ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സെംഗാര്‍ പ്രതിയായ പീഡനക്കേസ് സി.ബി.ഐക്ക് വിടാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ എം.എല്‍.എക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നു. ഐ.പി.സി, പോക്‌സോ വകുപ്പുകളാണ് എം.എല്‍.എക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉന്നാവോയിലെ 18 വയസുള്ള പെണ്‍കുട്ടി എ.എല്‍.എയും സഹോദരനും മാനഭംഗപ്പെടുത്തിയെന്നും പൊലീസ് കേസെടുക്കുന്നില്ലെന്നും ആരോപിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ എം.എല്‍.എയുടെ ഗുണ്ടകള്‍ വീട്ടില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും എം.എല്‍.എയും സഹോദരനും തന്നെ ബലാല്‍സംഗം ചെയ്‌തെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. ഒരു വര്‍ഷത്തോളം പരാതിയുമായി നടന്നുവെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പിതാവിനെ എം.എല്‍.എയുടെ സഹായികള്‍ ലാത്തിയും തോക്കും ബെല്‍റ്റും വടിയും ഉപയോഗിച്ച് മര്‍ദിക്കുകയും പിന്നീട് കള്ളക്കേസെടുത്ത് ജയിലിലടക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പറഞ്ഞു. അഞ്ചാം തിയ്യതി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സുരേന്ദ്ര എന്ന പപ്പു സിങ്ങിനെ ഞായറാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.
ബുധനാഴ്ച രാത്രി നാടകീയമായി പൊലീസ് സ്റ്റേഷനിലെത്തിയ എം.എല്‍.എ താന്‍ ഒളിവിലല്ലെന്നും ലക്‌നൗവില്‍ തന്നെയുണ്ടെന്നും നിരപരാധിയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. യു.പി സര്‍ക്കാറിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.