X
    Categories: CultureMoreNewsViews

എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച ഉപേന്ദ്ര കുശ്‌വാഹ യു.പി.എയില്‍

ന്യൂഡല്‍ഹി: എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച ഉപേന്ദ്ര കുശ്‌വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി(ആര്‍. എല്‍.എസ്.പി) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയില്‍ ചേര്‍ന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് പുതിയ നീക്കം. ബിഹാറിലെ ബി.ജെ.പി വിരുദ്ധ മഹാ സഖ്യത്തിന് ഇതോടെ കരുത്തു കൂടും. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. യു.പി.എയില്‍ ചേരുന്നത് ഉള്‍പ്പെടെ ഒന്നിലധികം വഴികളുണ്ടെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയുടേയും ലാലു പ്രസാദ് യാദവിന്റെയും ഹൃദ്യമായ സമീപനം തീരുമാനം എളുപ്പമാക്കി. ബിഹാറിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ തീരുമാനം- ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉപേന്ദ്ര കുശ്‌വാഹ വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ. സി.സി ജനറല്‍ സെക്രട്ടറി ശക്തി സിങ് ഗോഹില്‍, ആര്‍. ജെ.ഡി നേതാവ് തേജസ്വി യാദവ്, ശരത് യാദവ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
കുശ്‌വാഹയെ യു.പി.എയിലേക്ക് സ്വാഗതം ചെയ്യുന്നതായി അഹമ്മദ് പട്ടേല്‍ പറഞ്ഞു. ബിഹാറില്‍ ബി.ജെ.പിക്കെതിരെ സഖ്യം നിലവിലുണ്ട്. കുശ്‌വാഹ എത്തുന്നതോടെ അതൊരു മഹാസഖ്യമായി മാറുമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. സഖ്യ കക്ഷികളുടെ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള ബി. ജെ.പി നീക്കമാണ് എന്‍. ഡി.എ വിടാനുള്ള ആര്‍.എല്‍. എസ്.പി തീരുമാനമത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ ഏഴ് സീറ്റിലാണ് ആര്‍.എല്‍.എസ്.പി മത്സരിച്ചിരുന്നത്. ഇതില്‍ ആറ് സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഒന്നോ രണ്ടോ സീറ്റ് മാത്രം നല്‍കി മറ്റു സീറ്റുകള്‍ ആര്‍. എല്‍.എസ്.പിയില്‍നിന്ന് പിടിച്ചെടുക്കാന്‍ ബി.ജെ.പി നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് കുശ്‌വാഹയുടെ കൂടുമാറ്റം. മഹാസഖ്യത്തില്‍ ആര്‍.എല്‍.എസ്.പിക്ക് അഞ്ചു സീറ്റു നല്‍കിയേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: