Connect with us

Culture

എസ്.പി ആദ്യഘട്ട പട്ടിക പുറത്തിറക്കി; കോണ്‍ഗ്രസുമായി സീറ്റ് വിഭജന കാര്യത്തില്‍ ധാരണയായില്ല

Published

on

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സമാജ്്‌വാദി പാര്‍ട്ടി പുറത്തിറക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആദ്യ മൂന്ന് ഘട്ടങ്ങളില്‍ മത്സരിക്കുന്ന 191 പേരുടെ ലിസ്റ്റിന് അംഗീകാരം നല്‍കിയത്. മുന്‍ സംസ്ഥാന പ്രസിഡണ്ടും കുടുംബ പോരില്‍ അഖിലേഷിന്റെ ബദ്ധശത്രുവുമായ ശിവപാല്‍ യാദവും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി മുലായംസിങ് യാദവ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിമത ക്യാമ്പിനേയും അഖിലേഷ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസുമായി സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ലെന്ന് എസ്.പി വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് എസ്.പി സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ എട്ട് സിറ്റിങ് സീറ്റുകളും പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടും. കോണ്‍ഗ്രസുമായി അന്തിമധാരണ ആയാല്‍ ഈ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നീക്കുപോക്ക് ഉണ്ടായേക്കും.
403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 103 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 80-85 സീറ്റുകളാണ് എസ്.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ 54 സീറ്റുകള്‍ നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളോ രണ്ടാം സ്ഥാനത്തുള്ള സീറ്റുകളോ ആയിരിക്കുമെന്നാണ് എസ്.പി വാഗ്ദാനം. അതേസമയം പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായുള്ള സമ്മര്‍ദ്ദമാണ് നിലവില്‍ കോണ്‍ഗ്രസ് തുടരുന്നത്.
ഫെബ്രുവരി 11, 15, 19 തീയതികളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2012ല്‍ വിജയിച്ച ജസ്വന്ത് നഗര്‍ മണ്ഡലമാണ് ശിവപാലിന് നല്‍കിയിരിക്കുന്നത്. അര്‍വിന്ദ് സിങ് ഗോപ്, നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാള്‍, അസം ഖാന്റെ മകന്‍ അബ്ദുല്ല അസം എന്നിവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ 403 സീറ്റുകളിലും മത്സരിക്കുമെന്ന പ്രഖ്യാപനവുമായി അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്‍.എല്‍.ഡി രംഗത്തെത്തി. നേരത്തെ എസ്.പിയു കോണ്‍ഗ്രസും ആര്‍.എല്‍.ഡിയും ചേരുന്ന വിശാല സഖ്യം നിലവില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം തന്നെയാണ് ആര്‍.എല്‍.ഡിയുമായുള്ള സഖ്യനീക്കത്തിന് തിരിച്ചടിയായത്. വിശാല സഖ്യത്തിനുള്ള സാധ്യത ഇപ്പോഴും മങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി ആര്‍.എല്‍.ഡി നേതൃത്വം ഇപ്പോഴും ചര്‍ച്ച തുടരുന്നുണ്ട്. 36 സീറ്റാണ് ആര്‍.എല്‍.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
സീറ്റ് മുന്നില്‍ കണ്ടുള്ള ചാഞ്ചാട്ടവും സജീവമാണ്. എസ്.പിയുടെ രണ്ട് സിറ്റിങ് എം.എല്‍.എമാര്‍ ഇന്നലെ ആര്‍.എല്‍.ഡിയില്‍ ചേര്‍ന്നു. ഭഗവാന്‍ ശര്‍മ്മ എന്ന ഗുഡ്ഡു പണ്ഡിറ്റ്, സഹോദരന്‍ മുകേഷ് ശര്‍മ്മ എന്നിവരാണ് ആര്‍.എല്‍.ഡിയില്‍ ചേര്‍ന്നത്. അതേസമയം ആര്‍.എല്‍.ഡിയുടെ രണ്ട് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കും ചേക്കേറിയിട്ടുണ്ട്. ദല്‍വീര്‍ സിങ്, പുരന്‍ പ്രകാശ് എന്നിവരാണ് കളംമാറിയത്.

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Film

തകർപ്പൻ കാസ്റ്റ് & ക്രൂവുമായി ‘പാതിരാത്രി’ എത്തുന്നു

സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു

Published

on

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു . ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രനുണ്ട്.

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ  അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .

എഡിറ്റർ – ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് – ജേക്സ് ബിജോയ് , ആർട്ട് ഡയറക്ടർ – ദിലീപ് നാഥ്   പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ , മേക്കപ്പ് – ഷാജി പുൽപ്പള്ളി , കോസ്റ്റ്യൂം – ലിജി പ്രേമൻ , സ്റ്റിൽസ് – നവീൻ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ .

Continue Reading

Trending