Connect with us

Sports

കവാനി ഒഴിച്ചിട്ട ശൂന്യത; കാന്റെ നടന്നു തീര്‍ത്ത ദൂരങ്ങള്‍

Published

on

ഉറുഗ്വേ 0 ഫ്രാന്‍സ് 2

എഡിന്‍സന്‍ കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ തന്നെ ഉറുഗ്വേ ഫ്രാന്‍സ് മാച്ചിന്റെ വിധി മുന്‍കൂട്ടിക്കണ്ട അനേകരിലൊരാളായിരുന്നു ഞാനും. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാന്‍സിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാര്‍ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതുണ്ടായില്ല. പ്രതീക്ഷിച്ചതിനപ്പുറമൊന്നും സംഭവിച്ചതുമില്ല. സെമിയില്‍ വാശിയേറിയ ഒരു ഹൈവോള്‍ട്ടേജ് മത്സരത്തിനുള്ള കളമൊരുക്കി എന്നതിലാണ് ഇന്ന് ഫ്രാന്‍സ് ജയിച്ചതിലുള്ള എന്റെ സന്തോഷം.

442 പദ്ധതിയില്‍ ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിനുണ്ടായിരുന്ന ക്രിസ്റ്റ്യന്‍ സ്റ്റുവാനി, ക്ലിനിക്കല്‍ സ്‌െ്രെടക്കര്‍ എന്ന പദത്തിന്റെ നേര്‍രൂപമായ കവാനിക്ക് ഒരുനിലക്കും പകരക്കാരനായിരുന്നില്ല. അതുകൊണ്ടുതന്നെ കളി ചൂടുപിടിച്ചപ്പോള്‍ തന്നെ മധ്യനിരയുടെ നിയന്ത്രണമേറ്റെടുക്കാന്‍ ഫ്രാന്‍സിന് അനായാസം കഴിഞ്ഞു. മധ്യനിര അടക്കിവാണും എംബാപ്പെക്കും ഗ്രീസ്മനും തൊലിസ്സോക്കും നിരന്തരം പന്തെത്തിച്ചും അവര്‍ ഭീഷണിയുയര്‍ത്തി. ആദ്യ കാല്‍മണിക്കൂര്‍ പിന്നിട്ടയുടന്‍ ഗിറൂദ് ഹെഡ്ഡ് ചെയ്തു നല്‍കിയ പാസ് കാത്തുനിന്ന് നിലത്തിറക്കുന്നതിനു പകരം ഹെഡ്ഡ് ചെയ്യാനുള്ള എംബാപ്പെയുടെ തീരുമാനം പാളിയത് ഉറുഗ്വേക്ക് ആശ്വാസമായെങ്കിലും അത് മൈതാനത്ത് നടക്കുന്നത് എന്തൊക്കെയാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. അപകടകാരിയായ എംബാപ്പെ ബോക്‌സില്‍ ഫ്രീയായി നില്‍ക്കുകയെന്നാല്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ: ഈ പ്രതിരോധം കുറ്റമറ്റതല്ല. എന്നിട്ടും, എംബാപ്പെയുടെ കുതറിയോട്ടങ്ങളെ ഒരുപരിധി വരെ പ്രതിരോധിക്കാന്‍ ആകാശനീലക്കാര്‍ക്കു കഴിഞ്ഞു. ഒരു ഘട്ടത്തില്‍ അയാളുടെ വേഗതക്കു മുന്നില്‍ സ്വന്തം ടീമംഗങ്ങള്‍ വരെ തോല്‍ക്കുന്നതും കണ്ടു.

ദെഷാംപ്‌സിന്റെ പദ്ധതികളുടെ ആത്മാവായ എന്‍ഗോളോ കാന്റെ പോള്‍ പോഗ്ബ ദ്വയം മധ്യത്തിലുള്ളതിനാലും വെച്ചിനോയും ഹിമനസും ഡീപ്പായി കളിക്കുന്നതിനാലും നേരേ ചൊവ്വേ ബോക്‌സിലേക്ക് ആക്രമണം നയിക്കാന്‍ ഉറുഗ്വേക്ക് തീരുമാനമുണ്ടായിരുന്നില്ല. അവര്‍ നാന്റെസ് സുവാരസ് വഴി വലതുവശത്തു കൂടിയും ബെന്റങ്കൂര്‍ സ്റ്റുവാനി വഴി ഇടതുവശത്തു കൂടിയും ഗോള്‍ ലക്ഷ്യം വെച്ചു കളിച്ചു. നാന്റസ് വലതുവശത്തു നിന്ന് തൊടുക്കുന്ന ക്രോസുകള്‍ ബോക്‌സില്‍ വെച്ച് നിര്‍വീര്യമാക്കപ്പെടുമ്പോള്‍ കവാനിയുടെ അസാന്നിധ്യം തെളിഞ്ഞു കണ്ടു. ലക്ഷണമൊത്ത കൂട്ടാളികളില്ലാതെ ലൂയിസ് സുവാരസിന് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

ഫ്രാന്‍സിന്റെ ആദ്യഗോളിലെ പകുതി മാര്‍ക്കും ഗ്രീസ്മന്റെ ലളിതമായ സാമര്‍ത്ഥ്യത്തിനു നല്‍കണം. ഫ്രികിക്ക് ചെയ്യാന്‍ വരുമ്പോള്‍ വെറുതെ ഒന്നോങ്ങി അയാള്‍ ഉറുഗ്വേ ഡിഫന്‍സിനെ കാറ്റത്തെ നെല്‍ച്ചെടി പോലെ ചായ്ച്ചു. അവിടെ രൂപപ്പെട്ട ഗ്യാപ്പിലേക്കാണ് വരാന്‍ നീങ്ങിച്ചെന്നതും ഗ്രീസ്മന്‍ പന്ത് കൃത്യമായി എത്തിച്ചതും. ആ ഹെഡ്ഡര്‍, ഒരു നിമിഷാര്‍ധം മുമ്പോ ശേഷമോ ആയിരുന്നെങ്കില്‍ പ്രതിരോധക്കാരന്റെ തലയില്‍ തട്ടി ഉയരേണ്ടതായിരുന്നു.

രണ്ടാം ഗോളിന് മുസ്‌ലേരയുടെ പിഴവിനെ പഴിചാരാം എന്നേയുള്ളൂ. ബോക്‌സിന്റെ പരിസരത്ത് അത്ര ഫ്രീയായി ഒരു ലോകോത്തര താരം തൊടുക്കുന്ന ഷോട്ട് പിടിച്ചെടുക്കുക എന്നത് ഒരു ഗോള്‍കീപ്പര്‍ക്കും എളുപ്പമല്ല. പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലുണ്ടായ പിഴവാണ് മുസ്‌ലേരയെക്കൊണ്ട് ആ പിഴവ് വരുത്തിച്ചത്. പന്ത് പിടിച്ചെടുക്കാനാണ് അയാളാദ്യം തീരുമാനിച്ചത്. പക്ഷേ, വിചാരിച്ച ഗതിയിലല്ല വരവെന്ന് കണ്ടതോടെ നിമിഷാര്‍ധം കൊണ്ട് തീരുമാനം മാറ്റുകയും തട്ടിയകറ്റാന്‍ നോക്കുകയും ചെയ്തു. പക്ഷേ, ഗ്രീസ്മന്‍ തൊടുത്ത ഷോട്ടിന്റെ വേഗത ചതിച്ചു. ഔട്ട്ഫീല്‍ഡ് കളിക്കാരുടെ പിഴവുകള്‍ ആരാധകര്‍ പെട്ടെന്നു മറക്കും; അവര്‍ സൃഷ്ടിക്കുന്ന അത്ഭുത നിമിഷങ്ങള്‍ അവര്‍ എന്നും ഓര്‍ത്തുവെക്കുകയും ചെയ്യും. ഗോള്‍കീപ്പര്‍മാരുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. ഗോള്‍ നേടുന്നതിനോളം വലിയ കാര്യം തന്നെയാവും അവരുടെ പല സേവുകളും. പക്ഷേ, അവര്‍ ഓര്‍മിക്കപ്പെടുക ഇന്ന് മുസ്‌ലേരയും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലോറിസ് കറിയസുമൊക്കെ വരുത്തിയതു പോലുള്ള പിഴവുകളുടെ പേരിലാവും.

എന്‍ഗോളോ കാന്റെയെപ്പറ്റി പ്രത്യേകം പരാമര്‍ശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. എന്തൊരു ജന്മമാണ് അയാളുടേത്! ടാക്ലിങ്ങുകളിലും ഇന്റര്‍സെപ്ഷനിലും റിക്കവറിയിലും അയാള്‍ ഇന്നും തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. കാന്റെയുടെ കാലില്‍നിന്നു പുറപ്പെടുന്ന 50:50 ചാന്‍സുള്ള പാസുകള്‍ പോലും വിഫലമാകുന്നതു കണ്ടില്ല. കുഷ്യന്‍ ലഭിച്ചപ്പോള്‍ അയാള്‍ ഒരു സ്‌റ്റെപ്പ് കയറിക്കളിച്ചതാണ് ഉറുഗ്വേയുടെ പ്രത്യാക്രമണ സാധ്യതകള്‍ പോലും വിഫലമാക്കിയത്. ക്ഷണവേഗത്തില്‍ കളിയുടെ ഗതിമാറ്റി വിടുന്ന അയാള്‍ക്ക് തുല്യനായി ലോകഫുട്‌ബോളില്‍ ഇന്നൊരു കളിക്കാരനുമില്ല. ഇന്നത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചിനെ തീരുമാനിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ ഒരു സന്ദേഹവുമില്ലാതെ ഞാന്‍ കാന്റെയെ തെരഞ്ഞെടുക്കുമായിരുന്നു.

india

ചരിത്രം കുറിച്ച് സഞ്ജു; ടി20യില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി

47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മല്‍സരത്തില്‍ സഞ്ജു സാംസണിന് സെഞ്ചുറി. തുടര്‍ച്ചയായ രണ്ട് ട്വന്റി 20യില്‍ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. 9 സിക്സറുകളും 7 ഫോറുകളും അടക്കമാണ് നേട്ടം. 107 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഡര്‍ബനിലെ കിംഗ്സമേഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു ഇന്ത്യ. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു.

ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവരാണ് സഞ്ജുവിന് മുമ്പ് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടിയ താരങ്ങള്‍. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്. ഹൈദരാബാദില്‍ ഒക്ടോബര്‍ 12-ന് ബംഗ്ലാദേശിനെതിരേ തകര്‍ത്തടിച്ച സഞ്ജു മിന്നല്‍ പ്രകടനം മാറ്റാതെ തന്നെയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ക്രീസിലെത്തിയത്.

സഞ്ജുവിന് പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(7), നായകന്‍ സൂര്യകുമാര്‍ യാദവ്(21), മധ്യനിര താരം തിലക് വര്‍മ(33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ ദക്ഷിണാഫ്രിക്കക്കെതിരെ എത്തുന്നത്.

Continue Reading

Football

ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് എംബാപ്പെയെ പുറത്തിട്ട് ദെഷാംപ്‌സ്‌

റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.

Published

on

ഈ മാസം നടക്കുന്ന നാഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഫ്രാൻസ് ദേശീയ ഫുട്ബാൾ ടീമിൽനിന്ന് സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ഒഴിവാക്കി കോച്ച് ദിദിയർ ദെഷാംപ്സ്. നവംബർ 14ന് ഇസ്രാഈലിനും 17ന് ഇറ്റലിക്കുമെതിരായ മത്സരങ്ങളിലാണ് എംബാപ്പെക്ക് പുറത്തിരിക്കേണ്ടി വരിക. റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.

ഈയിടെയായി റയൽ മഡ്രിഡ് നിരയിൽ സ്വതസിദ്ധമായ ഫോമിലല്ല എംബാപ്പെ. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് 4-0ത്തിന് തകർന്നടിഞ്ഞ റയൽ, ചാമ്പ്യൻസ് ലീഗിൽ എ.സി മിലാനു മുന്നിൽ കൊമ്പുകുത്തിയത് 3-1നാണ്. ഗോളുകൾ നേടാൻ കഴിയാത്ത എംബാപ്പെയെ വിമർശിച്ച് മുൻ ഫ്രഞ്ച് നായകൻ തിയറി ഹെന്റി ഈയിടെ രംഗത്തെത്തിയിരുന്നു. റയൽ നിരയിൽ 15 കളികളിൽനിന്ന് എട്ടു ഗോളുകളാണ് 25കാരനായ എംബാപ്പെയുടെ പേരിലുള്ളത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരു തവണ മാത്രമേ താരത്തിന് വല കുലുക്കാനായിട്ടുള്ളൂ.

റയലിന്റെ ആക്രമണനിരയിൽ തന്റെ ഇഷ്ടപൊസിഷനായ ഇടതുവിങ്ങിൽ കളിക്കാൻ നിലവിൽ മുൻ ഫ്രഞ്ച് ക്യാപ്റ്റന് അവസരം കിട്ടുന്നില്ല. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെയാണ് കോച്ച് കാർലോ ആഞ്ചലോട്ടി ഈ പൊസിഷനിൽ കളത്തിലിറക്കുന്നത്.

പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ റയലിലേക്ക് കൂടുമാറിയ എംബാപ്പെക്ക് പരിക്കുകാരണം കഴിഞ്ഞ മാസം ഫ്രാൻസിനെതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു. പരിക്കുമാറി ക്ലബിനുവേണ്ടി കളത്തിൽ തിരിച്ചെത്തിയെങ്കിലും തൽക്കാലം എംബാപ്പെയില്ലാതെ അടുത്ത രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങാനാണ് ദെഷാംപ്സിന്റെ തീരുമാനം. താരവുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ടീമിൽ തിരിച്ചെത്തണമെന്ന് കിലിയൻ ആഗ്രഹിച്ചിരുന്നതായി കോച്ച് പറഞ്ഞു. എന്നാൽ, താരത്തെ ഒഴിവാക്കി ദെഷാംപ്സ് ടീം പ്രഖ്യാപിക്കുകയായിരുന്നു. 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ മുന്നണിപ്പോരാളിയായ എംബാപ്പെ 86 കളികളിൽ രാജ്യത്തിനായി ഇതുവരെ 48 ഗോളുകൾ നേടിയിട്ടുണ്ട്.

Continue Reading

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം, സഞ്ജു ഓപ്പണറായേക്കും

ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.

Published

on

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.

മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്.

സൂര്യകുമാറിന്റെ നായക മികവില്‍ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാര്‍ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. 2023ല്‍ പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ സഞ്ജു ഏകദിനത്തില്‍ സെഞ്ച്വറി നേടിയതും ആരാധര്‍ക്കും പ്രതീക്ഷയേകുന്നു.

 

Continue Reading

Trending