ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയിലെ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്തത് 52.9 മില്യന്‍ പേരെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വിഭാഗം അറിയിച്ചു. കര-നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെയാണ് 52,958,469 ദുബൈയിലേക്ക് വരികയും പോവുകയും ചെയ്തത്. ഇതില്‍, ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടിലൂടെ യാത്ര നടത്തിയത് 4,99,40,888 പേരാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6.6 ശതമാനം കൂടുതല്‍ പേരാണ് ഇക്കൊല്ലം ദുബൈ എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. 2016ല്‍ 46.8 മില്യന്‍ പേരാണ് ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടുകള്‍ വഴി രാജ്യത്തേക്ക് വരികയും പോവുകയും ചെയ്തത്. കര മാര്‍ഗം 24,76,662 പേരും കപ്പല്‍ മാര്‍ഗം 540,919 പേരുമാണ് യാത്ര ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
2017ല്‍ സേവന രംഗത്ത് മികച്ച നേട്ടങ്ങളാണ് ജിഡിആര്‍എഫ്എ ദുബൈ കൈവരിച്ചത്. ഏറ്റവും സുഗമമായ യാത്രാനുഭവങ്ങളാണ് ഉപയോക്താക്കള്‍ക്ക് ഡയറക്ടറേറ്റ് പകര്‍ന്നത്. മികച്ച ആധുനിക സ്മാര്‍ട് ഗേറ്റ് സംവിധാനങ്ങളും ഹൈടെക് സേവനങ്ങളും യാത്രക്കാര്‍ക്ക് ദുബൈയിലൂടെയുള്ള യാത്രാ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കുകയും സംതൃപ്തി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ടുകളില്‍ വര്‍ധിച്ച തിരക്ക് അനുഭവപ്പെട്ടെങ്കിലും ആഗമന-നിര്‍ഗമന ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട് സംവിധാനവും ജീവനക്കാരുടെ മികച്ച സേവനങ്ങളും യാത്രാ നടപടികള്‍ ഏറ്റവും വേഗത്തിലാക്കിയെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി പറഞ്ഞു. യാത്രാ നടപടികള്‍ ഏറ്റവും വേഗത്തിലാക്കാന്‍ സ്മാര്‍ട് ഗേറ്റുകള്‍ മുതല്‍ യുഎഇ വാലറ്റ് വരെയുള്ള ആധുനിക സംവിധാനങ്ങളാണ് ഇക്കാലയളവില്‍ ഉപയോഗിച്ചത്. എല്ലാ യാത്രക്കാരുടെയും സന്തോഷ ഹബ് ആയി ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടിനെ മാറ്റാന്‍ വര്‍ഷത്തിലെ എല്ലാ സമയവും ഏറ്റവും മികച്ച രീതിയില്‍ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ജിഡിആര്‍എഫ്എ ദുബൈ സജീവമായി രംഗത്തുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മുഴുവന്‍ ടെര്‍മിനലുകളിലും 122 പുതിയ സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടുകളിലൊന്നായ ദുബൈ വിമാനത്താവളത്തില്‍ എവിടെയും പാസ്‌പോര്‍ട്ട് കാണിക്കാതെ യാത്ര തുടരാനുള്ള മികച്ച സേവന സൗകര്യങ്ങള്‍ക്കാണ് ജിഡിആര്‍എഫ്എ ലക്ഷ്യമിടുന്നത്. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫീസറുമായി വ്യക്തിഗതമായുള്ള കാണല്‍ ഒഴിവാക്കാന്‍ ബയോമെട്രിക് സംവിധാനം പോലുള്ള ഒട്ടനവധി സൗകര്യങ്ങള്‍ ഇവിടെ ഉപയോഗിച്ചു വരുന്നു. വരുംവര്‍ഷങ്ങളില്‍ യാത്രക്കാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സ്മാര്‍ട് സംവിധാന നടപടിക്കാണ് ഡയറക്ടറേറ്റ് ഊന്നല്‍ നല്‍കുന്നത്. ഓരോ യാത്രക്കാരനും സ്മാര്‍ട് ഗേറ്റിലൂടെ യാത്ര ചെയ്യുമ്പോള്‍ 8 മുതല്‍ 20 വരെയുള്ള സെക്കന്റുകള്‍ മാത്രമേ ആവശ്യമായി വരികയുള്ളൂ.
അതിനിടെ, കഴിഞ്ഞ വര്‍ഷം സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ചത് 5.5 മില്യന്‍ യാത്രക്കാരായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, യുഎഇ വാലറ്റ്, സ്മാര്‍ട് ഫോന്‍ ആപ്പ് എന്നീ വ്യത്യസ്ത രേഖകള്‍ ഉപയോഗിച്ച് സ്മാര്‍ട് ഗേറ്റിലൂടെ യാത്ര ചെയ്യാവുന്നതാണ്. പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട് ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടി നടത്താവുന്ന യുഎഇ വാലറ്റ് അപ്‌ളികേഷന്‍ ഡൗണ്‍ലോഡ് ചെയ്തത് 75,000 പേരാണ്.
കഴിഞ്ഞ വര്‍ഷം ഡയറക്ടറേറ്റ് നല്‍കിയ സേവനങ്ങളുടെ എണ്ണം 18.6 മില്യനാണ്. 14.9 സന്ദര്‍ശക വിസകളാണ് 2017ല്‍ അനുവദിച്ചത്. റെസിഡന്‍സ് വിസകള്‍ അനുവദിക്കുകയും പുതുക്കുകയും ചെയ്തത് 3.8 മില്യന്‍ പേര്‍. അതിന് പുറമെ 54,106 ഇമാറാത്തി പാസ്‌പോര്‍ട്ടുകളും ഇക്കാലയളവില്‍ അനുവദിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട് നഗരമായി ദുബൈയെ മാറ്റാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനത്തിനനുസൃതമായാണ് സ്മാര്‍ട് സേവന മേഖലയില്‍ ദുബൈ എമിഗ്രേഷന്‍ പ്രവര്‍ത്തിക്കുന്നത്.
വിസാ അപേക്ഷകള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം 15 അമര്‍ സേവന കേന്ദ്രങ്ങളാണ് ഡയറക്ടറേറ്റ് തുറന്നത്. ജിഡിആര്‍എഫ്എ ഓഫീസുകള്‍ സന്ദര്‍ശികാതെ വിസാ-റെസിഡന്‍സി ഇടപാടുകള്‍ അനുവദിക്കുന്ന കേന്ദ്രങ്ങളാണ് അമറിനുള്ളത്. ഈ കേന്ദ്രങ്ങളിലൂടെ നല്‍കിയത് 44,100 സേവന നടപടികളാണ്. അതിനിടക്ക്, കഴിഞ്ഞ വര്‍ഷം നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങിയ 14,893 പേരെ ജിഡിആര്‍എഫ്എ അറസ്റ്റ് ചെയ്തു. 240 പരിശോധനകളാണ് 2017ല്‍ നടത്തിയത്.