വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെച്ച സര്‍ക്കാര്‍ നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. അതിന്റെ ഭാഗമായി യു.ഡി.എഫ് പ്രഖ്യാപിച്ച പ്രക്ഷോഭ പരമ്പരകള്‍ക്ക് ഇന്ന് രാപ്പകല്‍ സമരത്തോടെ തുടക്കം കുറിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അമിത നികുതിഭാരത്തിനെതിരെ നാടെങ്ങും പ്രതിഷേധമുയരുമ്പോഴും ജനദ്രോഹ നടപടികളില്‍നിന്ന് തെല്ലും പിറകോട്ടില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനുമുള്ളത്.
സാധാരണക്കാരെ ദുരിതക്കടലിലേക്ക് തള്ളി, പിടിവാശി തുടരുന്ന സര്‍ക്കാരിനെതിരെ ഇന്ന് നടക്കുന്ന രാപ്പകല്‍ സമരത്തിനും തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുറന്ന പിന്തുണ കിട്ടുമെന്ന് ഉറപ്പാണ്. ജനകീയ സമരങ്ങളെ വില കുറച്ചു കാണിക്കാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും. സംസ്ഥാന ബജറ്റ് അവതരണത്തോടെ തൊട്ടതൊക്കെയും പൊള്ളുന്ന സ്ഥിതിയാണുള്ളത്. നികുതി ഭാരത്തില്‍നിന്ന് ഒരു മേഖലയും ഒഴിവല്ല. വര്‍ധിപ്പിക്കുമെന്നല്ലാതെ കുറയ്ക്കുമെന്ന് അബദ്ധത്തില്‍ പോലും ബജറ്റില്‍ പറഞ്ഞിട്ടില്ല. കേന്ദ്ര, സംസ്ഥാന ബജറ്റിന് മുമ്പ് തന്നെ സംസ്ഥാനത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. നികുതി ഭാരങ്ങളോടൊപ്പം വെള്ളക്കര, വൈദ്യുതിനിരക്ക് വര്‍ധന കൂടിയാകുന്നതോടെ സാധാരണക്കാരന്റെ നടുവൊടിയും.
അതോടൊപ്പം പെട്രോളിനും ഡീസലിനും രണ്ടു രൂപ അധിക സെസ് ഏര്‍പ്പെടുത്തിയത് ഊഹിക്കാന്‍ പോലും സാധിക്കാത്ത ആഘാതമാണ് ജനജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത്. കേരളത്തെ പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളുന്നത് സര്‍ക്കാര്‍ നയമായി ഏറ്റെടുത്തതുപോലെ തോന്നുന്നു. സെസ് ഏര്‍പ്പെടുത്തുക വഴി പെട്രോള്‍, ഡീസല്‍ വില ഉയരും. അനുബന്ധമായി ചരക്കുകൂലിയും യാത്രാനിരക്കും നിത്യോപയോഗ സാധനങ്ങളുടെ വിലകളും കുതിച്ചുയരും. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് ബസുടമകള്‍ നല്‍കുന്ന മുന്നറിയിപ്പ്. സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ സെസ് അല്ലാതെ വേറെ മാര്‍ഗമില്ലെന്ന പിണറായി വിജയന്റെ ന്യായീകരണം ഏറെ വിചിത്രമാണ്. കോടികളുടെ നികുതി കുടിശിക പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ സാധാരണക്കാരന്റെ കഴുത്തിന് പിടിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം ജനുവരി വരെ മാത്രം 12923.21 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. പക്ഷെ, പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് പിരിച്ചാല്‍ കിട്ടുന്നത് 750 കോടിയാണ്.
ക്രമക്കേടുകളുടെ കൂത്തരങ്ങയായി മാറിയ സര്‍ക്കാര്‍ വകുപ്പുകള്‍ കോടികളുടെ നഷ്ടമാണ് പൊതുഖജനാവിനുണ്ടാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ നികുതി കുടിശിക 34,000 കോടി കവിയുമെന്നാണ് കണക്ക്. ഇത്രയും ഭാരിച്ച തുക പിരിച്ചെടുക്കാതെ ജനങ്ങളെ ഊറ്റിപ്പിഴിയാന്‍ നടക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ്.
വരും ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കിട്ടാവുന്നിടത്തുനിന്നൊക്കെ കടം വാങ്ങിക്കൂട്ടി വായ്പാ സ്രോതസ്സുകളെല്ലാം അടഞ്ഞിരിക്കെ പദ്ധതി വിഹിതം 35 ശതമാനം വരെ വെട്ടിക്കുറക്കേണ്ട സ്ഥിതിയിലാണ് സര്‍ക്കാരുള്ളത്. ശമ്പള, പെന്‍ഷന്‍ വിതരണം വരെ മുടങ്ങിയേക്കുമെന്ന് ധനവകുപ്പിന് ആശങ്കയുണ്ട്. ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രതിസന്ധിയിലേക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തെ തള്ളിയിരിക്കുന്നത്.
സംസ്ഥാനത്തെ ജനങ്ങള്‍ ഇപ്പോഴുള്ളത് വലിയ അഗ്നിപരീക്ഷണങ്ങളുടെ മുഖത്താണ്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില മാസങ്ങള്‍ക്കുമുമ്പ് തന്നെ കുതിച്ചുയര്‍ന്നിട്ടുണ്ട്. റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. സപ്ലൈകോയിലും ജനം കാലിച്ചാക്കുമായി കയറി ഇറങ്ങുകയാണ്. കാര്‍ഷിക, വ്യാവസായിക, നിര്‍മാണ മേഖലകള്‍ മുഴുവന്‍ സ്തംഭിച്ചിരിക്കെ വരുമാന സ്രോതസ്സുകള്‍ അടഞ്ഞുകൊണ്ടിരിക്കുന്നു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനത്തിന്റെ ചുമലിലാണ് സര്‍ക്കാര്‍ അധിക ബാധ്യതകള്‍ കയറ്റിവെച്ചിരിക്കുന്നത്. ഭാരിച്ച ജീവിതച്ചുമടുമായി ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായിരിക്കെ സര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കാന്‍ സമരമല്ലാതെ കേരളത്തിന് മുന്നില്‍ മറ്റൊരു വഴിയില്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ മുഴുവന്‍ ഒന്നിച്ച് അണിനിരക്കുന്ന സമരങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷിയാകാന്‍ പോകുന്നത്. പ്രക്ഷോഭങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കാനാണ് തുടര്‍ന്നും ഭാവമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്.