ജന്മിയും കര്‍ഷകനുമായ ഉപ്പി സാഹിബ്
പി.എം.എ സലാം
കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിയുടെ പ്രഥമ വൈസ് പ്രസിഡണ്ടും മദ്രാസ് അസംബ്ലിയിലെ എം.എല്‍.എയുമായിരുന്ന ഉപ്പി സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 51 വര്‍ഷം പൂര്‍ത്തിയാവുകയാണ്. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കോട്ടല്‍ തറവാട്ടില്‍ 1891 ലാണ് ഉപ്പി സാഹിബ് ജനിക്കുന്നത്. തലശ്ശേരി മാപ്പിള സ്‌കൂള്‍, ബ്രണ്ണന്‍ കോളജ് മദ്രാസിലെ മുഹമ്മദന്‍സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത് ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് സ്‌കൂളുകളും കോളജുകളും ബഹിഷ്‌കരിച്ച് പുറത്തുവന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഉപ്പി സാഹിബുമുണ്ടായിരുന്നു. സ്വരാജ് പാര്‍ട്ടിയുടെ പ്രതിനിധിയായി 1920,1926 വര്‍ഷങ്ങളില്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1930ല്‍ സെന്‍ട്രല്‍ അസംബ്ലി മെമ്പറായി. 1930 ല്‍ മുസ്‌ലിം മജ്‌ലിസ് രൂപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായി. 1934ല്‍ സത്താര്‍ സേട്ട് സാഹിബ് സെന്‍ട്രല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം മലബാര്‍ പ്രദേശത്ത് മുസ്‌ലിംലീഗിന്റെ രൂപീകരണത്തിന് മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച ഉപ്പി സാഹിബ് മദ്രാസ് സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയില്‍ വൈസ് പ്രസിഡണ്ടായിരുന്നു. കോട്ടയം താലൂക്ക് മുസ്‌ലിംലീഗ് പ്രസിഡന്റ്,് കണ്ണൂര്‍ ജില്ല മുസ്‌ലിംലീഗ് കമ്മിറ്റി പ്രഥമ പ്രസിഡന്റ്, കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
1937 ഫെബ്രുവരി 16ന് കുറുമ്പ്രനാട് മണ്ഡലത്തില്‍ നിന്നും മദ്രാസ് അസംബ്ലിയിലേക്ക് ബി.പോക്കര്‍ സാഹിബ് മല്‍സരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടെനിന്ന് പ്രവര്‍ത്തിച്ചു. 1937 ഡിസംബര്‍ 20ന് തലശ്ശേരിയില്‍ വച്ച് മലബാര്‍ ജില്ല മുസ്‌ലിംലീഗ് കമ്മിറ്റിയുടെ രൂപീകരണയോഗം ചേര്‍ന്നപ്പോള്‍ അബ്ദുറഹിമാന്‍ ആലി രാജ സാഹിബ് പ്രസിഡണ്ടും സത്താര്‍ സേട്ട് സാഹിബ് ജനറല്‍ സെക്രട്ടറിയും മമ്മുക്കേയി സാഹിബ് ട്രഷററുമായിരുന്നു. 1946ല്‍ അദ്ദേഹം മദ്രാസ് നിയമ നിര്‍മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി മുസ്‌ലിംലീഗ് ആയിരുന്നു. മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആയിരുന്നു പ്രതിപക്ഷ നേതാവ് മാപ്പിളമാരെ തിരഞ്ഞുപിടിച്ച് അന്തമാനിലേക്ക് നാടുകടത്തുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കിരാത നടപടിക്കെതിരെ സഭക്കകത്തും പുറത്തും അദ്ദേഹം ശക്തമായി ശബ്ദിച്ചു. ഭൂ പരിഷ്‌കരണത്തിന്റെ പേരില്‍ മദ്രാസ് അസംബ്ലിയില്‍ മലബാര്‍ കുടിയാന്‍ നിയമം ചര്‍ച്ചക്ക് വന്നപ്പോള്‍ സഭയില്‍ കുടിയാന്മാരുടെയും കര്‍ഷകരുടെയും ശബ്ദമായി മുഴങ്ങിയത് ഉപ്പി സാഹിബായിരുന്നു. ജന്മം കൊണ്ട് ജന്മിപുത്രന്‍ ആയ ഉപ്പി സാഹിബ് കുടിയാന്‍മാര്‍ക്കുവേണ്ടി ശക്തമായി ശബ്ദം ഉയര്‍ത്തി. പ്രസംഗം കേട്ട് പാട്ടക്കുടിയാന്മാരും കര്‍ഷകരും ആവേശം കൊണ്ടു. പത്തുവര്‍ഷമായിട്ടും പാട്ടം കൊടുക്കാത്തവരെ അവരുടെ ഭൂമിയില്‍നിന്നും ഒഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ ശക്തമായി വാദിച്ചു. നൂറ് വര്‍ഷമാണെങ്കിലും പാട്ടം കൊടുക്കാത്തതിന്റെ പേരില്‍ കുടിയാന്മാരെ അവരുടെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കരുതെന്ന് ഉപ്പി സാഹിബും ശക്തമായി വാദിച്ചു.
ഇത് കേട്ട് അധ്യക്ഷ പീഠത്തില്‍ ഇരുന്ന ഗവര്‍ണര്‍ ആര്‍ച്ച് ബേര്‍ഡ് നൈ ക്ഷുഭിതനായി. അദ്ദേഹം പറഞ്ഞു മിസ്റ്റര്‍ ഉപ്പീ… യു ആര്‍ ഫ്രം കോട്ടാല്‍ തറവാട് ഉടനെ ഉപ്പിസാഹിബിന്റെ മറുപടി വന്നു മൈ തറവാട് നോട്ട് മൈ കോണ്‍സ്റ്റിറ്റിയുവന്‍സി. ജന്മം കൊണ്ട് ഞാന്‍ ജന്മിയാണെങ്കിലും നിലപാട്‌കൊണ്ട് ഞാന്‍ കര്‍ഷകരുടെയും പാട്ട് കൂടിയാന്മാരുടെയും കൂടെയാണെന്ന് ധൈര്യസമേതം നിയമസഭയില്‍ അദ്ദേഹം വിളിച്ചുപറഞ്ഞു. 1950ല്‍ മലപ്പുറത്തെ എം.എല്‍.എയായിരുന്ന കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി മരണമടഞ്ഞ ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം.പി.എം ഹസ്സന്‍കുട്ടി കുരിക്കളെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് മുന്നില്‍ ഉപ്പി സാഹിബ് ഉണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഹസ്സന്‍കുട്ടി കുരുക്കള്‍ ജയിച്ചതോടുകൂടി മലബാറില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിച്ചു. മുസ്‌ലിംലീഗ് ശക്തി പ്രാപിക്കാന്‍ തുടങ്ങി. 1948 ലെ ഹൈദരാബാദ് ആക്ഷന് ശേഷം മുസ്‌ലിംലീഗിന്റെ പല നേതാക്കന്മാരെയും ഭരണകൂടം വേട്ടയാടിയപ്പോള്‍ പലരും മുസ്‌ലിംലീഗ് വിട്ടുപോയി. ആ പ്രതിസന്ധിഘട്ടത്തിലും മുസ്‌ലിംലീഗിനെ പിടിച്ചുനിര്‍ത്തുന്നതില്‍ ഉപ്പി സാഹിബ് വലിയ പങ്കുവഹിച്ചു.
ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന 1952ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തിരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് ഉപ്പി സാഹിബ് മത്സരിച്ച് വിജയിച്ചത്. അദ്ദേഹത്തിന്റ കൂടെ കോട്ടക്കല്‍ മണ്ഡലത്തില്‍നിന്നും ചാക്കീരി അഹമ്മദ് കുട്ടി, പെരിന്തല്‍മണ്ണയില്‍നിന്നും കെ.കെ മുഹമ്മദ് ഷാഫി സാഹിബ്, മലപ്പുറം നിയോജകമണ്ഡലത്തില്‍നിന്നും ജനറല്‍ സീറ്റില്‍ കെ.എം സീതി സാഹിബ്, സംവരണ സീറ്റില്‍ എം ചടയന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ. ദാമോദരനായിരുന്നു ഉപ്പി സാഹിബിന്റെ എതിരാളി. അദ്ദേഹത്തിന് കെട്ടിവച്ച കാശ് പോലും നഷ്ടമായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. മുസ്‌ലിംലീഗ് അസംബ്ലി പാര്‍ട്ടി യോഗം ചേര്‍ന്ന് കോണ്‍ഗ്രസിന് സര്‍ക്കാറുണ്ടാക്കാന്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. അസംബ്ലി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ സീതി സാഹിബിനെയാണ് സഭാ നേതാവായി ഉപ്പി സാഹിബ് നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഉപ്പി സാഹിബിനെ പോലെ പരിചയസമ്പന്നനായ ഒരാള്‍ സഭയില്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ ഒരിക്കലും ആ സ്ഥാനം ഏറ്റെടുക്കില്ലെന്നും ഉപ്പി സാഹിബാണ് അതിന് ഏറ്റവും അനുയോജ്യനെന്നും സീതിസാഹിബ് ശക്തമായി വാദിച്ചു. ഒടുവില്‍ പാര്‍ട്ടിലീഡറായി ഉപ്പിസാഹിബിനെ തിരഞ്ഞെടുത്തു. കേരളപ്പിറവിക്ക് ശേഷം മുസ്‌ലിംലീഗ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‌വേണ്ടി ഉപ്പിസാഹിബ് ഏറെ കഠിനാധ്വാനം ചെയ്തു. ആദ്യത്തെ കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിയില്‍ അദ്ദേഹം വൈസ്പ്രസിഡണ്ടായിരുന്നു. പിന്നീട് അനാരോഗ്യംകാരണം വിശ്രമജീവിതത്തിലേക്ക് മടങ്ങി. 1967ല്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി അധികാരമേറ്റപ്പോള്‍ ഉപ്പി സാഹിബിനെ ചെന്ന് കാണുകയും സന്തോഷം പങ്കിടുകയുംചെയ്തു. നല്ലൊരു വായനക്കാരനായിരുന്നത് കൊണ്ട്തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ നല്ലൊരു ലൈബ്രറിയും ഉണ്ടായിരുന്നു. 1972 മെയ് 11ന് 81 മത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. കണ്ണൂര്‍ ഉളിയില്‍ കാട്ടില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു.