കോഴിക്കോട്: മോഹന്‍ലാലിന്റെ ഒന്നൊന്നര പുലിമുരുകനുമായി താരയുദ്ധത്തിന് തയ്യാറായി മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനും തിയേറ്ററിലെത്തി കഴിഞ്ഞു. ആദ്യ ഷോകള്‍ പിന്നിടുമ്പോഴേക്കും ഇരു സിനിമകളെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നിഷാദ് കോയയുടെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രം തന്നെയാണ് ആകര്‍ഷണം. തോപ്രാംകുടിക്കാരനായ അച്ചായന്റെ കഥ പറയുന്ന ചിത്രം ഹാസ്യത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്
താരയുദ്ധത്തിനിറങ്ങി കബഡിയിലും ജീവിതത്തിലും ക്യാപ്റ്റനായി മുന്നേറുന്ന തോപ്പില്‍ ജോപ്പന് എന്നാല്‍ ഒരു പഴയ കണക്കുകൂടി തീര്‍ക്കാനുണ്ട്.
പുലിമുരുകനും തോപ്പില്‍ ജോപ്പനും ഒരുമിച്ച് തിയേറ്ററുകളിലെത്തുമ്പോള്‍ താരരാജാക്കനമാരുടെ ആരാധകര്‍ക്ക് പഴയ പല കണക്കുകളും ഓര്‍മ വരും.
മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളുടെ ചിത്രം ഒരുമിച്ച് തിയേറ്ററുകളിലെത്തുന്നത് ഇതാദ്യമല്ല. വളരെ അപൂര്‍വ്വമായി മാത്രം സംഭവിയ്ക്കുന്ന ഒരു പ്രതിഭാസമാണെങ്കിലും ഇതിന് മുമ്പ് ഇങ്ങനെ ഒരു താരയുദ്ധനം നടന്നത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 2001 ആഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രം ഒരുമിച്ച് തിയേറ്ററിലെത്തിയത്.
ആ മല്ലയുദ്ധം വിനയന്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ രാക്ഷസ രാജാവും രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ രാവണ പ്രഭുവും ആയിരുന്നു ആ രണ്ട് ചിത്രങ്ങള്‍. മമ്മൂട്ടിയ്ക്കൊപ്പം ദിലീപ്, കാവ്യ മാധവന്‍, മീന, കലാഭവന്‍ മണി, രാജന്‍ പി ദേവ് തുടങ്ങിയവര്‍ അണിനിരന്നപ്പോള്‍, മറുവശത്ത് ഡബിള്‍ റോളില്‍ മോഹന്‍ലാലും കൂടെ നെപ്പോളിയനും രേവതിയും വസുന്തരദാസും സിദ്ധിഖുമൊക്കെ എത്തി.
താരയുദ്ധത്തിന് ശേഷം ഒടുവില്‍ ആ യുദ്ധത്തില്‍ ജയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. രാക്ഷസ രാജാവ് ബോക്സോഫീസ് കലക്ഷന്റെ കാര്യത്തില്‍ മോശമല്ലായിരുന്നുവെങ്കിലും രാവണപ്രഭുവിനോട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അതിന് ശേഷം അങ്ങനെ ഒരു താരയുദ്ധം മലയാളത്തില്‍ ഉണ്ടായിട്ടില്ല.
പരസ്പരം ഇങ്ങനെ ഒരു ക്ലാഷ് വരാതെ മോഹന്‍ലാലും മമ്മൂട്ടിയും ശ്രദ്ധിച്ചിരുന്നു എന്നു വേണം പറയാന്‍. പലതവണ രണ്ട് പേരുടെയും ചിത്രങ്ങള്‍ ഒന്നിച്ചു വരുന്നതായി പ്രഖ്യാപിച്ചുവെങ്കിലും ഒപ്പം പ്രദര്‍ശനത്തിന് ഇറങ്ങിയില്ല.
എന്നാല്‍ ഒന്നര പതിറ്റാണ്ടിന് ശേഷം ജോപ്പനും പുലിമുരുകനുമായി താരങ്ങള്‍ വരുമ്പോള്‍ രാക്ഷസ രാജാവും രാവണപ്രഭവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒരു കണക്ക് ജോപ്പന് ബാക്കി കിടക്കുകയാണ്. ഒരു കളി കൂടി വീണ്ടും നടക്കുമ്പോള്‍ വിജയം ആരുടെ പക്ഷത്തായിരിക്കും!!!