സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എന്‍,സി.ആര്‍.ബി). 2021 നെ അപേക്ഷിച്ച് 2022ല്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ നാലുശതമാനം വര്‍ധനവാണുണ്ടായത്. 2021ല്‍ 4,45,256 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീകള്‍, കുട്ടികള്‍,പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം എന്‍.സി.ആര്‍.ബി പുറത്തുവിട്ടത്. കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്ന് മനസിലാക്കാം. 2022ല്‍ പ്രതിദിനം മൂന്ന് ബലാത്സംഗക്കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കുറ്റകൃത്യങ്ങളുടെ നിരക്കില്‍ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും മുന്നില്‍. നഗരങ്ങളില്‍ ഡല്‍ഹിയും.
2022ല്‍ യുപിയില്‍ 65,743 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് (45,331)തൊട്ടുപിന്നില്‍. 45,058കേസുകള്‍ രജിസ്റ്റര്‍ ചെയ്ത രാജസ്ഥാനാണ് മൂന്നാംസ്ഥാനത്ത്.
2022ല്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ് (5399). 3,690 കേസുള്‍ രജിസ്റ്റര്‍ ചെയ്ത യു.പിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള മധ്യപ്രദേശില്‍ 3,029 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്.മഹാരാഷ്ട്രയില്‍ 2,904ഉം ഹരിയാനയില്‍ 1787 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യങ്ങള്‍ 2022ല്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും യു.പിയിലാണ് (62) അത്തരത്തിലുള്ള 41 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശാണ് തൊട്ടുപിന്നില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 1204 ബലാത്സക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
2022ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 48,755 കേസുകളും 19 മെട്രോപൊളിറ്റന്‍ നഗരങ്ങളിലാണ്. 2021 നെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനവാണിതില്‍ കാണിക്കുന്നത്. ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്യ ബന്ധുക്കളില്‍ നിന്നോ ഉള്ള പീഡനങ്ങളാണ് ഈ കേസുകളില്‍ കൂടുതലും(31.4ശതമാനം).
കണക്കില്‍ 19.2 ശതമാനം സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. 18.7 ശതമാനം സ്ത്രീകള്‍ക്കെതിരായ കൈയേറ്റവും 7.1 ശതമാനം ബലാത്സംഗക്കേസുകളുമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. മധ്യപ്രദേശും ഉത്തര്‍പ്രദേശുമാണ് തൊട്ടുപിന്നില്‍