അഗര്‍ത്തല: ത്രിപുരയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ത്രിപുര എംഎല്‍എ രതന്‍ലാല്‍ നാഥിന് കുറുമാറ്റ നിരോധന നിയമമനുസരിച്ച് സ്പീക്കര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കോണ്‍ഗ്രസിന്റെ പരാതിയിന്മേലാണ് നടപടി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാണ് രതന്‍ലാല്‍ നാഥ് നിയമസഭയില്‍ എ്ത്തിയത് എന്ന് ചൂണ്ടികാണിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. കോണ്‍ഗ്രസ് പിന്തുണയില്‍ അഞ്ചുതവണ എംഎല്‍എയായിരുന്നയാളാണ് രതന്‍ലാല്‍ നാഥ്.
കൂറുമാറ്റനിരോധന നിയമം പ്രതിപാദിക്കുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അനുസരിച്ചാണ് സ്പീക്കര്‍ രാമേന്ദ്ര ചന്ദ്ര ദേബ്നാഥ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഒരാഴ്ചക്കുളളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ത്രിപുരയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ താഴെയിറക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന ബിജെപിക്ക് സ്പീക്കറുടെ നടപടി തിരിച്ചടിയാകും
ഡിസംബര്‍ 22 നാണ് രതന്‍ലാല്‍ നാഥ് എംഎല്‍എ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നത്. നിരവധി അനുയായികളൊടൊപ്പമായിരുന്നു രതന്‍ലാല്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
2013 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും ലഭിക്കാതിരുന്ന ബിജെപിക്ക് നിലവില്‍ ഏഴു എംഎല്‍എമാരുണ്ട്. ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ആറ് എംഎല്‍എമാര്‍ അടക്കമാണ് ഈ അംഗസംഖ്യ. ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ആറ് എംഎല്‍എമാരും മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. നിലവില്‍ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങള്‍ മാത്രമാണ് നിയമസഭയിലുളളത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏതുവിധേയനേയും ചുവടുറപ്പിക്കാനുള്ള ബി.ജെ.പി നീക്കങ്ങളുടെ തെളിവായാണ് ത്രിപുരയിലൂടെ വ്യക്തമാകുന്നത്.
മുമ്പ് കൂറുമാറിയ എം.എല്‍.എമാര്‍ നേരത്തെ കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. പശ്ചിമ ബംഗാള്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് ഇവര്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്ന്് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയായിരുന്നു.
അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലാണ് ത്രിപുരയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാവും.