വാഷിങ്ടണ്‍: തെരഞ്ഞെടുപ്പില്‍ ജയിച്ച ജോ ബൈഡന് അധികാരം കൈമാറാനുള്ള കത്തില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നോമിനി തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജനവിധി അംഗീകരിക്കാന്‍ ആകില്ലെന്ന ട്രംപിന്റെ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയത്തിന് പിന്നാലെ, ഈയാഴ്ച തന്നെയാണ് അധികാരക്കൈമാറ്റങ്ങള്‍ നടക്കേണ്ടത്.
വൈറ്റ് ഹൗസിലെ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷനിലെ അഡ്മിനിസ്‌ട്രേറ്ററാണ് ഇതു സംബന്ധിച്ച രേഖകളില്‍ ഒപ്പുവയ്‌ക്കേണ്ടത്. ക്ലറിക്കല്‍ ജോലി മാത്രമാണിത്. എമിലി മര്‍ഫി എന്ന വനിതയാണ് ഇപ്പോള്‍ ഈ തസ്തികയില്‍ ഇരിക്കുന്നത്. ഇവര്‍ രേഖകളില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ട്രംപ് ഭരണകൂടത്തിന് തന്നെ ഉടന്‍ അധികാരം കൈമാറാന്‍ പദ്ധതിയില്ല എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നത്. രണ്ടായിരത്തില്‍ മാത്രമാണ് നേരത്തെ ഇത്തരമൊരു പ്രതിസന്ധിയുണ്ടായത്. അല്‍ഗോറും ജോര്‍ജ് ഡബ്ലൂ ബുഷും തമ്മിലുള്ള പോരാട്ടത്തില്‍ അന്ന് വിധി പറഞ്ഞത് സുപ്രിംകോടതിയാണ്. ഇതൊഴിച്ചാല്‍ ഇത്തരമൊരു കാലതാമസം ഇക്കാര്യത്തില്‍ ഉണ്ടാകാറില്ല.
അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ അപലപനീയമാണ് എന്ന് വൈറ്റ്ഹൗസിലെ അധികാര കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കുന്ന ജെറാള്‍ഡ് ഇ കൊണോലി പറയുന്നു.
അതിനിടെ, അധികാര മാറ്റത്തിന്റെ മുന്നോടിയെന്നോണം ജോ ബൈഡന്‍ സര്‍ക്കാര്‍ നയങ്ങളില്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോവിഡ് മഹാമാരി കൈകാര്യം ചെയ്യാനായി ബൈഡന്‍ പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ സര്‍ജന്‍ ജനറല്‍ ഡോ വിവേക് മൂര്‍ത്തിയാണ് ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കുക. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍ കമ്മിഷണര്‍ ഡോ. ഡേവി കെസ്ലര്‍ സഹ മേധാവിയാകും.
2015ല്‍ ബറാക് ഒബാമ ഭരണത്തിന് കീഴില്‍ സേവനമനുഷ്ഠിച്ച മൂര്‍ത്തി രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 2017ല്‍ ഇദ്ദേഹത്തെ ട്രംപ് ഭരണകൂടം പിരിച്ചുവിടുകയായിരുന്നു.
കോവിഡ് മഹാമാരിയെ ട്രംപ് കൈകാര്യം ചെയ്ത രീതിയിലെ നിശിതമായി വിമര്‍ശിച്ച നേതാവാണ് ബൈഡന്‍. മാസ്‌ക് ധരിക്കാത്ത ട്രംപിന്റെ നടപടിയെയും മഹാമാരിയെ ലാഘവത്തോടെ കണ്ട ട്രംപിന്റെ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. കോവിഡിനെ നിയന്ത്രിക്കുന്നത് ആദ്യ മുന്‍ഗണനയാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.