X
    Categories: MoreViews

രാജ്ദീപ് സര്‍ദേശായിയുടെ വെളിപ്പെടുത്തല്‍: അര്‍ണാബ് ഗോസ്വാമിയെ ട്രോളി സമൂഹമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തിന് റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ ട്വിറ്ററില്‍ ട്രോള്‍മഴ.

ഗോസ്വാമിയുടെ പ്രസംഗത്തെ പൊളിച്ചടുക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി രംഗത്തു വന്നതിനു പിന്നാലെയാണ് ട്വിറ്ററില്‍ ഗോസ്വാമിക്കെതിരെ ട്രോളുകള്‍ നിറഞ്ഞത്.

#ArnabDidIt എന്ന ഹാഷ് ടാഗില്‍ അര്‍ണാബിനെതിരെ സമൂഹമാധ്യമങ്ങളില്‍ കൂട്ടപൊങ്കാലയാണ്.

2002ല്‍ എന്‍.ഡി.ടി.വിയില്‍ ജോലി ചെയ്യുമ്പോള്‍ ജീവന്‍ പണയപ്പെടുത്തി ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തുവെന്ന അര്‍ണാബിന്റെ അവകാശവാദങ്ങളാണ് അദ്ദേഹത്തിനു തന്നെ തിരിച്ചടിയായത്.

സംഘപരിവാര്‍ അജണ്ടക്കായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന അര്‍ണാബ് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അസമിലെ ഒരു പ്രസംഗത്തിലാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ഹിന്ദു തീവ്രവാദി സംഘം കാര്‍ തകര്‍ത്തുവെന്നും മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടും ജാതി പറയാന്‍ നിര്‍ബന്ധിതരായെന്നും അര്‍ണാബ് പ്രസംഗത്തില്‍ തട്ടിവിട്ടു. തങ്ങളുടെ കൂട്ടത്തില്‍ ന്യൂനപക്ഷക്കാര്‍ ഇല്ലാതിരുന്നത് രക്ഷയായെന്നും അര്‍ണാബ് പറഞ്ഞു. ഇതിനെതിരെയാണ് രാജ്ദീപ് സര്‍ദേശായി രംഗത്തുവന്നത്.

അര്‍ണാബ് അഹമ്മദാബാദിലെ കലാപം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ അര്‍ണാബ് പറഞ്ഞ ആക്രമണ കഥ സത്യമാണെന്നും അത് സംഭവിച്ചത് തനിക്കാണെന്നും രാജ്ദീപ് ട്വീറ്റ് ചെയ്തു.

രാജ്ദീപിന്റെ ട്വീറ്റ് വൈറലായതോടെയാണ് സമൂഹമാധ്യമങ്ങളില്‍ അര്‍ണാബിനെതിരെ പ്രതിഷേധം ശക്തമായത്.

അര്‍ണാബ് സ്വാതന്ത്ര്യ സമരസേനാനിയാണെന്നും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സമയത്ത് അവിടെയെത്തിയ അര്‍ണാബ് 35,647 പേരെ രക്ഷപ്പെടുത്തിയെന്നും ഹാഷ് ടാഗ് പോസ്റ്റുകളില്‍ പറയുന്നു.

ഇവക്കു പുറമെ പാകിസ്താനിലെ അബോത്താബാദില്‍ അല്‍ഖാഇദ മേധാവി ഉസാമ ബിന്‍ ലാദനെ ഒളിത്താവളത്തിലെത്തി ഒറ്റക്കെത്തി കൊലപ്പെടുത്തിയ ശേഷം വൈറ്റ് ഹൗസിന്റെ വാര്‍ റൂമിലേക്ക് ഒബാമയെ വിളിച്ചത് അര്‍ണാബാണെന്നും ഹാഷ് ടാഗില്‍ പറയുന്നു.

ടൈംസ് നൗ അവതാരകനായിരുന്ന സമയത്ത് ദ നേഷന്‍ വാണ്ട്‌സ് ടു നോ എന്ന് ടാഗ് ലൈന്‍       അര്‍ണാബ്  ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ ടാഗിനൊപ്പം ഈസ് അര്‍ണാബ് ഗോസ്വാമി എ ബിഗ് ലയര്‍ എന്നും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

chandrika: