തരാതരം പോലെ ഇടതിനും യു.ഡി.എഫിനുമൊപ്പമാണെന്ന് പറയുകയും അവസരം കിട്ടുമ്പോഴൊക്കെ വര്‍ഗീയ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്ന വെള്ളാപ്പള്ളി നടേശനോളം മകനും വലുതായപ്പോള്‍ സമുദായ സംഘടനക്ക് പുറത്ത് ഗ്രിപ്പ് കിട്ടാന്‍ എന്തുണ്ട് വഴിയെന്ന് തിരഞ്ഞ് നടക്കുമ്പോഴാണ് പുതിയൊരു പാര്‍ട്ടി രൂപീകരിക്കാന്‍ ആശയം വരുന്നത്. അങ്ങനെ കേരളത്തില്‍ കുളം കലക്കാനായി കലവുമായി ഭാരത് ധര്‍മ ജനസേന (ബി.ഡി.ജെ.എസ്) എന്നൊരു പാര്‍ട്ടി രൂപീകരിച്ചു. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഓടിനടന്ന് ഒന്നും നടക്കാതെ പോയ ഒന്നായിരുന്നു ബി.ഡി.ജെ.എസ്.
ബി. ജെ.പിയുടെ സഖ്യകക്ഷിയായി ബി.ജെ.പി നേതാവിന്റെ ചാനലിന്റെ എല്ലാ ആശീര്‍വാദത്തോടും കൂടി മുഖ്യധാരയിലുണ്ടെന്ന് വരുത്തിച്ചെങ്കിലും എട്ടു നിലയില്‍ പൊട്ടാനായിരുന്നു വിധി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലക്കും ലഗാനുമില്ലാതെ മുട്ടിത്തിരിയുകയായിരുന്നു ആയിടക്കാണ് യു.എ.ഇയില്‍ ചെക്ക് കേസില്‍ കുടുങ്ങിയത്. പക്ഷേ അകപ്പെട്ട ടിയാനെ ഇറക്കാന്‍ കേരള ഭരണ സിരാകേന്ദ്രവും വ്യവസായികളുമൊക്കെ കൈ മെയ് മറന്ന് ഒന്നായതോടെ തിരിച്ചു പോരാനായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ മത്സരിച്ച് പേരുണ്ടാക്കാന്‍ അവസാന ശ്രമം നടത്തിയെങ്കിലും ക്ലച്ച് പിടിച്ചില്ല. ഇനി എന്തുണ്ട് വഴിയെന്ന് തിരഞ്ഞ് നടക്കുമ്പോഴാണ് ബി. ജെ.പിയുടെ പതിവ് കലാപരിപാടിയായ ചാക്കിട്ടുപിടുത്തത്തിന് ഇടനിലാക്കാരനായത്. സംഗതി ബി.ജെ.പിക്കൊപ്പം എന്തിനും ഏതിനും കൂട്ടുനിന്നിരുന്ന ടി.ആര്‍.എസുകാര്‍ ഈയിടെ ബി.ജെ.പിയുമായി തെറ്റിയപ്പോള്‍ അവിടെ സര്‍ക്കാറിനെ മറിച്ചിടാനായി കൊണ്ടുപിടിച്ച് പണിയെടുക്കുകയാണ് ബി.ജെ.പി. എങ്കില്‍ പിന്നെ ഇത് എങ്ങിനെയെങ്കിലും നടപ്പിലാക്കണമല്ലോ.
അങ്ങിനെ തുഷാറും പരിവാരങ്ങളും തെലങ്കാനയില്‍ എം.എല്‍.എമാര്‍ക്ക് വിലയിടാന്‍ പോയത്. തുഷാര്‍ ചെറിയ പുള്ളി അല്ല. എന്‍.ഡി.എ സഖ്യകക്ഷി ഭാരത് ധര്‍മ ജനസേനയുടെ (ബി.ഡി.ജെ.എസ്) നിലവിലെ പ്രസിഡന്റും കേരളത്തിലെ എന്‍.ഡി.എയുടെ സംസ്ഥാന കണ്‍വീനറും കൂടിയാണ്. എന്നാല്‍ കഷ്ടകാലം ടി.ആര്‍.എസ് രൂപത്തിലും വരുമെന്ന് ബി.ജെ.പിയും കരുതിയില്ല. തുഷാറിനുപുറമേ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, മലയാളിയായ ജഗ്ഗു സ്വാമി, ബി. ശ്രീനിവാസ് എന്നിവരെയും തെലങ്കാന സര്‍ക്കാര്‍ പൂട്ടി. പ്രതികളാക്കി കോടതിയില്‍ കേസും നല്‍കി. ടി.ആര്‍.എസ് എം.എല്‍.എ പൈലറ്റ് രോഹിത് റെഡ്ഡിയുടെ പരാതി പ്രകാരമുള്ള കേസില്‍ രാമചന്ദ്ര ഭാരതി, നന്ദകുമാര്‍, സിംഹയാജി സ്വാമി എന്നിവരെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ടി.ആര്‍.എസ് വിട്ട് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പ്രതികള്‍ 100 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. രാജ്യത്തുടനീളം സര്‍ക്കാറുകളെ ഓപറേഷന്‍ താമര എന്ന ഓമനപ്പേരു നല്‍കി പണം നല്‍കി മറിച്ചിടുക എന്ന ബി.ജെ.പിയുടെ പതിവ് കലാപരിപാടിയാണ്
ടി.ആര്‍.എസ് പൊളിച്ചത്.
ബംഗാളിലും തെലങ്കാനയിലും ഓരോ മാസം കൂടുമ്പോഴും ഇപ്പോള്‍ ഈ കലാപരിപാടി നടക്കുന്നതായി സംസ്ഥാന സര്‍ക്കാറുകള്‍ ആരോപണവും ഉന്നയിക്കുന്നുണ്ട്. കൂടെ കിടന്നവര്‍ക്കാണല്ലോ രാപ്പനി അറിയുക. എല്ലാ ബില്ലുകള്‍ക്കും ജനദ്രോഹ നിയമങ്ങള്‍ക്കും മോദി സര്‍ക്കാറിനൊപ്പംനിന്ന പാരമ്പര്യമാണ് ടി.ആര്‍.എസിനുള്ളത്. സംസ്ഥാനം രൂപീകരിച്ചാല്‍ കോണ്‍ഗ്രസില്‍ ലയിക്കാമെന്ന് പറഞ്ഞ് വാഗ്ദാന ലംഘനം നടത്തിയ മഹത് പാരമ്പര്യം ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസിനുണ്ട് താനും. തെലങ്കാന, ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാരുകളെ വീഴ്ത്താനായിരുന്നു തുഷാറിന്റേയും സംഘത്തിന്റേയും പദ്ധതിയെന്ന് ആരോപിച്ചത് സാക്ഷാല്‍ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍ തന്നെയായിരുന്നു. തുഷാര്‍ അമിത് ഷായുടെ നോമിനിയാണെന്നും കെ.സി.ആര്‍ പറഞ്ഞിരുന്നു. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന, മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങള്‍ കെ.സി.ആര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. നാണക്കേടാവുമെന്ന ഘട്ടം വന്നതോടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പറഞ്ഞ് തുഷാര്‍ തന്നെ രംഗത്തു വന്നിരുന്നു. എന്നാല്‍ പിടിച്ചതിനേക്കാളും വലുത് മാളത്തിലെന്നു പറഞ്ഞ പോലെ ചന്ദ്രശേഖര റാവു ഇതോടെ അടുത്ത തെളിവും പുറത്തുവിട്ടു. തുഷാര്‍ വെള്ളാപ്പള്ളി ഏജന്റുമാര്‍ വഴി ടി.ആര്‍.എസ് എം.എല്‍.എമാരുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് ടി.ആര്‍.എസ് പുറത്തുവിട്ടത്. രണ്ട് ദിവസത്തിനുള്ളില്‍ ഡീല്‍ ഉറപ്പിക്കാമെന്നായിരുന്നു ശബ്ദരേഖയില്‍ തുഷാര്‍ പറഞ്ഞത്. ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് കാര്യങ്ങള്‍ ഡീല്‍ ചെയ്ത് തരുമെന്ന് ഏജന്റുമാര്‍ക്ക് ഉറപ്പുനല്‍കുന്നതും പുറത്തുവിട്ട ശബ്ദരേഖയിലുണ്ടായിരുന്നു. ഡീലിന് മുമ്പ് ഒന്ന് കാണണമെന്നും ഏജന്റ് നന്ദകുമാറിനോട് തുഷാര്‍ പറയുന്നതും ഓഡിയോയിലുണ്ടായിരുന്നു. ഏജന്റുമാരില്‍ പ്രധാനിയായ രാമചന്ദ്ര ഭാരതിയുമായി ഫോണ്‍ സംഭാഷണം നടത്തിയ തുഷാര്‍ വെള്ളാപ്പള്ളി എം.എല്‍.എമാര്‍ക്ക് അമ്പത് കോടി വീതം വാഗ്ദാനം ചെയ്തുവെന്ന വീഡിയോ തെളിവുകളടക്കം ടി.ആര്‍.എസ് പൊലീസിന് കൈമാറുകയും ചെയ്തു. പിന്നാലെ തെലങ്കാന പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കേസും എടുത്തു. പുലിവാലാകാന്‍ മറ്റെന്ത് വേണം.