കെ.ബി.എ കരീം
തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാനം ഉറ്റു നോക്കുന്നതും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതുമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നടക്കുന്ന ഈ ഉപതിരഞ്ഞെടുപ്പ് ‘ഭരണ തുടര്‍ച്ചയുടെ ധാര്‍ഷ്ട്യത്തില്‍ ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാറിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആയി മാറും എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പിറന്നാള്‍ സമ്മാനമായി ഉപതിരഞ്ഞെടുപ്പിനെ മാറ്റിയെടുക്കണം എന്ന വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും. ഇതിനു വേണ്ടി ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും കമ്മ്യൂണിസ്റ്റ് ഇടത്് ആദര്‍ശങ്ങളും കീഴ് വഴക്കങ്ങളും കാറ്റില്‍ പറത്തിയുമുള്ള നിലപാടുകളും ആസൂത്രണവുമായാണ് അവര്‍ മുന്നോട്ടു പോകുന്നത്.
ഒരു വര്‍ഷത്തിനകം സര്‍ക്കാര്‍ കൈക്കൊണ്ട ജനവിരുദ്ധ നിലപാടുകള്‍ എല്ലാം സവിസ്തരം ചര്‍ച്ചചെയ്യപ്പെട്ട ഒരു ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും ഖജനാവിലെ പണവും ഇത്രമേല്‍ ദുരുപയോഗം ചെയ്യപ്പെട്ട ഒരു ഉപതിരഞ്ഞെടുപ്പും ഇതിനു മുമ്പുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിനും ഇതുവരെ ഉണ്ടാകാത്തത്ര സവിശേഷ പ്രാധാന്യം തൃക്കാക്കരയ്ക്ക് കൈവന്നിരിക്കുകയാണ്. കെ റെയില്‍ അടക്കമുള്ള ജനവിരുദ്ധ നയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വ്യാപകമായി ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ജനാധിപത്യ പാതയില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടേയും ഇരട്ടത്താപ്പ് തുറന്നു കാട്ടി ഐക്യജനാധിപത്യമുന്നണി വന്‍ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനെ ഒന്നു പിടിച്ചുകെട്ടാന്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായി യഥാര്‍ത്ഥത്തില്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മാറിയിരിക്കയാണ്. തൃക്കാക്കരയില്‍ ഏതുവിധേനയും ജയിച്ചു കയറാന്‍ ഏതു ഹീന മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നുറപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇത് തന്റെ അഭിമാന പോരാട്ടമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ആദ്യാവസാനം ഇടതു മുന്നണിക്ക് വേണ്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.
വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് രംഗം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ യു.ഡി.എഫിന് വലിയതോതിലുള്ള മേല്‍ക്കൈ കൈവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തിരഞ്ഞെടുപ്പ് ജയിക്കാനുള്ള കുതന്ത്രങ്ങളും തുറന്നുകാട്ടി എന്നത് തന്നെയാണ് ഇതില്‍ പ്രധാനം. സ്ഥാനാനാര്‍ഥി നിര്‍ണയം മുതല്‍ പ്രചരണം അവസാനിക്കുന്ന ദിവസം ഇടതു സ്ഥാനാര്‍ഥിയുടെ വീഡിയോയുമായി ബന്ധപ്പെട്ട വിവാദം വരെ തിരിച്ചടികളുടെ ഒരു പരമ്പര തന്നെ ഇടതിന് നേരിടേണ്ടിവന്നതായി കാണാം. ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പിച്ചു ചുവരെഴുത്ത് വരെ തുടങ്ങിയതാണ് തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ സിപിഎമ്മിന് ലഭിച്ച കനത്ത തിരിച്ചടി. മണ്ഡലത്തിലെ നിരവധി പ്രദേശങ്ങളില്‍ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന് വേണ്ടി ചുവരെഴുത്തുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരിവേഷവുമായി അസ്ഥിരോഗ വിദഗ്ധനെ കെട്ടി ഇറക്കിയതിന്റെ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഇത്തവണ പാര്‍ട്ടിക്കുവേണ്ടി നിലകൊണ്ട നേതാവിന് തന്നെ സീറ്റ് കൊടുക്കാന്‍ തത്വത്തില്‍ ധാരണയായത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാംഘട്ട ചികിത്സക്കായി അമേരിക്കയിലായിരിക്കെ അവിടെനിന്ന് നടത്തിയ ചില ഗൂഢ നീക്കങ്ങളുടെ ഭാഗമായാണ് ഹൃദ്രോഗ വിദഗ്ധനായ ഡോക്ടറെ സ്ഥാനാര്‍ത്ഥിയായി അവസാന നിമിഷം കണ്ടെത്തിയത്. ഇതുമൂലം സ്ഥാനാര്‍ഥി നിര്‍ണയവും പ്രഖ്യാപനവും ഏറെ നീണ്ടുപോവുകയും ചെയ്തു. ഒരു സമുദായത്തിന്റെ സ്ഥാപനത്തില്‍ വെച്ച് വൈദികരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് നടത്തിയ നാടകങ്ങളും ഇടതുമുന്നണിയെ വന്‍തോതില്‍ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞതവണത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാതിരുന്നതിന്റെ പതിന്മടങ്ങു ശക്തിയില്‍ ഇത്തവണയും സി.പി.എം പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുമെന്ന അവസ്ഥ ഇതോടെ വരികയും ചെയ്തു. കഴിഞ്ഞ തവണ ഡോക്ടര്‍ ജേക്കബിനെ പരാജയപ്പെടുത്തിയതിന്റെ പേരില്‍ സി.പി.എം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടപടി നേരിട്ടതാണ്.
സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ റെയില്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ ഇടതുമുന്നണിക്ക് ഇത് പൂര്‍ണമായും വിഴുങ്ങേണ്ടി വന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടലും സര്‍വേയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ജനങ്ങളെ തല്ലിച്ചതച്ചതിന്റെ വേദന തൃക്കാക്കരയില്‍ മുഴച്ചു നിന്ന സമയമായിരുന്നു അത്. ഇത് മനസിലാക്കിയാണ് കെ റെയിലിന് പകരം വികസനം എന്ന വാക്ക് ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. ഇതും പോരാഞ്ഞ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടല്‍ തന്നെ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ ഇതൊരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞു എന്ന് ഇടതുപക്ഷത്തിന് ബോധ്യമാവുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായി 10 ദിവസം തൃക്കാക്കര മണ്ഡലത്തില്‍ താമസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പിന്റെ ചരടുവലികള്‍ നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം തലസ്ഥാനത്തുനിന്ന് ഇതിനകം തൃക്കാക്കരയിലേക്ക് പറിച്ചുനടപ്പെട്ടിരുന്നു. എല്ലാ മന്ത്രിമാരും അവരുടെ ഔദ്യോഗിക സംവിധാനങ്ങളും മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന സി.പി.എം എം.എല്‍.എമാരും പ്രചരണത്തിന്റെ ഭാഗമായി മൂന്നാഴ്ചയോളം തൃക്കാക്കരയില്‍ സ്ഥിരതാമസമാക്കി. മന്ത്രിസഭാ യോഗങ്ങള്‍ വരെ കൊച്ചിയേയും തൃക്കാക്കരയേയും കേന്ദ്രീകരിച്ചാണ് നടന്നത്. തലസ്ഥാനത്ത് ‘ഭരണം തന്നെയില്ലെന്ന് തോന്നിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും കൊച്ചിയില്‍ സര്‍ക്കാറിന്റെ കോടികള്‍ ഒഴുകുകയും ചെയ്തു.
മന്ത്രിമാരുടെ വര്‍ഗീയ പ്രചരണം ആണ് ഈ തിരഞ്ഞെടുപ്പില്‍ മുഴച്ചു നിന്ന മറ്റൊരു വിഷയം. വര്‍ഗീയതയെ വളര്‍ത്താതെയും ജാതിമത ശക്തികളെ പ്രീണിപ്പിക്കുകയും ചെയ്യാതെ ഈ ഉപതിരഞ്ഞെടുപ്പ് നേടിയെടുക്കാന്‍ കഴിയില്ലെന്ന ഗതി കേടില്‍ നിന്നാണ് സംസ്ഥാനത്ത് മന്ത്രിമാരെ വര്‍ഗീയമായി ഉപയോഗിക്കാന്‍ സി.പി.എം തയ്യാറായത്. എന്നാല്‍ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ സര്‍ക്കാരിന്റെ ഈ വര്‍ഗീയ മുഖം പുറത്തു കൊണ്ട് വരുന്നതില്‍ വന്‍തോതില്‍ വിജയിക്കുകയും ചെയ്തു. സ്ത്രീപക്ഷത്താണെന്ന സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞതാണ് പ്രചാരണം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കെ ഇടതുമുന്നണിക്ക് തിരിച്ചടിയായ മറ്റൊരു വിഷയം. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചതാണ് സര്‍ക്കാരിന്റെ വികൃതമുഖം തുറന്നുകാട്ടാന്‍ വഴിവെച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഗൂഢ നീക്കങ്ങളും ഇതോടെ ചര്‍ച്ചാവിഷയമായി. ഏറ്റവുമൊടുവില്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരെ പുറത്തിറങ്ങിയ വ്യാജ വീഡിയോ പ്രചാരണത്തില്‍ നിന്ന് മുതലെടുക്കാമെന്ന സി.പി.എം മോഹവും അസ്ഥാനത്ത് ആവുകയായിരുന്നു. സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് നാടകമായിരുന്നു എന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് പിന്നീട് പുറത്തുവന്നത്.
ഇനിയും ‘ഭരണസ്വാധീനം ഉപയോഗിച്ച് പല കുതന്ത്രങ്ങളും ഇടതുപക്ഷം പയറ്റുമെന്ന് യുഡിഎഫ് ഉറപ്പിക്കുകയും അതിനെതിരെ ജാഗ്രത പാലിക്കുകയും ചെയ്യുന്നുണ്ട്. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ തൃക്കാക്കരയില്‍ സര്‍ക്കാരിനെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് ഉറച്ച തീരുമാനവുമായാണ് യുഡിഎഫ് മുന്നോട്ടു പോകുന്നത്. പി.ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി തന്നെ മത്സര രംഗത്തെത്തിയത് അനുകൂല ഘടകമാണെങ്കിലും പൂര്‍ണമായും രാഷ്ട്രീയം പറഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും യുഡിഎഫും വോട്ട് തേടിയത്. സംസ്ഥാന സര്‍ക്കാരിന്റെ കപടമുഖം തുറന്നുകാട്ടാന്‍ കഴിഞ്ഞതുകൊണ്ടു തന്നെ യു.ഡി.എഫിന്റെ ഭൂരിപക്ഷം കഴിഞ്ഞതവണത്തേതില്‍ നിന്ന് വന്‍ തോതില്‍ വര്‍ധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.