വിശാല്‍ ആര്‍.
ഭരണത്തിലേറി ഒട്ടും വൈകാതെ തന്നെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകിടം മറിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടായത്. ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ തങ്ങളുടെ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്നതിന് ഇനി തടസ്സം ജുഡീഷ്യറിയാണെന്ന തിരിച്ചറിവാണ് അവരെ നയിച്ചത്. ഉന്നത കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്ന രണ്ടു പതിറ്റാണ്ടിലധികം പഴക്കമുള്ള കൊളീജിയം സമ്പ്രദായം അട്ടിമറിക്കാനാണ് ആദ്യം ശ്രമം നടത്തിയത്. തങ്ങളുടെ താല്‍പര്യങ്ങള്‍ ഏതുവിധേനയും കോടതിയില്‍ സംരക്ഷിച്ചെടുക്കുകെയന്ന കുതന്ത്രമാണ് കേന്ദ്രത്തിനുണ്ടായിരുന്നത്. ഗുജറാത്ത് വംശഹത്യയടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് വേണ്ടി ഏറ്റുമുട്ടല്‍ നാടകക്കേസില്‍ വക്കാലത്തെടുത്ത ഉദയ് ലളിത്, കൊളീജിയം സമ്പ്രദായത്തിലൂടെ തന്നെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത് ജനാധിപത്യ വിശ്വാസികളുടെ ആശങ്കക്ക് ആക്കംകൂട്ടുന്നതായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ തഴഞ്ഞാണ് ഉദയ് ലളിതിനു വേണ്ടി സര്‍ക്കാര്‍ കരുക്കള്‍ നീക്കിയത്.
രാജ്യത്തെ ജുഡീഷ്യറി സംവിധാനം തകരാറിലാണെന്ന് വിളിച്ച് പറഞ്ഞ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നാല് സുപ്രീം കോടതി ജഡ്ജിമാര്‍ പണിമുടക്കി കോടതി വിട്ടിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചത് ഈ സാഹചര്യം നിലനില്‍ക്കുന്ന വേളയിലാണ്. സന്തോഷത്തോടെയല്ല വാര്‍ത്താസമ്മേളനം വിളിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ സംസാരിച്ചു തുടങ്ങിയത്. ജുഡീഷ്യറി ഭരണ സംവിധാനം കഴിഞ്ഞ കുറേക്കാലമായി ശരിയായ രീതിയില്‍ അല്ല നടക്കുന്നത്. വിവരമുള്ള ഏതെങ്കിലും മനുഷ്യര്‍ ഭാവിയില്‍ പറയരുത് ഇതാ ഈ നാല് ജഡ്ജിമാര്‍ ജുഡീഷ്യറി എന്ന സ്ഥാപനത്തെ സംരക്ഷിച്ചില്ല, അവര്‍ അവരുടെ മനസാക്ഷിയെ വിറ്റവരാണ് എന്ന്. അതുകൊണ്ടാണ് ഈ വിഷയം രാജ്യത്തിന് മുന്നില്‍വെക്കാമെന്ന് തീരുമാനിച്ചത്.
സുപ്രീം കോടതിയുടെ ഭരണസംവിധാനത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ജഡ്ജിമാരെ പത്രസമ്മേളനം നടത്താന്‍ പ്രേരിപ്പിച്ചത്. ന്യായാധിപന്മാരുടെ നിയമനം, നിലവിലുള്ള ചില കേസുകള്‍ കോടതി കൈകാര്യം ചെയ്യുന്ന രീതി, സുപ്രീം കോടതിയുടെ സുതാര്യത, ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്ക എന്നീ കാര്യങ്ങളാണ് അവര്‍ പങ്കുവെച്ചത്. ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ ഷൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കാര്യങ്ങളാണ് ജഡ്ജിമാര്‍ ഉന്നയിച്ച വിഷയത്തില്‍ കാതലായത്.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ കോടതി അധ്യക്ഷനായിരുന്ന ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍ കിഷന്‍ ലോയ 2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെ നാഗ്പുരിലാണ് മരിച്ചത്. കേസ് നടന്നുകൊണ്ടിരിക്കെയായിരുന്നു മരണം. കഴിഞ്ഞ നവംബറില്‍ ലോയയുടെ കൊലപാതകത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ്ക്ക് പങ്കുണ്ടെന്ന് ജഡ്ജ് ലോയയുടെ കുടുംബം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ലോയയുടെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും പുതുതായി ഫയല്‍ ചെയ്തിട്ടുണ്ട്. ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇതിനുമുമ്പ് നാഗ്പൂര്‍ ബെഞ്ചിലും പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. 2014 നവംബര്‍ 30ന് നാഗ്പൂരില്‍ എത്തിയ ജഡ്ജി സര്‍ക്കാര്‍ അതിഥി മന്ദിരമായ രവി ഭവനിലായിരുന്നു താമസിച്ചിരുന്നത്. രാത്രി 11ന് മുംബൈയിലുള്ള ഭാര്യ ഷര്‍മിളയുമായി നാല്‍പതു മിനിറ്റിലേറെ സംസാരിച്ചിരുന്നു. മരണവിവരം പിറ്റേന്നു പുലര്‍ച്ചെ അറിയിച്ചത് ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാര്‍ദെയാണ്. രാത്രി 12.30ന് ലോയക്കു നെഞ്ചുവേദനയുണ്ടായതായും ആസ്പത്രിയില്‍ എത്തിക്കുന്നതിനു മുമ്പേ മരിച്ചതായുമായിരുന്നു പറഞ്ഞിരുന്നത്. ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരോ പൊലീസോ മൃതദേഹത്തെ അനുഗമിച്ചിരുന്നില്ല. തലക്കു പിന്നില്‍ മുറിവും ഷര്‍ട്ടിന്റെ കോളറില്‍ രക്തക്കറയും ഉണ്ടായിരുന്നതായി സഹോദരി അനുരാധ വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം മായ്ച്ചു കളഞ്ഞതായും ഫോണ്‍ കൈമാറിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതിയാണെന്നതും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ ആദ്യം ആരോപിച്ചിരുന്നു. പിന്നീട് ഹൃദയ സ്തംഭനമാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. സുരക്ഷയും വാഹന സൗകര്യവുമുള്ള ഗസ്റ്റ് ഹൗസില്‍നിന്ന് അര്‍ധരാത്രിക്കു ശേഷം അദ്ദേഹത്തെ തൊട്ടടുത്ത ആസ്പത്രിയില്‍ കൊണ്ടുപോയത് ഓട്ടോറിക്ഷയിലാണ്. രണ്ടു കിലോമീറ്റര്‍ ദൂരെയാണ് ഓട്ടോ സ്റ്റാന്‍ഡ്. ആദ്യമെത്തിച്ച ആസ്പത്രിയില്‍ ഇ.സി.ജി സംവിധാനം കേടായതിന്റെ പേരില്‍ മറ്റൊരു ആസ്പത്രിയിലേക്കു മാറ്റി. മൃതദേഹം സ്വദേശമായ ലാത്തൂരില്‍ എത്തിക്കാന്‍ പൊലീസിനേക്കാള്‍ ഇടപെട്ടത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും കുടുംബം ആരോപിച്ചിരുന്നു. ഡ്രൈവര്‍ മാത്രമാണ് മൃതദേഹത്തോടൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.
ലോയയുടെ മരണത്തിനു മൂന്നു വര്‍ഷത്തിനു ശേഷമാണ് ദുരൂഹ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍ ലോണ്‍ നല്‍കിയ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ലോയയുടെ മരണം കഴിഞ്ഞ് 29 ദിവസം കഴിഞ്ഞ്, പകരമായെത്തിയ ജഡ്ജി അമിതഷായെ കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണ പോലും നടത്താതെയായിരുന്നു ഇത്. അമിത്ഷായെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ അപ്പീല്‍ നല്‍കിയതുമില്ല. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ ഈ കേസ് അന്വേഷിച്ചത്.
അന്നത്തെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പ്പെട്ട കേസായതിനാല്‍ ദുഃസ്വാധീനം ഉണ്ടാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് കേസ് സുപ്രീംകോടതി ഗുജറാത്തില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. വിചാരണയുടെ ആദ്യഭാഗം മുതല്‍ ഒരേ ജഡ്ജി കേള്‍ക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അതിനു വിരുദ്ധമായി ആദ്യ ജഡ്ജി ഉല്‍പതിനെ 2014ല്‍ സ്ഥലംമാറ്റി. ഇതിനു ശേഷമാണ് ബി.എച്ച് ലോയ മുംബൈ പ്രത്യേക കോടതിയില്‍ കേസ് പരിഗണിച്ചത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിപ്പട്ടികയിലുള്ള അമിത് ഷാ കോടതിയില്‍ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ജഡ്ജി ലോയ ഉന്നയിച്ചിരുന്നു. കേസില്‍ അനുകൂല വിധിക്ക് 100 കോടി രൂപ കൈക്കൂലി ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയയുടെ മരണശേഷം കുടുംബം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി സഹോദരി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
അമിത്ഷാ ഉള്‍പ്പെടെ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ലോയ ഉത്തരവിട്ടതിന് പിന്നാലെയാണ് മരണ വാര്‍ത്ത വന്നത്. ഇതേതുടര്‍ന്ന് അഭിഭാഷകരും ജഡ്ജിമാരും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക്മിശ്രക്ക് കത്തയച്ചിരുന്നു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ അടത്തുള്ള ജഡ്ജിമാര്‍ പരിഗണിക്കേണ്ട ഗൗരവകരമായ ഹര്‍ജി ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ പത്താം നമ്പര്‍ കോടതിയിലേക്ക് മാറ്റിയതാണ് ജസ്റ്റിസ് ചലമേശ്വറിനെ ഉള്‍പ്പെടെ ചൊടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗോഗഗോയ് പറയുന്നു.
ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള അഭിപ്രായ ഭിന്നത മുമ്പുതന്നെ പുറത്തുവന്നതാണ്. ജുഡീഷ്യറിയിലും അഴിമതിയുണ്ടെന്ന ആരോപണത്തിലൂടെ വിവാദമായ മെഡിക്കല്‍ കോഴക്കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കുനേരെ പരോക്ഷ ആരോപണം ഉന്നയിക്കപ്പെട്ട സംഭവം മുതല്‍ ജസ്റ്റിസ് ലോയയുടെ മരണം വരെയുള്ള വിഷയങ്ങളില്‍ ഈ അഭിപ്രായ ഭിന്നത പ്രകടമായിരുന്നു. കേസുകള്‍ കൈമാറുന്നതില്‍ ചീഫ് ജസ്റ്റിസ് തന്നിഷ്ടം കാണിക്കുന്നതായായിരുന്നു പരാതി.
ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഉള്‍പ്പെടെ, ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ പരമാവധി സുതാര്യത വേണമെന്നു പരസ്യമായി നിലപാടെടുത്ത ന്യായാധിപനാണു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം സംവിധാനം മാത്രമാണു മികച്ചതെന്ന നിലപാടു ശരിയല്ലെന്നും കൊളീജിയത്തിന്റെ നടപടി സുതാര്യമല്ലെന്നും ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ കേസില്‍ ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ കൊളീജിയത്തിന്റെ പ്രവര്‍ത്തന രീതിയെ ജസ്റ്റിസ് ചെലമേശ്വര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ജഡ്ജി നിയമനത്തിനായി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിച്ചുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിലുള്‍പ്പെട്ട ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യന്‍ ജോസഫും കൊളീജിയത്തിന്റെ പ്രവര്‍ത്തനം സുതാര്യവും നിഷ്പക്ഷവുമല്ലെന്നു നിലപാടെടുത്തിരുന്നു. ജഡ്ജി നിയമനങ്ങളെച്ചൊല്ലി ജുഡീഷ്യറിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് കൊളീജിയത്തിന്റെ പ്രവര്‍ത്തനത്തെ ജസ്റ്റിസ് ചെലമേശ്വര്‍ പരസ്യമായി ചോദ്യം ചെയ്തത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ചെലമേശ്വറും 2011 ഒക്ടോബര്‍ 10ന് ആണ് സുപ്രീം കോടതി ജഡ്ജിമാരായത്. മിശ്ര അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ടിനും ജസ്റ്റിസ് ചെലമേശ്വര്‍ അടുത്ത ജൂണ്‍ 22നും വിരമിക്കും. സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനു 2011 സെപ്തംബറില്‍ അഞ്ചുപേരെ രണ്ടു വിഭാഗമായാണ് ശിപാര്‍ശ ചെയ്തത്. ഇതില്‍ ജസ്റ്റിസ് ചെലമേശ്വര്‍ രണ്ടാമത്തെ വിഭാഗത്തിലാണ് ഉള്‍പ്പെട്ടത്. ആദ്യത്തേതില്‍ ഉള്‍പ്പെടുത്തിയാല്‍ അദ്ദേഹം ചീഫ് ജസ്റ്റിസാകുമെന്നും അത് ഒഴിവാക്കാനാണു ശിപാര്‍ശ രണ്ടു വിഭാഗമാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു.