X
    Categories: MoreViews

ഗതികെട്ട് രാജി

 

എല്‍.ഡി.എഫിലുണ്ടായ വന്‍ പൊട്ടിത്തെറികള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊടുവില്‍ കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ്ചാണ്ടി രാജിവെച്ചു. ഇന്നലെ ഉച്ചക്ക് 12.50ഓടെയാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രി പിണറായി വിജയന് തോമസ്ചാണ്ടിയുടെ രാജി സമര്‍പിച്ചത്. മുഖ്യമന്ത്രി രാജ്ഭവന് കൈമാറിയ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. തോമസ്ചാണ്ടി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തല്‍ക്കാലം മുഖ്യമന്ത്രി വഹിക്കും. പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരില്‍ ആരെങ്കിലും ഒരാള്‍ കുറ്റവുമുക്തനായി തിരിച്ചെത്തിയാല്‍ മന്ത്രിയാക്കാമെന്ന് എന്‍.സി.പിക്ക് പിണറായി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുവരെ മന്ത്രിസ്ഥാനം ഒഴിച്ചിടാനാണ് ധാരണ.
രാജിക്കത്ത് എഴുതി പീതാംബരന്‍ മാസ്റ്ററെ ഏല്‍പിച്ച ശേഷം ഒദ്യോഗിക വാഹനത്തില്‍ തോമസ്ചാണ്ടി ആലപ്പുഴയിലേക്ക് പോയതും വിവാദമായി. യാത്രാമധ്യേ പലയിടത്തും ചാണ്ടിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറും കരിങ്കൊടി പ്രയോഗവുമുണ്ടായി. കുട്ടനാട് എത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ചാണ്ടി, താന്‍ നിരപരാധിയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി പഴയപല്ലവി ആവര്‍ത്തിച്ചു.
ചൊവ്വാഴ്ച പകല്‍ മുഴുവന്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് കൊച്ചിയിലായിരുന്ന ചാണ്ടിയെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിക്ക് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ചാണ്ടി രാജി ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമവും നടത്തിയിരുന്നു. രാവിലെ ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും തോമസ്ചാണ്ടി പങ്കെടുത്തു.
കളങ്കിതനായ മന്ത്രിക്കൊപ്പം മന്ത്രിസഭാ യോഗത്തിനില്ലെന്ന നിലപാടുമായി സി.പി.ഐയുടെ നാല് മന്ത്രിമാരും വിട്ടുനിന്നു. പാര്‍ട്ടിയുടെ തീരുമാനപ്രകാരം മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ കത്തു മുഖേന അറിയിക്കുകയും ചെയ്തു. ഇതോടെ സി.പി.ഐ തുറന്ന യുദ്ധത്തിലേക്ക് കടക്കുമെന്ന് വ്യക്തമായി.
ചാണ്ടിയുടെ രാജി തീരുമാനിക്കാന്‍ 10.30വരെ എന്‍.സി.പി സമയം ചോദിച്ചതായും അവരുടെ തീരുമാനം വരട്ടെയെന്നുമാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ചാണ്ടിക്കെതിരായി പറയപ്പെടുന്ന ആരോപണങ്ങള്‍ മന്ത്രിയാകുന്നതിന് മുന്‍പുള്ളതാണെന്നും പിണറായി ആവര്‍ത്തിച്ചു. മുന്നണി മര്യാദ അനുസരിച്ച് ഓരോ പാര്‍ട്ടിക്കും അവരുടെ മന്ത്രിയുടെ കാര്യം തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 10.30ഓടെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററും എ.കെ ശശീന്ദ്രന്‍ എം.എല്‍.എയും എന്‍.സി.പി ദേശീയ നേതൃത്വവുമായി ഫോണില്‍ ചര്‍ച്ച നടത്തി. ചാണ്ടിയുടെ രാജി ആവശ്യവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തി.
ഇതിനിടെ തോമസ് ചാണ്ടിയും വസതിയില്‍ എത്തിച്ചേര്‍ന്നു. ഒരു മണിക്കൂറിന് ശേഷം പുറത്തിറങ്ങിയ പീതാംബരന്‍ മാസ്റ്റര്‍ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.

chandrika: