എം.കെ പ്രേമാനന്ദന്‍
ആരോഗ്യമുള്ള സമൂഹത്തിനും രാഷ്ട്രത്തിനുമായി ലോകം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ച കാലമാണിത്. പൊതുജനാരോഗ്യം ഇന്ന് സര്‍ക്കാറുകളുടെ മുഖ്യ അജണ്ടയായി മാറിയിട്ടുണ്ട്. കോവിഡ് പോലുള്ള മഹാമാരികള്‍ മാത്രമല്ല വൈദ്യ മേഖലയിലെ മാറ്റങ്ങളും ഗവേഷണങ്ങളും ആരോഗ്യസുരക്ഷക്കുള്ള മുന്‍ഗണനയെ സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യമുള്ള ലോകത്തിനായി ഫാര്‍മസിസ്റ്റുമാരും എന്നതാണ് ഈ വര്‍ഷത്തെ ലോക ഫാര്‍മസിസ്റ്റ് ദിന സന്ദേശം. ഫാര്‍മസിസ്റ്റ്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫാര്‍മസിസ്റ്റിന്റെ ആഹ്വനപ്രകാരമാണ് ഫാര്‍മസിസ്റ്റ് ദിനം ലോകമെങ്ങും ആചരിക്കുന്നത്. ജനതയുടെ ആരോഗ്യ സംരക്ഷിക്കാനായി മരുന്നുകളുടെ പ്രധാന്യവും ശാസ്ത്രീയമായ കൈകാര്യവും ചര്‍ച്ചചെയ്യുന്ന സമയം കൂടിയാണിത്.
നമ്മുടെ രാജ്യം ജനങ്ങള്‍ക്ക് ഫാര്‍മസി സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഏറെ പിന്നിലാണ്. ആരോഗ്യരംഗത്ത് മാതൃകയായ കേരളവുംശാസ്ത്രീയമായ ഔഷധസേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ പിന്നിലാണ്. മരുന്ന് ലഭ്യമാക്കുന്നതിലും അതിന്റെ ശാസ്ത്രീയ വിതരണത്തിലും ബലാരിഷ്ടതകള്‍ തുടരുകയാണ്. സര്‍ക്കാര്‍ മേഖലയിലുള്ള ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും മരുന്ന് ശേഖരണത്തിനും വിതരണത്തിനും ആവശ്യമായതിന്റെ പകുതിയോളം ഫാര്‍മസിസ്റ്റ്മാരേ നിലവില്‍ ഉള്ളു. സംസ്ഥാനത്തു വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ആശുപത്രികളിലായി 3000ത്തോളം ഫാര്‍മസിസ്റ്റ് തസ്തികകള്‍ മാത്രമാണുള്ളത്. സൂപ്പര്‍ വൈസറി തസ്തികകള്‍ ഉള്‍പ്പെടെയാണിത്. ഇത് അപര്യാപ്തമായതിനാല്‍താല്‍ക്കാലികമായി ആശുപത്രിവികസനസമിതി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ നൂറുകണക്കിന്‌പേരെ ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളില്‍ നിയമിച്ചുകൊണ്ടാണ് ഫാര്‍മസി സേവനം നല്‍കുന്നത്. രോഗികളും കൈകാര്യം ചെയ്യുന്ന മരുന്നുകളും നല്‍കുന്ന സേവനങ്ങളും പല മടങ്ങു വര്‍ധിച്ചിട്ടും ഇപ്പോഴും 1961ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തികകള്‍ മാത്രമേ സംസ്ഥാനത്തുള്ളൂ.
വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ ഫാര്‍മസിസ്റ്റുമാര്‍ നേരിടുന്നത് കനത്ത ജോലിഭാരവും സമ്മര്‍ദ്ദങ്ങളുമാണ്. സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ ആര്‍ദ്രത്തിന്റെ ഭാഗമായ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണത്തിന് ഇടവേളപോലും അനുവദിക്കാത്തവിധമാണ് ഫാര്‍മസിസ്റ്റ്മാരുടെ ഡ്യൂട്ടിസമയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെതന്നെ വിവിധ പദ്ധതികളായ മാനസികആരോഗ്യപദ്ധതി, വായോമിത്രം എന്നിവയില്‍കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു ഫാര്‍മസിസ്റ്റിനെപോലുംനിയമിച്ചിട്ടില്ല.അതിനാല്‍ ഈ മരുന്നുകള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കുകയോ,രോഗികള്‍ക്ക് എത്തിക്കുകയോ ചെയ്യുന്നില്ല.
സ്വകാര്യമേഖലയിലെ സ്ഥിതി ഇതിലും കഷ്ടമാണ്. പത്തില്‍ പേര്‍ അധികം ജോലി ചെയ്യുന്ന ഫാര്‍മസികളില്‍ പോലും പേരിനു ഒരു ഫാര്‍മസിസ്റ്റ്മാത്രമാണ് ഉണ്ടാവുക.ചില്ലറ വില്‍പ്പനയുള്ള ഫാര്‍മസി നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ അനുമതി ലഭിക്കാന്‍ ഒരു ഫാര്‍മസിസ്റ്റ് വേണം എന്ന നിബന്ധന ഉള്ളതുകൊണ്ട് മാത്രമാണ് ഒരാളെയെങ്കിലും വെച്ചിരിക്കുന്നത്. ഭൂരിഭാഗം രോഗികള്‍ക്കും മരുന്ന്‌നല്‍കുന്നത് ഫാര്‍മസിയോഗ്യത ഇല്ലാത്തവരാണ്.അതിനാല്‍ കൃത്യമായ മരുന്നുപയോഗനിര്‍ദേശങ്ങള്‍, മരുന്നുപയോഗിക്കുമ്പോള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയൊന്നുംരോഗികള്‍ക്ക് ലഭിക്കാതെ പോകുന്നു.കേന്ദ്രസര്‍ക്കാര്‍ 2015 ല്‍ ഉത്തരവാക്കിയ ഫാര്‍മസി പ്രാക്ടീസ് റഗുലേഷന്‍ പ്രകാരം ഒരു രോഗിക്ക് മരുന്ന് നല്‍കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളുണ്ട്. മരുന്ന്കുറിപ്പടി ലഭിച്ചാല്‍ ഫാര്‍മസിസ്റ്റ് അത് നിയമനുസൃതമാണെന്ന് ഉറപ്പാക്കണം. ഇതില്‍ ഡോക്ടറുടെ ഒപ്പോ, രെജിസ്‌ട്രേഷന്‍ നമ്പറോ ഉണ്ടെന്നു ഉറപ്പിക്കണം. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവക്ക് വേണ്ടി കൃത്രിമ കുറിപ്പടികള്‍ ഉണ്ടാക്കി മരുന്നു സംഘടിപ്പിക്കുന്നവരുണ്ട്. മരുന്ന് കുറിക്കുന്നതില്‍ വന്ന പിശകും ഒരു രജിസ്‌റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന് ചുണ്ടിക്കാണിക്കാനും തിരുത്താനുമാകും. യോഗ്യത നേടിയ 80000 ത്തിലധികം രെജിസ്റ്റര്‍ഡ് ഫാര്‍മസിസ്റ്റുകള്‍ സംസ്ഥാത്തുണ്ട്. ഇവരില്‍ ഭൂരിഭാഗവും യോജിച്ച തൊഴില്‍ ഇല്ലാത്തവരാണ്. ഫാര്‍മസി ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം,ഗവേഷണബിരുദം എന്നിവയൊക്കെ നേടിയവരാണ് ഇവര്‍.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകള്‍ നല്‍കുന്ന എല്ലാ കേന്ദ്ര സംസ്ഥാന ആരോഗ്യപദ്ധതികളിലും ആവശ്യമായ ഫാര്‍മസിസ്റ്റുമാരെ നിയമിച്ചാല്‍ ഇക്കാര്യത്തിന് പരിഹാരത്തിനും ഫാര്‍മസി മേഖലയുടെ ഉണര്‍വിനും കാരണമാകും.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് കേരളത്തിലാണ്. എന്നാല്‍ നമുക്കാവശ്യമായതിന്റെ പത്ത് ശതമാനംപോലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഒരു ഫാര്‍മാ പാര്‍ക്ക് എന്ന ആശയം സാധ്യമാക്കേണ്ടത്. 2016 ല്‍ കേരളത്തില്‍ ഒരു ഫാര്‍മാ പാര്‍ക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും കടലാസ്സില്‍തന്നെയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തിനാവശ്യമായ മരുന്നുകളുടെനിശ്ചിത ശതമാനമെങ്കിലും ഗുണനിലവാരം ഉറപ്പുവരുത്തി ഇവിടെ ഉത്പാദിപ്പിക്കാനാവും. മാത്രമല്ല നൂറുകണക്കിന് ഫാര്‍മസിസ്റ്റുമാര്‍ക്കും ഇതരയോഗ്യതയുള്ളവര്‍ക്കും തൊഴില്‍ നല്കാനും സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചക്ക് സഹായകമാവാനും കഴിയും.