമാക്കാനും കഴിഞ്ഞു. സുവാസിന്റെ ഫ്രീകിക്ക് ഗോളിന് വഴിയൊരുക്കിയത് ബെന്റങ്കൂര്‍ ആയിരുന്നു എന്നതോര്‍ക്കുക. ഡീപ്പ് റോളില്‍ കളിച്ച ലൂകാസ് ടെരിയ ഈ ടൂര്‍ണമെന്റില്‍ ആദ്യമായാണ് സ്റ്റാര്‍ട്ടിങ് ഇലവനില്‍ വരുന്നത്. സൗദിക്കെതിരെ അയാള്‍ ഇറങ്ങിയത് രണ്ടാം പകുതിയിലാണ്. ഒരു ഗോള്‍ ലീഡ് സംരക്ഷിച്ചു കളിക്കാന്‍ ഉറുഗ്വേ തീരുമാനിച്ച സന്ദര്‍ഭത്തില്‍.

കളിയുടെ എല്ലാ മേഖലയിലും ഉറുഗ്വേക്കാര്‍ റഷ്യയെ പിന്നിലാക്കി. പ്രത്യേകിച്ചും മധ്യനിരയിലെ ആധിപത്യത്തില്‍. പത്താം മിനുട്ടില്‍ തന്നെ ലീഡ് ലഭിച്ചതിനാല്‍ കളിക്കാര്‍ക്ക് അനാവശ്യമായി ആക്രമണത്വര കാണിക്കേണ്ടി വരികയോ പൊസിഷനില്‍ വിട്ടുവീഴ്ചയോ ചെയ്യേണ്ടി വന്നില്ല. ഉയരക്കാരനായ സ്യൂബയെ ഡീഗോ ഗോഡിന്‍ തന്റെ കീശയിലാക്കിയതോടെ റഷ്യ കുഴഞ്ഞു. രണ്ടാം ഗോള്‍ വഴങ്ങുകയും 36ാം മിനുട്ടില്‍ മണ്ടത്തരം കാണിച്ച് സ്‌മോള്‍നിക്കോവ് പുറത്താവുകയും ചെയ്തതോടെ കളി അവസാനിച്ചു കഴിഞ്ഞിരുന്നു.

എഡിന്‍സന്‍ കവാനിക്ക് അയാള്‍ അതീവമായി ആഗ്രഹിച്ച ഗോള്‍ നേടാന്‍ കഴിഞ്ഞു എന്നതും ഡീഗോ ഗോഡിന്‍ പ്രതിരോധത്തിലും സെറ്റ്പീസുകളിലും തന്റെ പരിചയസമ്പത്ത് പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നു എന്നതും ഉറുഗ്വേക്ക് അടുത്ത റൗണ്ടില്‍ നല്‍കുന്ന സഹായം ചെറുതായിരിക്കില്ല. ഗോള്‍ നേടാന്‍ കഴിഞ്ഞാല്‍ മത്സരത്തെ കില്‍ ചെയ്യാന്‍ പ്രത്യേകിച്ചൊരു വൈദഗ്ധ്യമുണ്ട് അവര്‍ക്ക്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരാകുന്നത് പോര്‍ച്ചുഗലോ സ്‌പെയിനോ അതോ ഇറാനോ ആകട്ടെ, അവര്‍ ഉറുഗ്വേയുടെ ഈ സംഘത്തെ മറികടന്ന് ക്വാര്‍ട്ടറിലെത്താന്‍ നന്നായി വിയര്‍ക്കേണ്ടി വരും.

പിന്‍കുറി: സൗദി ഈജിപ്ത് മത്സരം അവസാന മിനുട്ടുകളിലൊഴികെ ലൈവ് ആയി കാണാന്‍ കഴിഞ്ഞില്ല. സലാഹിന്റെ ഗോള്‍ ഹൈലൈറ്റ് കണ്ടു.സ്വന്തം ഹാഫില്‍ നിന്നു വന്ന പന്തിനായി സലാഹ് നടത്തിയ ഓട്ടവും പന്ത് വലയിലാക്കിയ രീതിയിലും ശ്രദ്ധിച്ചോ? അതാണയാളെ ലോകോത്തര കളിക്കാരനാക്കുന്നത്. സൗദിയുടെ രണ്ടാം ഗോള്‍ അവര്‍ കല്‍ക്കുന്ന മനോഹരമായ വണ്‍ടച്ച് ഫുട്‌ബോളിന് ലഭിച്ച പ്രതിഫലമായിരുന്നു. വന്‍കിടക്കാരുടെ പവര്‍പാക്ക്ഡ് ഫുട്‌ബോളില്‍ അത് വിലപ്പോയെന്നു വരില്ല. പക്ഷേ, ഏഷ്യയിലും തുല്യശക്തികളായ ടീമുകള്‍ക്കെതിരെയും അതിന് വലിയ സാധ്യതയുണ്ട്. പിച്ചി കൂടുതല്‍ കാലം സൗദിയുടെ കോച്ചായി തുടരുകയാണെങ്കില്‍ അവര്‍ ഇനിയുമേറെ മെച്ചപ്പെടുകയും ചെയ്യും.

india

ചരിത്രം കുറിച്ച് സഞ്ജു; ടി20യില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി

47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മല്‍സരത്തില്‍ സഞ്ജു സാംസണിന് സെഞ്ചുറി. തുടര്‍ച്ചയായ രണ്ട് ട്വന്റി 20യില്‍ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. 9 സിക്സറുകളും 7 ഫോറുകളും അടക്കമാണ് നേട്ടം. 107 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഡര്‍ബനിലെ കിംഗ്സമേഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു ഇന്ത്യ. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു.

ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവരാണ് സഞ്ജുവിന് മുമ്പ് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടിയ താരങ്ങള്‍. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്. ഹൈദരാബാദില്‍ ഒക്ടോബര്‍ 12-ന് ബംഗ്ലാദേശിനെതിരേ തകര്‍ത്തടിച്ച സഞ്ജു മിന്നല്‍ പ്രകടനം മാറ്റാതെ തന്നെയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ക്രീസിലെത്തിയത്.

സഞ്ജുവിന് പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(7), നായകന്‍ സൂര്യകുമാര്‍ യാദവ്(21), മധ്യനിര താരം തിലക് വര്‍മ(33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ ദക്ഷിണാഫ്രിക്കക്കെതിരെ എത്തുന്നത്.

Continue Reading

Football

ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് എംബാപ്പെയെ പുറത്തിട്ട് ദെഷാംപ്‌സ്‌

റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.

Published

on

ഈ മാസം നടക്കുന്ന നാഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഫ്രാൻസ് ദേശീയ ഫുട്ബാൾ ടീമിൽനിന്ന് സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ഒഴിവാക്കി കോച്ച് ദിദിയർ ദെഷാംപ്സ്. നവംബർ 14ന് ഇസ്രാഈലിനും 17ന് ഇറ്റലിക്കുമെതിരായ മത്സരങ്ങളിലാണ് എംബാപ്പെക്ക് പുറത്തിരിക്കേണ്ടി വരിക. റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.

ഈയിടെയായി റയൽ മഡ്രിഡ് നിരയിൽ സ്വതസിദ്ധമായ ഫോമിലല്ല എംബാപ്പെ. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് 4-0ത്തിന് തകർന്നടിഞ്ഞ റയൽ, ചാമ്പ്യൻസ് ലീഗിൽ എ.സി മിലാനു മുന്നിൽ കൊമ്പുകുത്തിയത് 3-1നാണ്. ഗോളുകൾ നേടാൻ കഴിയാത്ത എംബാപ്പെയെ വിമർശിച്ച് മുൻ ഫ്രഞ്ച് നായകൻ തിയറി ഹെന്റി ഈയിടെ രംഗത്തെത്തിയിരുന്നു. റയൽ നിരയിൽ 15 കളികളിൽനിന്ന് എട്ടു ഗോളുകളാണ് 25കാരനായ എംബാപ്പെയുടെ പേരിലുള്ളത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരു തവണ മാത്രമേ താരത്തിന് വല കുലുക്കാനായിട്ടുള്ളൂ.

റയലിന്റെ ആക്രമണനിരയിൽ തന്റെ ഇഷ്ടപൊസിഷനായ ഇടതുവിങ്ങിൽ കളിക്കാൻ നിലവിൽ മുൻ ഫ്രഞ്ച് ക്യാപ്റ്റന് അവസരം കിട്ടുന്നില്ല. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെയാണ് കോച്ച് കാർലോ ആഞ്ചലോട്ടി ഈ പൊസിഷനിൽ കളത്തിലിറക്കുന്നത്.

പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ റയലിലേക്ക് കൂടുമാറിയ എംബാപ്പെക്ക് പരിക്കുകാരണം കഴിഞ്ഞ മാസം ഫ്രാൻസിനെതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു. പരിക്കുമാറി ക്ലബിനുവേണ്ടി കളത്തിൽ തിരിച്ചെത്തിയെങ്കിലും തൽക്കാലം എംബാപ്പെയില്ലാതെ അടുത്ത രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങാനാണ് ദെഷാംപ്സിന്റെ തീരുമാനം. താരവുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ടീമിൽ തിരിച്ചെത്തണമെന്ന് കിലിയൻ ആഗ്രഹിച്ചിരുന്നതായി കോച്ച് പറഞ്ഞു. എന്നാൽ, താരത്തെ ഒഴിവാക്കി ദെഷാംപ്സ് ടീം പ്രഖ്യാപിക്കുകയായിരുന്നു. 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ മുന്നണിപ്പോരാളിയായ എംബാപ്പെ 86 കളികളിൽ രാജ്യത്തിനായി ഇതുവരെ 48 ഗോളുകൾ നേടിയിട്ടുണ്ട്.

Continue Reading

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം, സഞ്ജു ഓപ്പണറായേക്കും

ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.

Published

on

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.

മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്.

സൂര്യകുമാറിന്റെ നായക മികവില്‍ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാര്‍ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. 2023ല്‍ പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ സഞ്ജു ഏകദിനത്തില്‍ സെഞ്ച്വറി നേടിയതും ആരാധര്‍ക്കും പ്രതീക്ഷയേകുന്നു.

 

Continue Reading

Trending