മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.
മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.
തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.
രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.
കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.
പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.
മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.
ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.
സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.
ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.