Connect with us

kerala

ട്രപ്പീസ് കളിയാവരുത്

Published

on

വയനാട് ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്നുണ്ടായ രൂക്ഷ വിമര്‍ശനം സംസ്ഥാന സര്‍ക്കാറിന്റെ ഉദാസീനത തുറന്നുകാട്ടിയിരിക്കുകയാണ്. രാജ്യം ദര്‍ശിച്ചതില്‍വെച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്ന് സംഭവിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസപ്രക്രിയക്ക് തുടക്കംകുറിക്കുക പോലും ചെയ്യാതെ ഒരു ജനതയെ കണ്ണീര്‍ക്കയത്തില്‍ തളച്ചിട്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തം മറച്ചുവെക്കാന്‍ പലതരത്തിലുള്ള പൊറാട്ട് നാടകങ്ങളുമായി കണ്ണില്‍ ചോരയില്ലാതെ മുന്നോട്ടു പോയിക്കൊണ്ടരിക്കുകയാണ്. സംസ്ഥാനത്തുനിന്ന് മാത്രമല്ല, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമെല്ലാം സഹായ ഹസ്തങ്ങളുടെ മഹാപ്രവാഹങ്ങളൊഴുകിയെത്തിയിട്ടും അവയൊന്നും ഉപയോഗപ്പെടുത്താന്‍ ക്യത്യമായ പദ്ധതികളോ പരിപാടികളോ ഇല്ലാതെ, സഹായം വാഗ്ദാനം ചെയ്തവരെ പോലും വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന അതിദാരുണമായകാഴ്ച്ചക്കാണ് കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലിഗ് ഉള്‍പ്പെടെ പ്രസ്താനങ്ങളും വ്യക്തികളും ദുരന്തബാധിതര്‍ക്ക് വിടും മറ്റു ജീവിതോപാധികളും ഒരുക്കിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും അതിനുള്ള സ്ഥലംപോലും കണ്ടെത്തിക്കൊടുക്കാന്‍ സാധിക്കാതിരിക്കെ എല്ലാ വീഴ്ച്ചകള്‍ക്കും മറുപടിയായി കേന്ദ്രഫണ്ടെന്നുരുവിട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാറിന്റെ പൊള്ളത്തരത്തെയാണ് ഹൈക്കോടതി വിവസ്ത്രമാക്കിയിരിക്കുന്നത്. ദുരന്ത നിവാരണ സമിതിയിലേക്ക് ഒഴുകിയെത്തിയ പണത്തില്‍ നിന്ന് എത്ര ചിലവഴിച്ചുവെന്നും എന്തിനെല്ലാം ചിലവഴിച്ചുവെന്നും ഇനിയെത്ര ചിലവഴിക്കാന്‍ സാധിക്കുമെന്നുമൊക്കെയുള്ള നിതിപീഠത്തിന്റെ ചോദ്യത്തിനുമുന്നില്‍ കൈമലര്‍ത്തുന്ന സര്‍ക്കാര്‍ കോടതിയെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഒടുവില്‍ പണം ചോദിക്കുമ്പോള്‍ ക്യത്യമായ കണക്കു കൊടുത്താലേ കിട്ടു എന്നു മനസ്സിലാക്കണമെന്നും സര്‍ക്കാരിന്റെ അക്കൗണ്ടുകള്‍ കൃത്യമാക്കാനും കോടതിതന്നെ സര്‍ക്കാറിന് നിര്‍ദേശം നല്‍കുന്നതുവരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

ദുരന്ത നിവാരണ സമിതിയില്‍ ബാക്കിയുണ്ടെന്ന് പറയുന്ന 677 കോടി രൂപയില്‍ എത്ര ചെലവഴിക്കാന്‍ സാധിക്കും, എന്തൊക്കെയാണ് കൊടുക്കാമെന്ന് പറഞ്ഞിട്ടുള്ള മറ്റു ബാധ്യതകള്‍ എന്തൊക്കെ എന്ന് കോടതി ചോദിച്ചെങ്കിലും സര്‍ക്കാരിന്റെ പക്കല്‍ കണക്കുണ്ടായിരുന്നില്ല. ഇതോടെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. എന്തുകൊണ്ടാണ് ഈ കണക്കുകള്‍ ഇല്ലാത്തതെന്ന് ആരാഞ്ഞ കോടതി ആരെയാണ് വിഡ്ഡികളാക്കാന്‍ നോക്കുന്നതെന്നും ഇത്രയധികം പേര്‍ മരിച്ച ദുരന്തത്തില്‍ അവരെക്കൂടി അപമാനിക്കരുതെന്നും സര്‍ക്കാറിന് മുന്നറിയിപ്പു നല്‍കുകയുണ്ടായി. എത്ര പണമുണ്ട്, എങ്ങനെയെല്ലാം ചെലവഴിക്കുന്നു എന്നൊക്കെ കണക്കുണ്ടെങ്കില്‍ മാത്രമേ കേന്ദ്രത്തില്‍നിന്ന് ധനസഹായം ചോദിക്കാന്‍ സാധിക്കൂ. അതുകൊണ്ട് ആദ്യം സംസ്ഥാനത്തിന്റെ കണക്കുകള്‍ ശരിയാക്കാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും മാധ്യമ ങ്ങളില്‍ കൂടി മാത്രമല്ല, പാര്‍ലമെന്റിലും ഇതിനുള്ള ശ്രമ മുണ്ടായി എന്നും സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഇരുകൂട്ടരും മ്മില്‍ മുഴുവന്‍ സമയവും തര്‍ക്കമാണെന്നും തങ്ങള്‍ക്ക് ഇതില്‍ താല്‍പര്യമില്ലെന്നും ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം എത്തിക്കാനാണ് പ്രാമുഖ്യം കൊടുക്കുന്നതെന്നുമായിരുന്നു കോടതിയുടെ ഭാഷ്യം.

ഉരുള്‍ ദുന്തത്തില്‍ കേരളത്തിന് കേന്ദ്രസഹായം ലഭ്യമായേ തിരു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ബി.ജെ.പിയും സഖ്യകക്ഷികളും അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണത്തിനു മാത്രമല്ല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കുപോലും സാങ്കേതികത്വത്തിന്റെ ഒരു നൂലാമാലയുമില്ലാതെ കോടികള്‍ ചിലവഴിക്കാന്‍ മടി കാണിക്കാത്ത മോദിസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സമീപനം മനുഷ്യത്വരഹിതമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിനുള്ള ഇടംപോലുമില്ല. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ മനോഭാവത്തിന്റെ പേരില്‍ സംസ്ഥാനത്തെ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിന് കഞ്ഞിവെച്ചു കൊടുക്കുകയാണ് ഇത്തരം വീഴ്ച്ചകളിലൂടെ സര്‍ക്കാര്‍ ചെയത്‌കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ നേത്യത്വത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദര്‍ശിച്ച എം.പിമാരുടെ സംഘത്തിന് ലഭിച്ച മറുപടിയും കണക്കുകളുടെ അപര്യാപ്തതായിരുന്നു. ദുരന്ത നിവാരണ സമിതിയുടെ കണക്കുകള്‍ ചോദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പരുങ്ങുന്നത് മടിയില്‍ കനമുള്ളവന്റെ വഴിയിലെ ഭയമായും കാണേണ്ടിയിരിക്കുന്നു. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം കൈയ്യുംകണക്കുമില്ലാതെ ഈ ഫണ്ടില്‍നിന്ന് കോടികളാണ് പിണറായി സര്‍ക്കാര്‍ ചിലവഴിച്ചിട്ടുള്ളത്. നിയമപരമായി ഒരു സാധൂകരണവുമില്ലാത്ത അത്തരം കൈകടത്തലുകളെക്കുറിച്ച് ക്യത്യമായും ആധികാരികമായും മറുപടി നല്‍കാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്നുറപ്പാണ്. ദുരന്തത്തില്‍ എല്ലാനഷ്ടപ്പെട്ട ജനതയോ ടെന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ തങ്ങള്‍ക്കു ലഭിച്ച ഫണ്ട് കൃത്യമായി ചെലവഴിക്കുകയും കേന്ദ്രസര്‍ക്കാറിന് വ്യക്തമായ കണക്കുകള്‍ നല്‍കുകയും പണം നേടിയെടുക്കാനുള്ള രാഷ്ട്രിയമായ ഇഛാശക്തി പ്രകടിപ്പിക്കുകയുമാണ് വേണ്ടത്. സ്വന്തം വീഴ്ച്ചകള്‍ മറച്ചുവെക്കാനുള്ള ട്രപ്പിസുകളിയായി കേന്ദ്ര ഫണ്ടെന്ന ആവശ്യത്തെ മാറ്റിമറിക്കാനാണ് ശ്രമമെങ്കില്‍ ഈ നാട് അതു തിരിച്ചറിയുകതന്നെ ചെയ്യുമെന്നേ ഓര്‍മപ്പെടുത്താനുള്ളൂ.

 

kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറി: വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എൽ.എ; ആളപായമില്ലെന്ന് അധികൃതർ

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എൽ.എ. വയനാട് കൽപറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്നാണ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞത്.

പുക ഉയർന്ന സമയത്ത് വെന്‍റിലേറ്ററിൽ നിന്ന് നസീറയുമായി ഓടുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നാം വാർഡിലാണ് നിലവിൽ മൃതദേഹമുള്ളത്. മൃതദേഹം നേരിൽ കണ്ടതായും നസീറയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ടി. സിദ്ദീഖ് അറിയിച്ചു.

അതേസമയം, അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് മൂന്നു പേർ മരിച്ചതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയൂർ സ്വദേശി ഗംഗാധരൻ എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറി നടക്കുമ്പോൾ ഈ മൂന്നു പേരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തിലെ അപകടത്തിൽ ആളപായമില്ലെന്നും പ്രിൻസിപ്പിൽ ഡോ. സജിത് കുമാർ വ്യക്തമാക്കി.

അത്യാഹിത വിഭാഗം ബ്ലോക്കിൽ കഴിഞ്ഞിരുന്ന 34 രോഗികളെയാണ് നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. മിംസ് ആശുപത്രി-3, ബീച്ച് ആശുപത്രി-12, ബേബി മെമ്മോറിയൽ ആശുപത്രി -6, സ്റ്റാർ കെയർ ആശുപത്രി – 2, കോഓപറേറ്റീവ് ആശുപത്രി – 1, നിർമല ആശുപത്രി-2, ഇഖ് റ ആശുപത്രി -2 എന്നിങ്ങനെയാണ്.

അത്യാഹിത വിഭാഗമായി പഴയ ക്വാഷ്വാലിറ്റി താൽകാലികമായി ഉപയോഗിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. രോഗികളെ മെയ്ൻ ബ്ലോക്കിലേക്കും സൂപ്പർ സ്പെഷ്യാലിറ്റി, മെഡിക്കൽ ബ്ലോക്ക്, ഐ.സി.യു എന്നിവിടങ്ങളിലേക്ക് മാറ്റും. ബീച്ച് ആശുപത്രിയിലും സൗകര്യമുണ്ടാകും. പ്രത്യേക മെഡിക്കൽ സംഘത്തെ ബീച്ച് ആശുപത്രിയിലേക്ക് അയക്കും. ശസ്ത്രക്രിയകൾക്കായി പ്രധാന കെട്ടിടത്തിലെ ഓപറേഷൻ തീയറ്ററുകൾ ഉപയോഗിക്കാൻ നിർദേശം നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വൈകിട്ട് എട്ടു മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് 200ലധികം രോഗികളെ ഒഴിപ്പിച്ചത്. അത്യാഹിത വിഭാഗത്തോട് ചേർന്ന സി.ടി സ്കാന്‍റെ സമീപത്തുള്ള യു.പി.എസ് മുറിയിൽ നിന്നാണ് പൊട്ടിത്തെറി ശബ്ദം കേട്ടതും വലിയ പുക നിറയുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ രോഗികളുടെ കൂട്ടിരിപ്പുകാർ ആദ്യം കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിയോടി. പിന്നീടാണ് രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയത്.

അഗ്നിശമനസേനയും പൊലീസും ചേർന്ന് രോഗികളെ ഒഴിപ്പിക്കലിന് നേതൃത്വം നൽകി. കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ആംബുലൻസുകൾ രോഗികളെ ഒഴിപ്പിക്കാനായി ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ രോഗികളുമായെത്തിയ 108 ആംബുലൻസുകളും ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇടക്ക് കുറച്ചുനേരം വൈദ്യുതി മുടങ്ങിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

യു.പി.എസിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടന്‍റ് അറിയിച്ചു.

 

Continue Reading

kerala

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പാലക്കാട്ട് യുവതിക്കും മകനും ദാരുണാന്ത്യം

Published

on

പാലക്കാട്: കല്ലേക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. കിഴക്കഞ്ചേരിക്കാവിന് സമീപമാണ് അപകടം. പാലക്കാടു ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേയ്ക്കു പോകുകയായിരുന്നു അഞ്ജുവും മകനും.

ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിനു സമീപം കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. ഇരുവരെയും ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക; രോഗികളെ ഒഴിപ്പിക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

Published

on

കോഴിക്കോട്∙  മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ ഒഴിപ്പിച്ചു. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും മാറ്റി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും തീ അണക്കാൻ ശ്രമിക്കുന്നു.

Continue Reading

Trending