ടി.എ അഹമ്മദ് കബീര്‍
നമുക്ക് പരിചയമുള്ള പദാവലി ഉപയോഗിച്ച് ഗാന്ധിജിയുടെ അവധാനങ്ങള്‍ ഒരു മാലയായി കോര്‍ക്കാന്‍ കഴിയും. ശാലീനം, രമ്യം, സൗമ്യം, ദീപ്തം, വശ്യം, ധന്യം അങ്ങനെ ഏത് പദമെടുത്ത് ഉപയോഗിച്ചാലും മനസ്സില്‍ നിറയുന്നൊരു ചിത്രമാണ് ഇന്നിവിടെ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ആയുധം പുഞ്ചിരിയായിരുന്നു. അര്‍ധനഗ്നനായ ഫക്കീര്‍ ധാര്‍മ്മികമായ ഒരു ജീവിതത്തിന്റെ ആള്‍രൂപമായി, സ്വരൂപമായി നമ്മുടെ മുന്നില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അഹിംസ, സത്യം, ഗീത, സത്യാന്വേഷണം, സത്യഗ്രഹം, പ്രാര്‍ത്ഥനായോഗങ്ങള്‍ അങ്ങനെ ഏത് പദമെടുത്താലും ഗാന്ധിജിയുടെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. പക്ഷേ തേരിന്‍ വിണ്ണില്‍ ഒരു പെരുമാള്‍ ഇരിക്കുന്നുവെന്ന് പറയുന്നതുപോലെയുള്ള ധാര്‍മ്മികമായ ഒരു ചിത്രമല്ലത്. അത് വലിയ പൊളിറ്റിക്കല്‍ ഡയമന്‍ഷനുള്ള ഒന്നായിരുന്നു. ഒരു ജനതയെ ഒന്നാകെ സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്വലമായ പൊതുവഴിയിലേക്ക് ആവേശകരമായി ആനയിക്കുന്ന വലിയ വലിയ പൊളിറ്റിക്കല്‍ ഡയമന്‍ഷനുള്ള, ഒരുപക്ഷേ ഈ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയൊരു രാഷ്ട്രീയ നായകന്റെ ചിത്രമാണ് ഗാന്ധിജിയില്‍ കാണാന്‍ കഴിയുക.
പണിയാലകളിലും പണിശാലകളിലും പാടത്തും പണിയെടുക്കുന്ന സാധാരണക്കാരനായ തൊഴിലാളിയെപ്പോലെ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെ, നേതാജി സുഭാഷ് ചന്ദ്രബോസിനെ പോലെ റാം മനോഹര്‍ ലോഹ്യയേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും മൗലാന അബ്ദുല്‍ കലാം ആസാദിനേയും പോലെ, ഡോ. ബി.ആര്‍ അംബേദ്കറെ പോലെയുള്ള നിരവധി നേതാക്കന്മാരെ തന്റെ ചുറ്റും അണിനിരത്താന്‍ ശേഷിയുള്ള മഹാപ്രതിഭാശാലിയായ ഒരു നേതാവിന്റെ ചിത്രമാണ് കാണുന്നത്. ഗ്രാമവും നഗരവും ഒരുപോലെ സമരസജ്ജമാകുന്ന ചിത്രവും നാട്ടുരാജാക്കന്മാരും പ്രഭുക്കളും അന്തംവിട്ട് നില്‍ക്കുന്ന ചിത്രവും ഈ അര്‍ധനഗ്നന്‍ രാജ്യത്ത് സൃഷ്ടിച്ചു. അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പാടിയത്. മലയാളക്കരയില്‍ വള്ളത്തോള്‍ നാരായണമേനോനെ മാത്രമല്ലല്ലോ, പല മലയാള കവികളെയും സ്വാധീനിച്ച ശബ്ദമായിരുന്നു, സ്വാധീനിച്ച സമര രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം അഞ്ച് പ്രാവശ്യം കേരളത്തില്‍ വന്നു. കോഴിക്കോട് രണ്ട് പ്രാവശ്യം. സ്വാതന്ത്ര്യ സമരത്തില്‍ മലബാര്‍ എന്നും വലിയ സ്വാധീനം ചെലുത്തിയിരുന്നു. മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലായി ഉയര്‍ത്തിയ നാടാണ്. രണ്ട് പ്രാവശ്യം ഗാന്ധിജി അവിടെ വന്നു. അദ്ദേഹം അവിടെ വന്നപ്പോള്‍ വൈക്കം സത്യഗ്രഹത്തിന്റെ പ്രചോദക കേന്ദ്രമായി മാറി. പ്രഭുക്കന്മാര്‍ അദ്ദേഹത്തോട് അകലം പ്രഖ്യാപിച്ചപ്പോള്‍ അങ്ങോട്ട് ചെന്നുകണ്ടു മഹാനായ ഗാന്ധിജി.
ക്ഷേത്രപ്രവേശന വിളംബരം തിരുവനന്തപുരത്ത് നടന്നപ്പോള്‍ അവിടെയെത്തി. അതിന്റെ അര്‍ത്ഥം ഈ രാജ്യത്തെ ഒന്നാകെയും മുഴുവന്‍ ആളുകളേയും ഒരുപോലെ കണ്ട് ഒരു ബാപ്പുജി ചിത്രമുണ്ട്. അവകാശ നിഷേധങ്ങളെ വെല്ലുവിളിച്ച ആ ശബ്ദം, മാനവികതയുടെ വിശാലത കൊതിച്ച ആയിരങ്ങളുടെ നിനവുകളെ നട്ടുനനച്ച് വളര്‍ത്താന്‍ ശേഷിയുള്ള ഒരാളായിരുന്നു. ഇത് ഒന്ന് പെയ്ത് തോരുന്ന മഴയല്ല. ചില ആളുകള്‍ക്ക് ആ തെറ്റിദ്ധാരണയുണ്ട്. ഗാന്ധിജി പെട്ടെന്ന് പെയ്ത് തോരുന്ന മഴയാണെന്ന് ആരും കരുതേണ്ടതില്ല. താല്‍ക്കാലിക പ്രതിഭാസങ്ങള്‍ ഏത് ജനായത്ത സംവിധാനത്തിനും വരാം. പക്ഷേ ഗാന്ധിജി ഗംഗയായി ഒഴുകുകയാണ്. ഗാന്ധിജി നിനവുകളില്‍ നിറഞ്ഞ് നിന്ന് നിറകതില്‍ തൂകുകയാണ്. പുതിയ രാജ്യം, എന്റെ അഭിപ്രായത്തില്‍ ചെറുപ്പക്കാര്‍ ഗാന്ധിജിയെ കണ്ടെത്താന്‍ പോകുകയാണ്. അവര്‍ക്ക് അന്ധകാരം അറിയില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം പ്രകാശമാനമായൊരു ഇന്ത്യ, ആ ഇന്ത്യയിലാണ് അന്ധകാര നിബിഡമായ, ഭീതിജനകമായ, സംഭ്രമജനകമായ സാംസ്‌കാരിക സ്വഭാവം വന്നിരിക്കുന്നത്. അതുകൊണ്ട് ചെറുപ്പക്കാര്‍ അവേശത്തിന്റെ പുത്തനുണര്‍വ്വിന്റെ ഒരു കുത്തൊഴുക്കായി മാറാന്‍ പൊകുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യാരാജ്യത്ത് ഒരു പുതിയ സ്വാതന്ത്ര്യ സമര പ്രഖ്യാപനം വരാന്‍ പോകുകയാണ്.
രാജ്യത്തിന്റെ വീണ്ടെടുപ്പ് അധികം താമസമില്ലാത്തവിധം ഈ രാജ്യം ഏറ്റെടുക്കും. കമ്പോട് കമ്പ് ജനങ്ങളുടെ കൂടെനിന്ന് ഒരു നേതാവ്. ജനക്കൂട്ടത്തിനിടയില്‍ ഗാന്ധിജി ആരാണെന്ന് പറയാന്‍ ഒരു സഹായമേ ഉണ്ടായിരുന്നുള്ളൂ. ആ അര്‍ധനഗ്നത, വടി, കണ്ണട, ആ പുഞ്ചിരി. ഇതെല്ലാമൊഴികെ ബാക്കിയെല്ലാം ഇന്ത്യയിലെ ശരാശരി ഗ്രാമീണരുടെ കൂടെയായിരുന്നു ഗാന്ധിജി. ആ ഗാന്ധിജി നമ്മുടെ മനസ്സുകളെ ഇന്നും സ്വാധീനിക്കുന്നു. ഗാന്ധിജി ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. നിര്‍ഭാഗ്യവശാല്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് ആവര്‍ത്തിച്ച് വായിക്കേണ്ട ഒരു പുസ്തകമാണ്. ഓണ്‍ലൈനില്‍ ആ പുസ്തകം സൗജന്യമായി കിട്ടും. അതില്‍ അദ്ദേഹം പ്രതിലോമകാരികളോട് സമരം പ്രഖ്യാപിക്കുന്ന ഒരു ചിത്രമുണ്ട്. ചോദ്യോത്തരമായിട്ടാണ് ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. ചോദ്യകര്‍ത്താവ് തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധിയാണ്, പ്രതിലോമകാരിയുടെ മുഖമാണ്. അത് സവര്‍ക്കറോടും ഗോദ്‌സയോടുമാണ് സംസാരിക്കുന്നത്. ഹിന്ദ് സ്വരാജ് നാവടക്കാന്‍ പറയുന്നവരുടെ കൂടെയല്ല, നാവടക്കപ്പെട്ടവരുടെ കൂടെയാണെന്ന് ഗാന്ധിജി ആവര്‍ത്തിച്ച് പറയുന്നത് ഹിന്ദ് സ്വരാജിലെ വരികള്‍ക്കിടയില്‍നിന്നും വായിച്ചെടുക്കാം.
നീണ്ടവഴി നടന്നു തീര്‍ക്കാന്‍ ജനങ്ങളോടൊപ്പം നടന്ന ഗാന്ധിജി, പക്ഷേ ഒറ്റക്കാണോ; അവരുടെ രാഷ്ട്ര സങ്കല്‍പത്തിന്‌വേണ്ടി ജനങ്ങളാകെ അദ്ദേഹത്തോടൊപ്പം നടക്കുകയായിരുന്നു. മാറിനില്‍ക്കുന്നവരെ മാടിവിളിക്കുന്ന ഇന്‍ക്ലൂസീവിനസിന്റെ ആള്‍രൂപമാണ് ഗാന്ധിജി. മാറ്റിനിര്‍ത്തപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ വെമ്പുന്ന ആ ഹൃദയം തൊടാന്‍ അദ്ദേഹത്തിന്റെ ശരീരഭാഷ ധാരാളമാണ്. അദ്ദേഹം ആരോടാണ് ശണ്ഠകൂടിയതെന്ന് വരികള്‍ക്കിടയില്‍നിന്നും വായിച്ചെടുക്കാം. പണ്ട് ഷേക്‌സ്പിയര്‍ പറഞ്ഞതുപോലെ വേല റല്ശഹ രമി രശലേ രെൃശുൗേൃല ളീൃ വശ െുൗൃുീലെ. സ്ത്യത്തില്‍ ഹിന്ദു സ്വരാജിന്റെ സന്ദേശം അതാണ്. സാത്താന്‍ വേദങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രമാണ് ഹിന്ദുസ്വരാജില്‍ ഗാന്ധിജി അനാവരണം ചെയ്യുന്നത്.
കേരളത്തില്‍ വന്നപ്പോള്‍ നാടിന്റെ ഗുരുവായ ശ്രീനാരായണഗുരുവിനെ കാണാന്‍ വര്‍ക്കലയില്‍ പോയ, ഗുരുക്കന്മാരുടെ ഗുരുവാണ് ഗാന്ധിജി. അയ്യങ്കാളിയെ കാണാന്‍ നടന്നുപോയ ആളാണ്. ഭാരതത്തില്‍ ഒരു കഥയുണ്ട്. വില്ലാളി വീരനായ, കൃതഹസ്ഥനായ ജമദഗ്നി മഹര്‍ഷി, അസ്ത്രമെയ്യാന്‍ വലിയ സ്വാധീനമുള്ള ഈ മഹര്‍ഷി സൂര്യന്‍ തപിച്ചുനില്‍ക്കുമ്പോള്‍ സൂര്യന്റെ അസാധാരണമായ പ്രഭാവം കണ്ട് ചൂട് സഹിക്കാനാവാതെ രോഷാകുലനായി അമ്പെയ്യുന്നു. അമ്പ് തീരുമ്പോള്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി സൂര്യനെ താഴെയിടാന്‍ വീണ്ടും വീണ്ടും അമ്പുകള്‍ കൊണ്ടുവന്നു. അതുപോലെ ഗാന്ധിജിയെ താഴെയിടാന്‍ കഴിയില്ല. ഗാന്ധിജി ഈ മഹാസന്ദേശത്തിന്റെ ഉജ്വലമായ സൂര്യശോഭയാണ്. സാഗരക്ഷോഭമാണ്, സാഗര ഗര്‍ജ്ജനമാണ്. അത് തലമുറകള്‍ ഏറ്റെടുക്കും. ജമദഗ്നി മഹര്‍ഷി ആവേശത്തോടെ അമ്പെയ്തു. ഈ വൃത്തികേടും നാണക്കേടും അല്‍പത്തരവും കണ്ട് സാക്ഷാല്‍ സൂര്യന്‍ മനുഷ്യവേഷത്തില്‍ വന്ന് ജമദഗ്നിക്ക് ഒരു കുടയും രണ്ട് ചെരുപ്പും കൊടുക്കുന്നു. ഇന്നത്തെ ആധുനിക ഗാന്ധി വിരോധികള്‍ക്ക് ഈ സൂര്യതേജസില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു കുടയും രണ്ട് ചെരുപ്പും വാങ്ങിക്കൊടുക്കാന്‍ ഇന്ത്യ മുന്നോട്ടുവരും.
കൊമ്പനാന മുന്നില്‍ പോകുമ്പോള്‍ അതിന്റെ ചുവട് വയ്പ് എത്ര ആവേശകരമാണ്. തൊട്ടുപിന്നാലെ കൊച്ചുകൊമ്പനുണ്ടാകും. ആ കൊച്ചുകൊമ്പനും കൊമ്പനാനയുടെ ചുവടുവയ്പ് പഠിക്കാന്‍ ശ്രമിക്കും. ഈ പുതിയ സാഹചര്യത്തില്‍ കൊമ്പനാനയുടെ ഓരോ ചുവടുവയ്പും ചെറുകൊമ്പന്മാരുടെ ചുവടുവയ്പുകളാക്കി പരിവര്‍ത്തിപ്പിക്കാന്‍ ചെറുപ്പക്കാര്‍ക്ക് അവസരം ഒരുക്കികൊടുക്കണം. യവന സംസ്‌കൃതിയില്‍ ഒരു കഥാപാത്രമുണ്ട്. യവനരാജാവായ ആക്ടിയോണ്‍, അയാള്‍ വലിയ വേട്ടക്കാരനായിരുന്നു. നിരവധി വേട്ടപ്പട്ടികളുമായി നായാട്ടിന് പോകുന്ന ആക്ടിയോണ്‍, അവസാനം സ്വന്തം വേട്ടപ്പട്ടികളാല്‍ പിച്ചിച്ചീന്തപ്പെടുന്ന ഒരു ചിത്രമുണ്ട്.
ഇത് ഗാന്ധിജിയുടെ ഇന്ത്യയാണ്. സ്വാമി വിവേകാനന്ദന്റേയും ടാഗഗോറിന്റേയും നെഹ്രുവിന്റേയും ലോഹ്യയുടേയും അംബേദ്കറുടേയും ഇന്ത്യയാണ്. ആ ഇന്ത്യയില്‍ ഗാന്ധിയന്‍-നെഹ്‌റുവിയന്‍ സംസ്‌കൃതിയെ തമസ്‌കരിക്കാനും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ ആക്ടിയോണിനെപോലെ സ്വന്തം വേട്ടപ്പട്ടികളാല്‍ പിച്ചിച്ചീന്തപ്പെടുന്ന കാലം വരും. ആ കാലത്തിന്‌വേണ്ടി ഈ രാജ്യത്തെ പ്രാപ്തമാക്കാന്‍സഹായിക്കട്ടെ.
(രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികാഘോത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)