X

ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങി; കോഴിക്കോട് മെഡിക്കൽ കോളേജിന് നേരെ വീണ്ടും ആരോപണം

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്കു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിന് നേരെ വീണ്ടും ആരോപണം. ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയതായി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. അത്തോളി ചീക്കിലോട് കോറോത്ത് അശോകനാ(60)ണ് ബൈപ്പാസ് ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയതിനെത്തുടർന്ന് അഞ്ചുവർഷമായി ദുരിതമനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതിനൽകിയത്.

നെഞ്ചുവേദനയെത്തുടർന്ന് 2018 ഓഗസ്റ്റിലാണ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ആശുപത്രി വിട്ടിട്ടും മുറവുണങ്ങാതെ ഇതിൽനിന്ന് രക്തവും നീരും ഒലിക്കുകയായിരുന്നു. നാലുതവണയായി വീണ്ടും മെഡിക്കൽ കോളേജിലെത്തി ഡോക്ടർമാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് പല ഡോക്ടർമാരെയും കണ്ട് ചികിത്സ നടത്തിയെങ്കിലും മുറിവുണങ്ങിയില്ല. ഒടുവിൽ ഉള്ളിയേരിയിലെ മെഡിക്കൽ കോളേജിലെത്തി ഡോക്ടറെ കണ്ടപ്പോഴാണ് സ്‌കാൻ ചെയ്യാൻ നിർദേശിച്ചത്. സ്‌കാനിങ്ങിൽ ഹൃദയത്തിനു താഴെയായി ബാഹ്യവസ്തു കിടക്കുന്നത് കണ്ടെത്തി. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശസ്ത്രക്രിയനടത്തി അത് പുറത്തെടുത്തു. ഇതോടെ രക്തവും നീരും മറ്റും വരുന്നത് നിന്നതായും മുറിവുണങ്ങിയതായും അശോകൻ പറഞ്ഞു.

webdesk14: