നസീര്‍ മണ്ണഞ്ചേരി
ആലപ്പുഴ: ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ലായെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ അമര്‍ന്നു കഴിഞ്ഞു. യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ക്കൊപ്പം ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ മീനച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടാണ് ഇപ്പോള്‍ ചെങ്ങന്നൂരില്‍ അനുഭവപ്പെടുന്നത്. മുന്നണികളുടെ പ്രചരണ ബോര്‍ഡുകളും ചുമരെഴുത്തുകളും പോസ്റ്ററുകളും പ്രധാന ജംഗ്ഷനുകളില്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ ഉയര്‍ത്തി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് യുഡിഎഫ്. കോടതി വിധിയുടെ മറവില്‍ സംസ്ഥാനത്ത് മദ്യശാലകള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ചെങ്ങന്നൂരില്‍ തിരിച്ചടിക്കുമെന്ന് ക്രൈസ്തവ സഭ നേതൃത്വങ്ങളുടെ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് എല്‍ഡിഎഫ്.
അപ്രതീക്ഷിതമായി കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ തദ്ദേശീയനായ സ്ഥാനാര്‍ത്ഥിയെ ആദ്യമേയിറക്കിയ യുഡിഎഫ് ഇതിനോടകം പ്രചരണ രംഗത്ത് മുന്നിലെത്തികഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗമായ അഡ്വ. ഡി. വിജയകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മണ്ഡലത്തിന്റെ ഓരോ പ്രദേശത്തും വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും നിരവധിയുള്ള വിജയകുമാര്‍, എളിമയാര്‍ന്ന ജീവിതത്തിലൂടെ സാധാരണക്കാര്‍ക്ക് ഇടയില്‍ ഏറെ സ്വീകാര്യനാണ്.
മദ്യനയ വിഷയത്തില്‍ ചെങ്ങന്നൂരില്‍ കാണാമെന്ന ക്രൈസ്തവ സഭ നേതൃത്വത്തിന്റെ വെല്ലുവിളിയില്‍ പകച്ചു നില്‍ക്കുകയാണ് എല്‍ഡിഎഫ് ക്യാമ്പ്. വിവിധ ക്രൈസ്തവ സഭകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ സഭ നേതൃത്വത്തിന്റെ പരസ്യ നിലപാട് സിപിഎം കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. യുഡിഎഫും ബിജെപിയും ഭൂരിപക്ഷ സമുദായ അംഗങ്ങളായ സ്ഥാനാര്‍ത്ഥിയെ മത്സരത്തിന് ഇറക്കിയപ്പോള്‍ ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് ലക്ഷ്യമിട്ട് കൂടിയാണ് മുന്‍പ് പരാജയപ്പെട്ട സജി ചെറിയാന് സിപിഎം ടിക്കറ്റ് നല്‍കിയത്. മദ്യ നയത്തില്‍ വിവിധ സഭ നേതൃത്വങ്ങള്‍ ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ സ്ഥാനാര്‍ത്ഥിയുടേയും മുന്നണിയുടേയും കണക്ക് കൂട്ടലുകള്‍ തകിടം മറിയും. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ കൊലപാതക രാഷ്ട്രീയവും ജനദ്രോഹ നയങ്ങളും, സംവരണ അട്ടിമറിയുമെല്ലാം ഉയര്‍ത്തിക്കാട്ടിയുള്ള യുഡിഎഫ് പ്രചരണം കൂടിയാകുമ്പോള്‍ സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫ് വിയര്‍ക്കും.
കഴിഞ്ഞ തവണ 42,000ന് മുകളില്‍ വോട്ട് നേടിയ ശ്രീധരന്‍ പിള്ളയെ തന്നെയാണ് ബിജെപി ഇത്തവണയും ചെങ്ങന്നൂരില്‍ ഇറക്കിയിരിക്കുന്നത്. ബിഡിജെഎസ് മുന്നണി ബന്ധം അവസാനിപ്പിച്ചതും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും ബിജെപിക്ക് തിരിച്ചടിയാകും. വോട്ട് ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഉപയോഗിച്ച് ജനങ്ങളെ സ്വീധീനിക്കാനുള്ള പ്രവര്‍ത്തനങ്ങളും ബിജെപി നടത്തുന്നുണ്ട്. കേന്ദ്ര തൊഴില്‍ വകുപ്പിന്റെ പേരില്‍ ഇന്നലെ ചെങ്ങന്നൂരില്‍സംഘടിപ്പിച്ച തൊഴില്‍ മേള ബിജെപി മേളയാക്കി മാറ്റി. സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ളയും സംസ്ഥന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ മേള സംഘടിപ്പിച്ചത്. മേളയുടെ പ്രചരണത്തിന്റെ വകുപ്പിന്റെ കീഴില്‍ ഇറക്കിയ പോസ്റ്ററുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിത്രവും നല്‍കിയിരുന്നു.
മത്സരങ്ങള്‍ ചൂട് പിടിച്ചതോടെ വിവിധ മുന്നണികളുടെ പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവിധ പാര്‍ട്ടികള്‍ സ്വന്തം നിലയിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായുള്ള മുസ്‌ലിംലീഗിന്റെ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് കൊല്ലകടവില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യും. 22ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എംപിയും മണ്ഡലത്തില്‍ എത്തുന്നുണ്ട്. മുസ്‌ലിംലീഗിന് വൈസ് പ്രസിഡന്റ് സ്ഥാനമുള്ള മാന്നാര്‍ പഞ്ചായത്തും കൊല്ലകടവ്, മുളക്കുഴ തുടങ്ങിയ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് മുസ്‌ലിംലീഗ് ഇതിനോടകം പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മന്ത്രിപ്പടയെ ഒന്നാകെ ഇറക്കി പ്രചരണം കൊഴുപ്പിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ ദേശീയ നേതാക്കളെ ഇറക്കി പ്രചരണ രംഗത്തെ മേല്‍ക്കൈ നില നിര്‍ത്തനാണ് യുഡിഎഫ് ശ്രമം.