തൃശൂർ: തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി സുരേഷ് ഗോപി ചട്ടവിരുദ്ധമായി ആംബുലൻസ് ഉപയോഗിച്ചുവെന്ന പരാതിയിൽ തൃശൂർ പൊലീസ് അന്വേഷണം തുടങ്ങി. സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി രേഖപ്പെടുത്തി. തൃശൂർ റീജ്യനൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല.
ഹൈക്കോടതി അഭിഭാഷകനായ കെ സന്തോഷ് കുമാര്‍ സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര ചട്ട വിരുദ്ധമാണെന്ന് കാണിച്ച് ഗതാഗത വകുപ്പിനും മുഖ്യമന്ത്രിക്കും കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സ് മറ്റുവാഹനമായി ഉപയോഗിച്ചതിനാണ് പരാതി നല്‍കിയത്. ഈ പരാതിയിന്‍മേലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
തൃശൂർ പൂരം അലങ്കോലമായതിനു പിന്നാലെ സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി പ്രശ്നപരിഹാരത്തിനായി എത്തിയത്. മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് സുരേഷ് ഗോപിയെ എത്തിച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചതെന്നാണ് ബി.ജെ.പി നൽകുന്ന വിശദീകരണം.