സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ച കെ.ഇ ഇസ്മാഈലിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി സി.പി.ഐയിലെ ഔദ്യോഗികവിഭാഗം. ഇന്ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇസ്മാഈലിനെതിരെ നടപടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തോടൊപ്പം ഇസ്മാഈലിന്റെ ആരോപണങ്ങളും സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി തീരുമാനം. ഇസ്മാഈല്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായതിനാല്‍ സംസ്ഥാനതലത്തില്‍ നടപടി സാധ്യമല്ല.
അടുത്ത ദേശീയ എക്‌സിക്യൂട്ടീവില്‍ വിഷയം ഉന്നയിക്കാനാണ് കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന ഔദ്യോഗിക വിഭാഗത്തിന്റെ നീക്കം. ബഹുഭൂരിപക്ഷവും കാനത്തെ അനുകൂലിക്കുന്നവരായതിനാല്‍ ഇസ്മാഈലിന് എതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയരാം. 24, 25 തിയതികളില്‍ ഡല്‍ഹിയില്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗവും ചേരുന്നുണ്ട്. ഇസ്മാഈലിന് പുറമെ സ.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരും ദേശീയ എക്‌സിക്യൂട്ടീവിലുണ്ട്. ഇസ്മാഈലിന്റേത് അനവസരത്തിലുള്ള പ്രതികരണമായിരുന്നെന്നാണ് ബിനോയിയുടേയും പന്ന്യന്റേയും നിലപാട്. തോമസ് ചാണ്ടി വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം പരിധിവിട്ട അവസരത്തില്‍ നടത്തിയ പ്രതികരണം സി.പി.ഐക്ക് പ്രതികൂലമാകുകയും സി.പി.എമ്മിന് സഹായകരമാകുകയുമായിരുന്നു.
തോമസ് ചാണ്ടിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള സി.പി.ഐ മന്ത്രിമാരുടെ തീരുമാനം നേതൃത്വത്തിലുള്ള പലരും അറിഞ്ഞിട്ടില്ലെന്നായിരുന്നു ഇസ്മാഈലിന്റെ പ്രതികരണം. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും രാജിക്കിടയാക്കിയ സീറോ ജെട്ടി റോഡ് നിര്‍മാണത്തിന് എം.പി എന്ന നിലയില്‍ പണം അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണെന്നും’ഇസ്മാഈല്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് കാനം വിഭാഗത്തെ ചൊടിപ്പിച്ചത്. സി.പി.ഐയില്‍ വിഭാഗീയതയുണ്ടെന്ന വ്യാഖ്യാനം ബലപ്പെട്ടതോടെ ഇസ്മാഈല്‍ പിന്നീട് തിരുത്തുമായി രംഗത്തെത്തി. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞുവെന്നപേരില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്നായിരുന്നു പ്രതികരണം. മന്ത്രിസഭായോഗ ബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഇസ്മാഈലിന്റെ പ്രതികരണം നാവുപിഴയാണെന്ന വ്യാഖ്യാനവുമായി സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബുവും രംഗത്തെത്തിയിരുന്നു.