ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്ക് തട്ടിപ്പു കേസ് പുറത്തുവന്നു ഒരു മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ ആദ്യമായി പ്രതികരിച്ചു. വായ്പയെടുത്ത് തിരിച്ചടിക്കാതെ ചില കമ്പനികള്‍ രാജ്യത്തിന്റെ ഭാവി കൊള്ളയടിച്ചു. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വിഷം കുത്തിവെക്കുകയാണ് ഇവര്‍ ചെയ്തത്. ഈ മാരക വിഷത്തെ അതിജീവിക്കാന്‍ ഏതറ്റംവരേയും പോരാടും എന്നത് എന്റെ ഉത്തരവാദിത്വമാണ് ആര്‍.ബി.ഐ തലവന്‍ ഉര്‍ജിത്ത് പട്ടേല്‍ പ്രതികരിച്ചു.
സംസ്ഥാനങ്ങളുടെ കിഴീല്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ മേലില്‍ ആര്‍.ബി.ഐയുടെ അധികാര പരിധി ചെറുത്താണെന്നും. ബാങ്കിന്റെ മാനേജ്‌മെന്റ്, ഡയറക്ടര്‍ തുടങ്ങി പ്രധാന കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്കാവില്ലയെന്നും മേല്‍പറഞ്ഞ ആളുകളാണ് ആര്‍ക്കെല്ലാം എത്ര രൂപ വായ്പ നല്‍കുമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിപ്പു നടത്തിയവര്‍ക്ക് എതിരെ കൂടുതല്‍ നടപടി സ്വീകരിക്കുന്നതിനു പകരം ബാങ്കു മാനേജ്‌മെന്റിനു പഴിചാരുന്ന നീക്കമാണ് പട്ടേലിന്റെ ഭാഗത്തുനിന്നുണ്ടായത്.
രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ വായ്പയെടുത്ത് രത്‌ന വ്യാപരി നീരവ് മോദി, കിങ് ഫിഷര്‍ കമ്പനിയുടമ വിജയ് മല്ല്യ, റോട്ടോമാക് പെന്‍സ് കമ്പനി ഉടമ വിക്രം കോത്താരി എന്നിവര്‍ വായ്പ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്നത് വലിയ വിവാദമായിരുന്നു. വിഷയത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പുകാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.
വജ്രാഭരണ ഡിസൈന്‍ കമ്പനി ഉടമ നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു 11,400 കോടിയോളം രൂപ തട്ടിയെടുത്ത് രാജ്യം വിട്ടിരുന്നു. ഇതിനു പിന്നാലെ അഞ്ചു പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 800 കോടിയോളം രൂപയുടെ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ റോട്ടോമാക് പെന്‍സ് കമ്പനി ഉടമ വിക്രം കോത്താരിയും രാജ്യംവിട്ടിരുന്നു. സമാന രീതിയില്‍ മറ്റു ബാങ്കുകളിലും അരങ്ങേറിയ തട്ടിപ്പുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പട്ടേലിന്റെ പ്രതികരണം.