Connect with us

kerala

പുതുപ്പള്ളിയില്‍ യു.ഡി.എഫിനുള്ളത് സ്വപ്നതുല്യമായ വിജയലക്ഷ്യം: വി.ഡി സതീശന്‍

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് പോളിങ് ദിനത്തിലേക്ക് കടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് പോളിങ് ദിനത്തിലേക്ക് കടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിക്കുന്നത്. യു.ഡി.എഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ട്. അതിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷം എത്രയാണെന്ന് പറയാന്‍ ഇപ്പോള്‍ ധൈര്യമില്ല. ഞാന്‍ പറഞ്ഞാലും ഭൂരിപക്ഷം അതൊക്കെ വിട്ടുപോകും. എല്ലാം ജനങ്ങളുടെ കയ്യിലാണ്. ഉമ്മന്‍ ചാണ്ടിക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ വികാരം കൂടി വന്നപ്പോഴാണ് ഞങ്ങള്‍ സ്വപ്നതുല്യമായ വിജയലക്ഷ്യം ഉറപ്പിച്ചത് അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരെ സോളര്‍ കേസ് പ്രതി നല്‍കിയ പരാതി വ്യാജമാണെന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ കോടതി അംഗീകരിച്ചു. നാല് പൊലീസ് സംഘങ്ങള്‍ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞിട്ടും മതിവരാഞ്ഞ് ഉമ്മന്‍ ചാണ്ടിയെ വഷളാക്കണമെന്ന് കരുതിയാണ് പിണറായി വിജയന്‍ തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐക്ക് വിട്ടത്. ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും സി.പി.എം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. ഏഴ് വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും കേസില്‍ എന്തെങ്കിലും ഒരു തുമ്പ് കണ്ടെത്താനായോ? മനപൂര്‍വമായി ഒരു മനുഷ്യനെ വേട്ടയാടാനും അപകീര്‍ത്തിപ്പെടുത്താനും അപഹസിക്കാനും വേണ്ടി സി.പി.എം നടത്തിയ പ്രചരണവും തെരഞ്ഞെടുപ്പിന് മുന്‍പ് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ട പിണറായി വിജയന്റെ നാടകവും കെട്ടിപ്പൊക്കിയ വ്യാജ ആരോപണങ്ങളായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. തെറ്റായ ആരോപണം ഉന്നയിച്ചതിലൂടെ പെണ്‍മക്കള്‍ അടക്കമുള്ള ഉമ്മന്‍ ചാണ്ടിയുടെ കുടുംബം എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ട്? പരാതി വ്യാജമായിരുന്നെന്ന സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണം അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന്റെ 22-ാം ദിനത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജില്ലാ നേതാക്കളെ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടിക്കൊണ്ടുള്ള പ്രചരണമാണ് സി.പി.എം നടത്തിയത്. ജനങ്ങളില്‍ നിന്നും അതിനെതിരെ പ്രതികരണമുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായ പ്രചരണം ആവര്‍ത്തിക്കില്ലെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെ സി.പി.എം നേതാക്കളുടെ അറിവോടെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബര്‍ ആക്രമണം നടത്തി. ഇടുക്കിയില്‍ നിന്നും എം.എം മണിയെ രംഗത്തിറക്കി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആക്ഷേപം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ജനങ്ങളുടെ മനസിലുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അത് ആര്‍ക്കും മായ്ച്ച് കളയാനാകില്ല. അതിനൊപ്പം തന്നെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ വിനിയോഗിച്ചത്. മണിപ്പൂരിലും രാജ്യത്താകെയും ബി.ജെ.പി നടത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെ ജനങ്ങളുമായി ചര്‍ച്ച ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ മാസപ്പടി ഉള്‍പ്പെടെയുള്ള ആറ് സുപ്രധാന അഴിമതി ആരോപണങ്ങളും ഓണക്കാലത്തെ രൂക്ഷമായ വിലക്കയറ്റവും നികുതി ഭീകരതയും കാര്‍ഷിക മേഖലയോടുള്ള അവഗണനയുമൊക്കെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി. ഏഴ് മാസമായി മൗനത്തിലായ മുഖ്യമന്ത്രി പുതുപ്പള്ളിയിലെങ്കിലും മാധ്യമങ്ങളോട് സംസാരിക്കണമെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് ഘട്ടമായി പ്രചരണത്തിനെത്തിയെങ്കിലും മാധ്യമങ്ങളെ കാണാനോ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനോ തയാറാകാതെ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. ഉത്തരം പറയാന്‍ സാധിക്കത്ത തരത്തിലുള്ള പ്രതിരോധനത്തിലായതിനാല്‍ മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഇപ്പോഴും ഒളിച്ചോടുകയാണ.് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞത്. കിടങ്ങൂരില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബി.ജെ.പി സഹായത്തോടെ കോട്ടയം നഗരസഭയിലെയും എസ്.ഡി.പി.ഐ സഹായത്തോടെ ഈരാറ്റുപേട്ടയിലെയും യു.ഡി.എഫ് ഭരണം സി.പി.എം താഴെയിറക്കിതൊക്കെ മറന്നുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. കേരളത്തിലെ സി.പി.എമ്മും ബി.ജെപിയുടെ കേന്ദ്ര നേതൃത്വവും തമ്മില്‍ ബന്ധമുണ്ട്. കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിലൂടെ അത് വ്യക്തമായതുമാണ്. എന്നിട്ടും അതേക്കുറിച്ചൊന്നും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. കേരളത്തില്‍ വിലക്കയറ്റമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് വിശ്വസിക്കുന്ന ഏകയാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ പലതരത്തിലും സി.പി.എം അധികാര ദുര്‍വിനിയോഗത്തിന് ശ്രമിച്ചു. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ചില സമുദായ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രചരണത്തിന്റെ അവസാന ആഴ്ച സി.പി.എം ശ്രമിച്ചു. ചാണ്ടി ഉമ്മന് ലഭിക്കുന്ന മഹാഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്. അതിനെയൊക്കെ മറികടക്കുന്ന പ്രചരണം യു.ഡി.എഫ് നടത്തിയിട്ടുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ ചെയ്ത എല്ലാ കാര്യങ്ങളും പുറത്ത് പറയാത്തത്. ജനങ്ങള്‍ക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുണ്ട്.

പോളിങ് ദിനത്തില്‍ ഓരോ ബൂത്തുകളിലെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ച് പോയവരുടെയും ഒരു കാരണവശാലും വോട്ട് ചെയ്യാന്‍ എത്താത്തവരുടെയും പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കും. അതുകൊണ്ട് കള്ളവോട്ട് ചെയ്യാനായി പുതുപ്പള്ളിയിലേക്ക് ആരും വരേണ്ട. വന്നാല്‍ തൃക്കാക്കരയില്‍ വന്നയാളുടെ അനുഭവമുണ്ടാകും. മരിച്ചു പോയ ആരും വോട്ട് ചെയ്യാനായി എഴുന്നേറ്റ് വരേണ്ട. സി.പി.എമ്മിനെ സഹായിക്കാമെന്ന് ഏതെങ്കിലും പ്രസൈഡിങ് ഓഫീസര്‍ വിചാരിച്ചാല്‍ അയാളുടെ കാര്യവും ബുദ്ധിമൂട്ടിലാകും. 152 ബൂത്തുകളിലും കൃത്യമായ പ്രവര്‍ത്തനമാണ് യു.ഡി.എഫ് നടത്തിയത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധാനം ചെയ്തുകൊണ്ടാകും ഈ മാസം അഞ്ചിന് പുതുപ്പള്ളിയിലെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഈ സര്‍ക്കാരിനെതിരായ അതിരോഷം പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ പ്രതിഫലിപ്പിക്കുമെന്ന വിശ്വാസം യു.ഡി.എഫിനുണ്ട്.

യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ പ്ലാറ്റ്ഫോം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ കോണ്‍ഗ്രസ് വിരുദ്ധതയാണ് കേരളത്തിലെ സി.പി.എം നേതാക്കളുടെയും പിണറായി വിജയന്റെയും മുഖമുദ്ര. സര്‍ക്കാരിനെതിരായ എല്ലാ കേസുകളും ബി.ജെ.പിയുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പില്‍ എത്തിച്ചിരിക്കുകയാണ്. അടുത്തിടെ ഉയര്‍ന്ന മാസപ്പടി ആരോപണത്തില്‍ പോലും കേസെടുത്തില്ല. കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. എന്നിട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു കേസും എടുത്തില്ല. മമതാ ബാനര്‍ജിക്കെതിരെയും സ്റ്റാലിനെതിരെയോ ഭൂപേഷ് ബാഗലിനെതിരെയോ അശോക് ഗഹലോട്ടിനെതിരെയോ ആയിരുന്നു ആരോപണമെങ്കില്‍ എപ്പോഴെ കേസെടുത്തേനെ. പക്ഷെ ഇവിടെ ഒരു കേസുമില്ല.

53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. ലോകത്തെ എല്ലായിടത്തുമുള്ള മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി നില്‍ക്കുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്നേഹവും അടുപ്പവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാരിനെതിരായ ജനവികാരവും പ്രതിഫലിക്കും. കുടുംബയോഗങ്ങളില്‍ സര്‍ക്കാരിനെതിരെ ഞങ്ങള്‍ പറയാന്‍ വിട്ടുപോകുന്ന കാര്യങ്ങള്‍ സാധാരണക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ച് പറയും. അത്രയും സര്‍ക്കാര്‍ വിരുദ്ധ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്.

2020, 23 വര്‍ഷങ്ങളില്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവള പത്രങ്ങളില്‍ കേന്ദ്രത്തിനും സര്‍ക്കാരിനും എതിരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അന്ന് നല്‍കിയ മുന്നറിയിപ്പുകളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. നെല്ല് സംഭരണത്തിന് എത്ര പണം കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്നത് കണ്ടെത്താന്‍ സപ്ലൈകോ ഓഡിറ്റ് പോലും നടത്തിയിട്ടില്ല. ഇന്നലെയാണ് 50 ഓഡിറ്റര്‍മാരെ സപ്ലൈകോ നിയമനിച്ചത്. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയാലെ കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കൂ. നെല്ല് സംഭരണത്തിനുള്ള പണം ഉമ്മന്‍ ചാണ്ടി കൃത്യമായി നല്‍കിക്കൊണ്ടിരുന്നതാണ്. റബര്‍ വില സ്ഥിരതാ ഫണ്ടിനായി കഴിഞ്ഞ വര്‍ഷം നീക്കി വച്ച 500 കോടിയില്‍ 33 കോടി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഈ വര്‍ഷം 600 കോടിയില്‍ നിന്നും 13.75 കോടിയുമാണ് ചെലവാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 1000 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. റബറിന് 250 രൂപ വില നിശ്ചയിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനവും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. അതൊക്കെ ഇപ്പോള്‍ മറച്ചു വയ്ക്കുകയാണ്. റബര്‍ വിലത്തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനുള്ളതു പോലെ സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്.

ആകാശം ഇടിഞ്ഞു വീണാലും കെ റെയില്‍ നടപ്പാക്കൂം കേട്ടോ… എന്നാണ് കെ റെയില്‍ കടന്നു പോകാത്ത തൃക്കാക്കരയില്‍ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ കെ റെയില്‍ കടന്നു പോകുന്ന പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി അതേക്കുറിച്ച് ഒന്നു മിണ്ടിയില്ല. എന്തേ ആകാശം ഇടിഞ്ഞു വീണോ? ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രഖ്യാപനങ്ങളായിരുന്നു ഇതൊക്കെ. കേന്ദ്രത്തിന്റെ അനുമതിയുമായി വന്നാലും കെ റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്.

പ്രതിപക്ഷ നേതാവിന്റെ ഡിസന്റോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ നിയമനം സംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. വിശദാശങ്ങള്‍ ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതൊക്കെ പരിശോധിച്ച് ജ. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷനാക്കരുതെന്നതാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.

അടിച്ചുവാരി കിട്ടുന്ന 8000 രൂപ പ്രതിഫലം കൊണ്ടാണ് സതിയമ്മ കുടുംബം പുലര്‍ത്തിയിരുന്നത്. അവരുടെ മകന്‍ മരിച്ചപ്പോഴും പിന്നീടും ഉമ്മന്‍ ചാണ്ടി സാര്‍ ഞങ്ങളെ സഹായിച്ചെന്ന് പറഞ്ഞതിന്റെ പേരിലാണ് അവരെ ജോലിയില്‍ നിന്ന് പുറത്താക്കിയതും കള്ളക്കേസെടുത്തതും. എന്തൊരു മനുഷ്യത്വഹീനമായ നടപടിയാണ്? ഈ പാവപ്പെട്ട സ്ത്രീയാണോ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ശത്രു? അവിടെയാണ് ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം. ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ അവരെ ചേര്‍ത്ത് പിടിച്ചേനെ. എന്തൊരു മനസാണ് സി.പി.എമ്മിന്? ഇതാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി? ഈ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്യും. ഈ പോക്ക് പോയാല്‍ ബംഗാളിലെ സ്ഥിതി കേരളത്തിലും ഉണ്ടാകുമെന്ന് നല്ല കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നുണ്ട്. ആ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയും താരതമ്യം ചെയ്യാനുള്ള അവസരം സി.പി.എം തന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അബ്ദുറഹീം: കണക്കുകൾ പുറത്തുവിട്ട് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി

ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ചത് : 47,87,65,347 രൂപ
ഇതുവരെയുള്ള ചെലവ് : 36,27,34,927 രൂപ
ബാക്കി : 11,60,30,420 രൂപ

Published

on

കോഴിക്കോട് : സഊദിയിലെ റിയാദിൽ ജയിൽ മോചനം കാത്ത് കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ ദിയ ധനം കണ്ടെത്തുന്നതിന്റെ ഭാഗമായി 47,87,65,347 രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചതായി അബ്ദുറഹീം ലീഗൽ അസ്സിസ്റ്റൻസ് ട്രസ്റ്റ് കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ഇതുവരെയായി 36,27,34,927 രൂപ ചെലവായതായും ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികൾ വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പടെയുള്ള വ്യക്തമായ കണക്കുകളാണ് കമ്മിറ്റി പുറത്ത് വിട്ടത്. ബാക്കിയുള്ള തുക അബ്ദുറഹീം ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സർവകക്ഷി സമിതിയുടെ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കുമെന്ന് ചെയർമാൻ സുരേഷ് കുമാർ, ജനറൽ കൺവീനർ കെ കെ ആലിക്കുട്ടി എന്നിവർ പറഞ്ഞു.

സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്. റിയൽ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തിൽ ലോകം കൈകോർത്തത് കേരള ചരിത്രത്തിൽ സുവർണ്ണ രേഖയായി അവശേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നാട്ടിലെയും റിയാദിലെയും നിയമ സഹായ സമിതികൾ വഴി ചെലവായ തുകയിലേക്കും ആപിന്റെ ടി ഡി എസ് ഇനത്തിലും ബാക്കി നൽകാനുള്ള തുക വൈകാതെ നൽകി എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമായി പൂർത്തിയാക്കും .

അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി തീരുമാനമെടുക്കുകയും ആത്മധൈര്യത്തോടെ മുന്നോട്ട് പോവുകയും ചെയ്ത റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി, മഹാ യജ്ഞത്തിൽ കൈകോർത്ത ലോക മലയാളി സമൂഹത്തിനും മത, രാഷ്ട്രീയ സംഘടനകൾ ഉൾപ്പടെ വിവിധ തലങ്ങളിലെ സംഘടനകൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും വിശിഷ്യാ സഊദി ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തിനും ലീഗൽ അസ്സിസ്റ്റൻസ് കമ്മിറ്റി ഹൃദ്യമായ നന്ദി രേഖയപെടുത്തി.

റിയാദിലെ നിയമ സഹായ സമിതിയോടൊപ്പം ഇന്ത്യൻ എംബസിയുടെ നിരന്തരമായ ഇടപെടലുകളാണ് ദിയ നൽകാനും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും കാരണമായത്. അംബാസഡർ ഡോ. സുഹൈൽ അജാസ്ഖാൻ ഉൾപ്പടെ ഡിസിഎം, വെൽഫയർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, റഹീമിന്റെ മോചനത്തിന് വേണ്ടി തുടക്കം മുതൽ രംഗത്തുള്ള എംബസി ഉദ്യോഗസ്ഥൻ യുസഫ് കാക്കഞ്ചേരി, നിയമ നടപടികൾക്കായി ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കുന്ന പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂർ, റഹീമിന്റെ വക്കീലുമാർ, പരിഭാഷകർ, റിയാദിലെ മുഴുവൻ സംഘടനകളുടെയും നേതാക്കൾ, പ്രവർത്തകർ, നാട്ടിലെ കോടമ്പുഴ പ്രാദേശിക കമ്മിറ്റി, വിവിധ തലങ്ങളിൽ റഹീമിന്റെ ജയിൽ മോചനത്തിന് വേണ്ടി പ്രവർത്തിച്ചവർ ഉൾപ്പടെയുള്ളവർക്കെല്ലാം കമ്മിറ്റി കടപ്പാട് അറിയിച്ചു.

അബ്ദുറഹീമിന്റെ കേസ് നാളെ (ഞായറാഴ്ച) റിയാദിലെ ക്രിമിനൽ കോടതി പരിഗണിക്കാനിരിക്കെയാണ് ട്രസ്റ്റ് കമ്മിറ്റിയുടെ കണക്കുകൾ വെളിപ്പെടുത്തിയുള്ള വാർത്താസമ്മേളനം. ദിയാധനം സ്വീകരിച്ചതിന് ശേഷം സഊദി കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിന്റെ തുടർന്ന് കഴിഞ ജൂലൈ രണ്ടിന് അബ്ദു റഹീമിന്റെ വധശിക്ഷ റദ്ദാക്കിയതായി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മോചന ഉത്തരവ് ലഭിച്ചാൽ റിയാദ് കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയാക്കി വൈകാതെ അബ്ദുറഹീം നാട്ടിലെത്തും . അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലിൽ റഹീമുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത് ഈ മഹാ ദൗത്യത്തിൽ പങ്കാളികളായിരുന്നു എല്ലാവര്ക്കും ഏറെ സന്തോഷം പകർന്നു.

സഊദി പൗരന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സഊദി കുടുംബം 15 മില്യൺ റിയാലായിരുന്നു ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വർഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സഊദി കുടുംബത്തിന്റെ തന്നെ വക്കീലിന്റെ പ്രത്യേക ഇടപെടൽ മൂലം പതിനഞ്ച് മില്യൺ റിയാലിന് മോചനം നൽകാൻ സമ്മതിച്ചത്. ഫണ്ട് സമാഹരണം മുന്നിൽ കണ്ട് റിയാദിലെ സർവകക്ഷി സമിതിയുടെ നിർദേശ പ്രകാരം 2021ലാണ് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം എൽ എമാർ, സർവ കക്ഷി നേതാക്കൾ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു ട്രസ്റ്റ് കമ്മിറ്റി.

അബ്ദുറഹീമിന് വധശിക്ഷ നൽകുക എന്ന തീരുമാനത്തിൽ ഉറച്ചു നിന്നിരുന്ന സഊദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാർ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ഒക്ടോബറിൽ ദിയ ധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നൽകാൻ സഊദി കുടുംബം തയ്യാറായത്. വക്കീലുമാർ മുഖേന ഇന്ത്യൻ എംബസിയും റിയാദിലെ നിയമ സഹായ സമിതിയും തുടർച്ചയായി നടത്തിയ കഠിന പ്രയത്നമാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ വഴിയൊരുക്കിയത് .

ദിയ നൽകി മാപ്പ് നൽകാനുള്ള സഊദി കുടുംബത്തിന്റെ തീരുമാനം ഡിസംബറിൽ ഇന്ത്യൻ എംബസി നാട്ടിൽ അബ്ദുറഹീമിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു . മലപ്പുറത്തെ സ്പെയിൻ കോഡ് എന്ന ഐ ടി കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് മാർച്ച് പത്ത് മുതൽ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടത്. ദിയധനം സമാഹരിച്ച് ഔദ്യോഗികമായി ഇന്ത്യൻ എംബസി വഴി വിവരം അറിയിക്കാൻ സഊദി കുടുംബം വക്കീലുമാർ മുഖേന നൽകിയ സമയപരിധി ഏപ്രിൽ 16 ആയിരുന്നു. ഫണ്ട് സമാഹരിച്ച വിവരം ഏപ്രിൽ 16നകം അറിയിച്ചില്ലെങ്കിൽ മാപ്പ് നൽകാമെന്ന ഉറപ്പിൽ നിന്ന് പിന്മാറുമെന്നായിരുന്നു സഊദി കുടുംബത്തിന്റെ നിലപാട്. എന്നാൽ ദൈവാനുഗ്രഹത്താൽ ഫണ്ട് സമാഹരണത്തിന് അനുയോജ്യമായ വിധം വിശുദ്ധ റമളാൻ കൂടി കടന്നു വന്നതോടെ സമയപരിധിക്ക് നാല് ദിവസം മുമ്പേ തന്നെ ഏപ്രിൽ 12 ന് ആവശ്യമായ തുക സ്വരൂപിച്ചു ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു.

പിന്നീട് ഏറെ സുതാര്യമായ രീതിയിലാണ് പിന്നീട് ഫണ്ട് റിയാദിലെ ക്രിമിനൽ കോടതിയുടെ ചീഫ് മജിസ്‌ട്രേറ്റിന്റെ പേരിലെത്തിച്ചത്. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡൽഹിയിലെ വിദേശ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയിലേക്കെത്തിച്ച ഫണ്ട് എംബസി ചെക്ക് വഴി റിയാദ് ഗവർണറേറ്റിലേക്ക് കൈമാറി. ഗവര്ണറേറ്റിൽ നിന്ന് കോടതിക്ക് കൈമാറിയ ചെക്ക് പിന്നീട് മരിച്ച സഊദി പൗരന്റെ മാതാവ്, രണ്ട് സഹോദരന്മാർ , നാല് സഹോദരിമാർ എന്നിവരുടെ പേരിൽ നിയമ പ്രകാരമുള്ള വിഹിതമായി കോടതി തന്നെ നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നൽകി. വക്കീലിനുള്ള തുകയും ഇന്ത്യൻ എംബസി വഴി തന്നെ ചെക്ക് നൽകി.

പൂർണ്ണമായും ഔദ്യോഗിക മാര്ഗങ്ങളിലൂടെ നടന്ന ദിയ ധന കൈമാറ്റം സംബന്ധിച്ചും റിയാദിലെയും നാട്ടിലെയും നിയമ സഹായ സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിക്കാൻ ചിലർ രംഗത്തുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇങ്ങിനെ സോഷ്യൽ മീഡിയ വഴി ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും സർവകക്ഷി സമിതിയുടെ ഇടപെടലിലോ ഇടപാടുകളിലോ അണുമണിത്തൂക്കം സംശയം ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കി. ലോകം കൈകോർത്ത നന്മ നിറഞ്ഞ മഹാ ദൗത്യത്തെ വികൃതമാക്കുന്ന നീക്കങ്ങളിൽ നിന്ന് ഇത്തരമാളുകൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.

റിയാദിലെ ജയിലിലെത്തി അബ്ദുറഹീമിനെ കാണുകയും റിയാദ് അബ്ദുറഹീം നിയമ സഹായ സമിതിയുടെ സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്ത മാതാവിനും സഹോദരനും അമ്മാവനും യഥാർത്ഥ വസ്തുതകൾ എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം അവർ തന്നെ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറയുകയും ചെയ്തതായും ഭാരവാഹികൾ വ്യക്തമാക്കി. നിയമ സഹായ സമിതി, ട്രസ്റ്റ് ഭാരവാഹികളായ കെ സുരേഷ് കുമാർ, കെ കെ ആലിക്കുട്ടി, ഓഡിറ്റർ കൂടിയായ പി എം എ സമീർ, ഷകീബ് കൊളക്കാടൻ, മൊയ്‌തീൻകോയ കല്ലമ്പാറ, അഷ്‌റഫ് വേങ്ങാട്ട്, നാസർ കാരന്തുർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

kerala

നഗ്നത പ്രദര്‍ശനം; അറുപതുകാരന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

കുട്ടി സ്‌കൂളില്‍ പോകുന്ന വഴി ഇയാള്‍ നഗ്നത കാണിക്കുകയായിരുന്നു.

Published

on

പന്ത്രണ്ടുകാരിക്ക് മുന്നില്‍ നഗ്നത കാണിച്ച അറുപതുകാരന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് അഭിലാഷ് ഭവനത്തില്‍ രാമന്‍ ആനന്ദിനാണ് കരുനാഗപ്പള്ളി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എഫ്. മിനിമോള്‍ ശിക്ഷിച്ചത്.

കുട്ടി സ്‌കൂളില്‍ പോകുന്ന വഴി ഇയാള്‍ നഗ്നത കാണിക്കുകയായിരുന്നു. ഇയാള്‍ കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവരം വീട്ടില്‍ പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു. ശാസ്താംകോട്ട പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ജെ. രാകേഷ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേമചന്ദ്രന്‍ ഹാജരായി.

 

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

Trending