ലക്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍(എന്‍.ടി.പി.സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഗുരുതരമായി പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ച പത്തുപേര്‍ കൂടി ഇന്നലെ മരിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരെല്ലാം പ്ലാന്റിലെ തൊഴിലാളികളാണ്. പരിക്കേറ്റ നൂറിലധികം പേര്‍ ചികില്‍സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
പരിക്കറ്റവരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആസ്പത്രിയില്‍ സന്ദര്‍ശിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി രാഹുലെത്തിയത്. ഭീകരമായ അപകടമാണിതെന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് വഴിവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ അപകടം സ്ഥലം സന്ദര്‍ശിക്കുന്നതായി രാഹുല്‍ ട്വിറ്ററില്‍ അറിയിച്ചിരുന്നു.
സോണിയാ ഗാന്ധിയുടെ മണ്ഡലമാണ് റായ്ബറേലി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും യു.പി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
ഈ വര്‍ഷം കമ്മീഷന്‍ ചെയ്ത ആറാമത്തെ യൂനിറ്റിലാണ് സ്ഫോടനമുണ്ടായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോയിലിങ് പ്ലാന്റ് എന്‍.ടി.പി.സി നവീകരിച്ചത്. നീരാവി കടന്നുപോകുന്ന കുഴലാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനസമയത്ത് നൂറ്റമ്പതോളം തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റ് അടച്ചതായി എന്‍.ടി.പി.സി അധികൃതര്‍ അറിയിച്ചു. 210 മെഗാവാട്ടില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് യൂനിറ്റുകളുമായി 1988ലാണ് എന്‍.ടി.പി.സിയുടെ പവര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്.