X

യുവതി കുഴഞ്ഞുവീണതോടെ കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സായി;ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അഭിനന്ദന പ്രവാഹം

കെഎസ്ആര്‍ടിസി ബസില്‍ യുവതി കുഴഞ്ഞുവീണതോടെ ബസ് അതിവേഗം പാഞ്ഞത് ആശുപത്രിയിലേക്ക്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്താണ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ കരുതലില്‍ യുവതിക്ക് ജീവന്‍ തിരികെ കിട്ടിയത്.കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ഷംജുവിന്റെയും കണ്ടക്ടര്‍ ഷിബിയുടെയും അവസരോചിതമായ ഇടപെടലിലൂടെ അവണാകുഴി വൃന്ദാ ഭവനില്‍ വൃന്ദ (26)യാണ് ജീവിതത്തിലേക്ക് തിരികെ വന്നത്.വെണ്‍പകലില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട ബസിലാണ് സംഭവം.

 

യാത്രക്കാരിയായ ജോലിക്കുപോയ ഭര്‍ത്താവ് രഞ്ജിത്തിന് അപകടമുണ്ടായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണെന്ന വിവരമറിഞ്ഞാണ് വൃന്ദ, സഹോദരി വിദ്യക്കൊപ്പം ബസില്‍ ആശുപത്രിയിലേക്കു പോയത്. ഒന്‍പതരയോടെ കരമനവെച്ചാണ് വൃന്ദ ബസില്‍ കുഴഞ്ഞുവീണത്.സഹോദരി വിദ്യയുടെ നിലവിളികേട്ടാണ് ബസിലുള്ളവര്‍ ഇതറിഞ്ഞത്. ബസില്‍ അന്‍പതോളം യാത്രക്കാരുമുണ്ടായിരുന്നു. വൃന്ദയുടെ ആരോഗ്യനില വഷളാണെന്നറിഞ്ഞ ഡ്രൈവര്‍ ഷംജു മറ്റുയാത്രക്കാരുമായി ബസ് വേഗത്തില്‍ ആശുപത്രിയിലേക്കു വിട്ടു. വനിതാ കണ്ടക്ടര്‍ ഷിബി, വൃന്ദയെ പരിചരിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലൂടെ ആംബുലന്‍സ് വേഗതയില്‍ ഷംജു ബസിന്റെ ഹെഡ്‌ലൈറ്റിട്ടും ഹോണ്‍ നിര്‍ത്താതെ മുഴക്കിയും പാഞ്ഞു.

ട്രാഫിക് പോലീസ് ഇക്കാര്യമറിഞ്ഞ് വഴിയൊരുക്കി നല്‍കി. നിമിഷനേരങ്ങള്‍ക്കകം ബസ് തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തിച്ചു. കുഴഞ്ഞുവീണ വൃന്ദയെ അത്യാഹിത വിഭാഗത്തിലാക്കി.ആശുപത്രിയിലായ വൃന്ദയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അറിഞ്ഞശേഷമാണ് മറ്റു യാത്രക്കാരെയുംകൂട്ടി ബസ് യാത്ര തുടര്‍ന്നത്.

 

Test User: